ഉണ്ടായിരുന്നത് എഗ്രിമെന്റല്ല.. സൗഹൃദം മാത്രം, ബാലയും ഉണ്ണിമുകുന്ദനും ഇതവസാനിപ്പിക്കണം; പിആര്‍ഒ പറയുന്നു
കൊച്ചി: ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ആരംഭിച്ച ഉണ്ണി മുകുന്ദന്‍- ബാല പ്രതിഫല തര്‍ക്കത്തില്‍ പ്രതികരണവുമായി മലയാള സിനിമയിലെ പി ആര്‍ ഒ പ്രതിഷ് ശേഖര്‍. വിവാദം അവസാനിപ്പിക്കുന്നതാണ് മലയാള സിനിമയ്ക്ക് നല്ലത് എന്നും ഉണ്ണിമുകുന്ദനും ബാലയും ആണ് ഇത് തീര്‍ക്കേണ്ടത് എന്നും പ്രതീഷ് ശേഖര്‍ സമയം മലയാളത്തോട് പറഞ്ഞു. ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ താന്‍ സിനിമയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത് എന്നും പ്രതീഷ് ശേഖര്‍ കൂട്ടിച്ചേര്‍ത്തു.
ബാല മാധ്യമങ്ങള്‍ക്കു മുമ്പിലിരുന്നുകൊണ്ട് ചിത്രത്തിന്റെ ടെക്‌നീഷ്യന്മാരെ ഫോണില്‍ വിളിച്ചു സംസാരിച്ചത് ശരിയായ കാര്യമായി തോന്നുന്നില്ല എന്നും പ്രതീഷ് ശേഖര്‍ പറയുന്നു. ബാല തനിക്ക് സഹോദര തുല്യനാണ് എന്നും ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ബാല തന്നെ വിളിക്കുന്നത് എന്നും പ്രതീഷ് ശേഖര്‍ വ്യക്തമാക്കി.

പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്നു പറഞ്ഞപ്പോള്‍ ബാലയുടെ വീട്ടില്‍വെച്ച് അഭിമുഖം നടത്തുന്നതിനു മാധ്യമങ്ങളെ ചുമതലപ്പെടുത്തി. അന്ന് താന്‍ ബാലയുടെ വീട്ടിലെത്തുമ്പോള്‍ സംവിധായകന്‍ അനൂപ് പന്തളവും അവിടെയുണ്ടായിരുന്നു എന്നും അനൂപുമായി സംസാരിച്ചപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് ചില പിണക്കങ്ങളുണ്ടെന്നു സൂചിപ്പിച്ചിരുന്നു എന്നും പ്രതീഷ് ശേഖര്‍ പറയുന്നു.

അതിന് രണ്ടാഴ്ച ശേഷമാണ് ബാല - ഉണ്ണി മുകുന്ദന്‍ വിഷയം താനും അറിയുന്നത് എന്നും ആ വിഷയത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലയുടെയും ഉണ്ണിയുടെ കൈവശം എഗ്രിമെന്റുണ്ടായിരുന്നില്ല പകരം അവരുടെ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പ്രതീഷ് ശേഖര്‍ ചൂണ്ടിക്കാട്ടി. ബാല തനിക്ക് ഇനി പ്രതിഫലം വേണ്ടെന്നും ടെക്നിഷ്യന്‍സിനു പ്രതിഫലം കൊടുക്കണമെന്നുമാണ് പറയുന്നത്.

സംഭവം വിവാദമായപ്പോള്‍ ചിത്രത്തിലുണ്ടായിരുന്ന ടെക്നിഷ്യന്‍സും ആര്‍ട്ടിസ്റ്റുകളുമൊക്കെ പ്രതിഫലം കിട്ടിയെന്ന് തുറന്നു പറഞ്ഞു. അപ്പോള്‍ പിന്നെ എന്തിന്റെ പേരിലാണ് ഈ വിവാദങ്ങള്‍ എന്നും പ്രതീഷ് ശേഖര്‍ ചോദിക്കുന്നു. ഈ വിഷയത്തില്‍ ചില രാഷ്ട്രീയ മാനങ്ങള്‍ പോലും പുറത്തുള്ളവര്‍ നല്‍കുന്നു എന്നും അത് ശരിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി. അനൂപ് പന്തളം സംവിധാനം ചെയ്ത് നടന്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഷെഫീഖിന്റെ സന്തോഷം.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ ആണ് മിക്ക അഭിനേതാക്കള്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെ എന്ന ആരോപണവുമായി സിനിമയില്‍ പ്രധാന വേഷം ചെയ്ത നടന്‍ ബാല രംഗത്തെത്തിയത്. സിനിമയില്‍ അഭിനയിച്ച 24 പേര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാന്‍ ഉണ്ണി മുകുന്ദന്‍ തയ്യാറായില്ല എന്നാണ് ബാല ആരോപിച്ചത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയോട് ഇക്കാര്യത്തില്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബാല പറഞ്ഞിരുന്നു.












Click it and Unblock the Notifications