'വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് എതിരെ കർശന നടപടി വേണം, തോമസ് അതിന്റെ ഇര'; വി മുരളീധരൻ
തിരുവനന്തപുരം: ജോർദാനിൽ വെടിയേറ്റ് മരിച്ച മലയാളി തോമസ് ഗബ്രിയേലിന്റെ വസതി സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. തോമസ് വ്യാജ ഏജൻസിയുടെ ഇരയാണെന്നും ഇത്തരത്തിൽ വിദേശത്തേക്ക് പോവുന്നവർ നിർബന്ധമായും ഏജൻസികൾ നിയമപരമാണെന്നും കേന്ദ്ര സർക്കാരിൽ രജിസ്‌റ്റർ ചെയ്‌തവ ആണെന്ന് ഉറപ്പ് വരുത്തണമെന്നും വി മുരളീധരൻ വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
വിദേശത്ത് ജോലിക്ക് വേണ്ടി ആളുകളെ തിരഞ്ഞെടുക്കാൻ അധികാരമുള്ള ഏജൻസികൾ, കേന്ദ്ര സർക്കാരിന്റെ വിദേശകാര്യ വകുപ്പിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളവ മാത്രമാണ്. രജിസ്‌റ്റർ ചെയ്‌തിട്ടില്ലാത്ത ആളുകളാണ് ഇത്തരത്തിൽ ആളുകളുടെ ഇടയിൽ നിന്ന് പണം വാങ്ങി, അവർക്ക് വിസ സംഘടിപ്പിച്ചു കൊടുക്കും എന്നുള്ള വാഗ്‌ദാനം നൽകി അവസാനം ഈ ആളുകൾ ആശ്രയമില്ലാതെ ഇത്തരം സാഹചര്യങ്ങളിൽപെടുന്നു; മുരളീധരൻ പറഞ്ഞു.

രണ്ട് കാര്യങ്ങളാണ് ഇതിൽ ശ്രദ്ധിക്കാനുള്ളത്. ഇത്തരം ജോലി വാഗ്‌ദാനങ്ങളുമായി ഏജൻസികൾ സമീപിക്കുമ്പോൾ ഇത്തരം ഏജൻസികൾ കേന്ദ്ര സർക്കാരിൽ രജിസ്‌റ്റർ ചെയ്‌തവ ആണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് രജിസ്‌ട്രേഷൻ ഇല്ലാത്തവയ്ക്ക് എതിരെ, വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾക്ക് എതിരെ കർശന നടപടി ഉണ്ടാവണം; അദ്ദേഹം ആവശ്യപ്പെട്ടു.
ദൗർഭാഗ്യവശാൽ അത്തരം നിയമനടപടികൾ വേണ്ടത്ര കർശനമായി നടപ്പാക്കാത്തതാണ് കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും തൊഴിൽ അന്വേഷകർ വഞ്ചിക്കപ്പെടുന്നതിന്റെ കാരണം. കേന്ദ്ര സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മുന്നിൽ ഇത്തരം സംഭവങ്ങൾ എത്തുമ്പോൾ കേന്ദ്രം നിയമനടപടിക്കായി ഈ വിവരങ്ങൾ കൈമാറാറുണ്ട്. പക്ഷേ ചുരുക്കം കേസുകളിലേ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവാറുള്ളൂ.
കർശന നടപടികൾ എടുത്താൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധിക്കൂ. തീരദേശ മേഖല മാത്രമല്ല, കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നിന്ന് ചിലർ എന്നെ കാണാൻ വന്നിരുന്നു. അവർക്ക് ലണ്ടനിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഏജൻസികൾക്ക് എതിരെ കർശന നടപടികൾ എടുത്താലേ ഇതിനൊരു അന്തിമ പരിഹാരം ആവുകയുള്ളൂ; മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, ജോര്‍ദാന്‍ അതിര്‍ത്തിയില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പുലർച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയായിരുന്നു. അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി ജിആർ അനിൽ ഉൾപ്പെടെ നിരവധി പേർ വീട്ടിലെത്തി.
ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് ജോർദാൻ-ഇസ്രയേൽ അതിർത്തിയിൽ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേൽ കൊല്ലപ്പെട്ടത്. ജോര്‍ദാനിൽനിന്നും ഇസ്രയേലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ്‍ പരിക്കേറ്റ നിലയില്‍ നാട്ടിലെത്തിയതോടെയാണ് തോമസിന്റെ മരണവാർത്ത പുറംലോകം അറിഞ്ഞത്.
തുമ്പ മേനംകുളം സ്വദേശിയായ തോമസ് ഗബ്രിയേൽ പെരേര ഓട്ടോ ഡ്രൈവറായിരുന്നു. മൂന്നുമാസത്തെ സന്ദര്‍ശക വിസയിലാണ് തോമസും ബന്ധു എഡിസണും ജോര്‍ദാനില്‍ എത്തിയത്. ഇവിടെ വൻ തുക മാസ ശമ്പളമുള്ള ജോലിയാണ് ഇവർക്ക് വാഗ്‌ദാനം ചെയ്‌തത്. എന്നാൽ ഇത് ലഭിക്കാതായതോടെ ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ.












Click it and Unblock the Notifications