സഭയിൽ ബഹളം; സ്‌പീക്കർക്ക് എതിരെ വിഡി സതീശൻ, പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന് തിരിച്ചടിച്ച് പിണറായി
തിരുവനന്തപുരം: സ്‌പീക്കറുടെ പേരിൽ സഭയിൽ പരസ്‌പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗം നടത്തുന്നതിനിടെയായിരുന്നു പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇതോടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്‌തു. സ്‌പീക്കറുടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം രംഗത്ത് വന്നത്. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കുകൾ കൊണ്ട് കൊമ്പ് കോർക്കുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ 45 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതാണ് വിഡി സതീശൻ ഉന്നയിച്ചത്. സംസ്ഥാന, രാജ്യ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ചോദ്യങ്ങൾ പോലും അപ്രധാനമാക്കി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിന് പിന്നാലെ അവർ ചോദ്യോത്തര വേള ബഹിഷ്ക്കരിക്കുകയായിരുന്നു.

തുടർന്ന് സഭയുടെ നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തി കാട്ടുകയും ചെയ്‌തു. എന്നാൽ ഈ സമയവും മുഖ്യമന്തി പ്രസംഗം തുടരുകയായിരുന്നു. പ്രതിപക്ഷ നേതാവ് സ്‌പീക്കറെ ഇതിനിടെ വിമർശിക്കുകയും ചെയ്‌തു. സ്‌പീക്കറുടേത് അപക്വമായ നിലപാടാണെന്നും സ്‌പീക്കർ പദവിക്ക് അപമാനമാണെന്നും കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതിനിടെ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്‌ച ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ഉന്നയിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട മലപ്പുറം വിവാദവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി. എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ഒന്നും തന്നെ സഭാ ടിവിയിൽ കാണിച്ചിരുന്നില്ല.
സ്‌പീക്കറുടെ ഡയസിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിക്കുകയുണ്ടായി. സ്‌പീക്കർക്കെതിരെ ഇത്തരം പ്രതിഷേധം ശരിയാണോ എന്ന് പ്രതിപക്ഷം ചിന്തിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ചരിത്രത്തിൽ ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള അധിക്ഷേപ വാക്കുകളാണ് സ്‌പീക്കറെ കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ തന്റെ പദവിക്ക് യോജിക്കാത്ത പ്രവർത്തിയാണ് സ്‌പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. സ്‌പീക്കർ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിച്ചുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. അതേസമയം, ഏഴ് ദിവസത്തെ സഭാ സമ്മേളനമാണ് ഇന്ന് മുതൽ ആരംഭിച്ചത്. എഡിജിപി വിവാദം, മലപ്പുറത്തെ കുറിച്ചുള്ള വിവാദ അഭിമുഖം, പിവി അൻവറിന്റെ ആരോപണങ്ങൾ എന്നിങ്ങനെ പ്രധാനമായ ഒട്ടേറെ വിഷയങ്ങൾ സഭയുടെ പരിഗണനയിൽ വന്നേക്കും.












Click it and Unblock the Notifications