'കുടിയൊഴിപ്പിച്ചവരെ കാണാനാണ് റഹീം പോയത്, അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ല'; വി ശിവൻകുട്ടി
തിരുവനന്തപുരം: ഇംഗ്ലീഷ് അഭിമുഖ വിവാദത്തിൽ സിപിഎം എംപി എഎ റഹീമിനെ ന്യായീകരിച്ചും അദ്ദേഹത്തിനെ പിന്തുണച്ചും മന്ത്രി വി ശിവൻകുട്ടി രംഗത്ത്. റഹീമിനെതിരെ സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്തൊക്കെ തോന്ന്യവാസമാണ് നടക്കുന്നതെന്നും സൈബർ ആക്രമണം നടത്തുന്നവർ സ്വയം കരുതുന്നത് ലോക പണ്ഡിതർ എന്നാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോ. റഹീമിന് അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സൈബർ ആക്രമണം നടത്തുന്നവർക്ക് അസൂയയും കുശുമ്പുമാണ്. കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്. അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാൻ അല്ലല്ലോയെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.

എംപിയെന്ന നിലയിലുള്ള റഹീമിന്റെ പ്രവർത്തനം മാത്രം നോക്കിയാൽ മതി. ഒരു പണിയും ഇല്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നത്. അത് താൻ ഗൗണിക്കാറില്ല. മുമ്പ് ഇഎംഎസിനെ കളിയാക്കുമായിരുന്നു. അത്ര ദുഷ്‌ടൻമാരാണ്. എംഎൽഎ ഓഫീസ് തർക്കവുമായി ബന്ധപ്പെട്ട് ശബരീനാഥന്റെ പോസ്‌റ്റിൽ ന്യായവും നീതിയുമില്ല. തെറ്റായ ധാരണയിൽ ബഹളം ഉണ്ടാക്കുകയാണ്. ശ്രീലേഖയ്ക്ക് കാര്യം ബോധ്യപ്പെട്ടു; ശിവൻകുട്ടി പറയുന്നു.
സ്വർണക്കൊള്ള കേസിൽ എസ്ഐടി എല്ലാ കഴിവും ഉപയോഗിച്ച് അന്വേഷണം നടത്തട്ടെ. കുറ്റക്കാർക്ക് ശിക്ഷ കിട്ടണം എന്നാണ് സർക്കാർ നിലപാട്. സുതാര്യ അന്വേഷണം വേണമെന്നാണ് സർക്കാർ നിലപാട്. ചിത്രങ്ങൾ പുറത്ത് വന്നതോടെ വെല്ലുവിളിച്ചവരുടെ ശബ്‌ദം കുറഞ്ഞു. സോണിയ ഗാന്ധിയുടെ അടുത്തു പോറ്റിയെ കൊണ്ടുപോയത് ആരാണ്? എന്തിനാണ് കൊണ്ടുപോയത്? അദ്ദേഹം ചോദിച്ചു.
നിരന്തം അങ്ങനെ കൊണ്ടുപോകുമ്പോൾ മറ്റെന്തെങ്കിലും ഇടപാട് ഉണ്ടോ എന്ന് ജനം സംശയിക്കും. മറ്റത്തൂർ തിയറി കേരളമാകെ നടപ്പാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിനോടുള്ള ജനത്തിന്റെ വിശ്വാസം നഷ്‌ടമാവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം എന്ത് വിശ്വസിച്ച് കോൺഗ്രസിന് വോട്ട് ചെയ്യും. ന്യൂനപക്ഷം ജാഗ്രതയോടെ വിഷയത്തെ കാണണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, ബെംഗളൂരു യെലഹങ്കയിൽ കർണാടക സർക്കാർ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചുനിരത്തിയതിന് പിന്നാലെ വീട് നഷ്‌ടപ്പെട്ടവരെ സന്ദർശിക്കുന്ന വേളയിൽ എഎ റഹീം എംപി ഒരു മാധ്യമവുമായി സംസാരിക്കുന്നതിനിടെയാണ് വിവാദത്തിന് ആധാരമായ സംഭവം നടന്നത്. ഇംഗ്ലീഷ് മാധ്യമത്തിന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിൽ റഹീം തപ്പി തടഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സംഭവത്തിൽ വിശദീകരണവുമായി റഹീം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ നേർ കാഴ്‌ചകൾ തേടിയാണ് അവിടേയ്ക്ക് ചെന്നതെന്ന് പറഞ്ഞ റഹീം ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂവെന്നും അവരുടെ ശബ്‌ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications