രാജ്യസഭാ സീറ്റ്; എൽഡിഎഫിലെ രണ്ടാമനാരെന്ന് തെളിയിക്കാനോ? കടുപ്പിച്ച് സിപിഐയും കേരള കോൺഗ്രസും
തിരുവനന്തപുരം: വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ച് രണ്ട് പ്രമുഖ പാർട്ടികൾ തന്നെ രംഗത്ത് വന്നതോടെ ഇടതുമുന്നണിയിൽ ആശങ്ക. സിപിഐയും കേരള കോൺഗ്രസും തങ്ങൾക്ക് സീറ്റ് വേണമെന്ന നിലപാട് കടുപ്പിക്കുന്നതോടെ പ്രതിസന്ധിയിലാവുന്നത് സിപിഎമ്മാണ്. സീറ്റ് മറ്റാർക്കും വിട്ട് കൊടുക്കില്ലെന്നാണ് സിപിഎം അറിയിച്ചിരുക്കുന്നത്.
എന്നാൽ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നാണ് അറിയിക്കുന്നത്. സീറ്റ് വേണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമേ എൽഡിഎഫിന് ജയസാധ്യത ഉള്ളൂ എന്നിരിക്കെ ഇരു പാർട്ടികളുടെയും ആവശ്യം എങ്ങനെയാവും സിപിഎം നിറവേറ്റുക എന്നാണ് എല്ലവരും ഉറ്റുനോക്കുന്നത്.

എന്നാൽ മുന്നണിയിൽ ഇതുവരെ ഇത്തരമൊരു ആവശ്യം ഉയർന്നിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്. പക്ഷേ കേരള കോൺഗ്രസ് സീറ്റിന് അവകാശം ഉന്നയിക്കുമെന്ന് ഉറപ്പായതോടെ സിപിഐയും നിലപാട് കടുപ്പിക്കുകയാണ്. രാജ്യസഭ സീറ്റിന് അപ്പുറം സിപിഐക്ക് മുന്നണിയിലെ രണ്ടാമൻ എന്ന പദവി ഉറപ്പിക്കാനുള്ള സന്ദർഭം കൂടിയാണിത്.
ഈ സാഹചര്യത്തിൽ അവർ വിട്ടുകൊടുക്കാൻ ഇടയില്ല. കേരള കോൺഗ്രസ് എം മുന്നണിയിൽ വരുന്നതിനോട് ആദ്യം മുതൽ തന്നെ യോജിപ്പില്ലാതിരുന്ന കക്ഷി ആയിരുന്നു സിപിഐ. അന്ന് തന്നെ സീറ്റ് വിഭജനത്തിൽ ഉൾപ്പെടെ പലപ്പോഴായി സിപിഐ തടസം നിന്നിരുന്നു. തങ്ങളുടെ രണ്ടാം സ്ഥാനം നഷ്‌ടമാവുമെന്ന ഭയമാണ് സിപിഐക്ക് എന്നായിരുന്നു ചിലരുടെ അഭിപ്രായം.
ബിനോയ് വിശ്വം, ജോസ് കെ.മാണി, എളമരം കരീം എന്നിവരുടെ കാലാവധി ജൂലൈ 1ന് അവസാനിക്കാനിരിക്കെയാണ് പുതിയ മത്സരാർത്ഥികൾക്ക് വേണ്ടിയും സീറ്റിന് വേണ്ടിയും ഒക്കെയുള്ള ചരടുവലികൾ പാർട്ടികൾ സജീവമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു സീറ്റിൽ സിപിഎം മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്.
രാജ്യസഭാ അംഗത്വവുമായി മുന്നണിയിൽ എത്തിയ തങ്ങൾക്ക് ഈ സീറ്റ് കിട്ടിയേ തീരൂ എന്നാണ് ജോസ് കെ മാണി വിഭാഗം ആവർത്തിക്കുന്നത്. 2018ൽ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചു ജയിച്ച സീറ്റ് 2021ൽ എൽഡിഎഫ് പ്രവേശന വേളയിൽ അദ്ദേഹം രാജിവച്ചിരുന്നു. ഇതിന് പിന്നാലെ അതേ സീറ്റിൽ എൽഡിഎഫ് പിന്തുണയോടെ ജയിക്കുകയും ചെയ്‌തു. ഈ തർക്കം സിപിഎം എങ്ങനെ പരിഹരിക്കുമെന്നതാണ് പ്രാധാന്യം. പ്രത്യേകിച്ച് അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് ഉൾപ്പെടെ നടക്കാനുള്ള സാഹചര്യത്തിൽ.












Click it and Unblock the Notifications