Get Updates
Get notified of breaking news, exclusive insights, and must-see stories!

'പത്മവിഭൂഷണിൽ പാർട്ടി നിലപാടിനൊപ്പം'; ജനഹൃദയങ്ങളിൽ ലഭിച്ച സ്ഥാനമാണ് പുരസ്‌കാരത്തേക്കാൾ വലുതെന്ന് അരുൺ കുമാർ

വിഎസ് അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിലപാട് വ്യക്തമാക്കി മകൻ അരുൺകുമാർ. ഇക്കാര്യത്തിൽ പാർട്ടി നിലപാടിനൊപ്പമാണ് വിഎസിന്റെ കുടുംബമെന്നാണ് വിഎ അരുൺകുമാർ അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പുരസ്‌കാരം സംബന്ധിച്ച കത്ത് തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അരുൺകുമാർ പ്രതികരിച്ചത്.

ഇതോടെ അന്തിമ തീരുമാനം പാർട്ടിയുടേതായി. വിഎസിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണെന്നും ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നുവെന്നും മകൻ അരുൺകുമാർ വ്യക്തമാക്കി. എങ്കിലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്‌ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്ന് അരുൺ ചൂണ്ടിക്കാട്ടി.

VS Achuthanandan

അതുകൊണ്ട് തന്നെ പിതാവിന്റെ ആശയങ്ങൾക്ക് അനുസൃതമായി തന്നെ കുടുംബം നീങ്ങുമെന്നും ഇക്കാര്യത്തിൽ പാർട്ടി നിലപാടിന് ഒപ്പമാണെന്നും അരുൺ പറയുന്നു. വിഎസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അരുൺകുമാർ പോസ്‌റ്റിൽ കുറിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും വന്ന കത്ത് ഉൾപ്പെടെ പോസ്‌റ്റിനൊപ്പം ചേർത്തിട്ടുണ്ട്. നേരത്തെ പത്മവിഭൂഷൺ വിഎസ് അച്യുതാനന്ദന് ലഭിച്ചത് വലിയ ചർച്ചകൾക്ക് വിധേയമായിരുന്നു. സംഘപരിവാർ സർക്കാർ നൽകുന്ന പുരസ്‌കാരം വിഎസ് ജീവിച്ചിരുന്നെങ്കിൽ നിഷേധിച്ചേനെ എന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ വിഎസിന്റെ കുടുംബമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു സിപിഎം വിലയിരുത്തൽ.

ഇതിന് പിന്നാലെയാണ് വിഷയത്തിൽ പാർട്ടിയുടെ നിലപാടിന് ഒപ്പമാണ് കുടുംബമെന്ന് വ്യക്തമാക്കി കൊണ്ട് വിഎസിന്റെ മകൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്. പത്മ പോലെയുള്ള പുരസ്‌കാരങ്ങള്‍ ഭരണകൂട ബഹുമതികള്‍ ആണെന്നും അത് സ്വീകരിക്കേണ്ട എന്നുമാണ് സിപിഎം നിലപാട്. ഈ സാഹചര്യത്തിൽ വിഎസിന്റെ കുടുംബം പുരസ്‌കാരം സ്വീകരിക്കാൻ സാധ്യത കുറവാണ്.

വിഎ അരുൺകുമാറിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ 'പത്മവിഭൂഷൺ' അന്തരിച്ച എന്റെ പിതാവ് വിഎസ് അച്യുതാനന്ദന് നൽകാൻ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്‌ ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.

ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വിഎസിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണ്. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.

എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്‌ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്‌റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം.

വിഎസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്‌പുകൾക്ക് നന്ദി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+