സംസ്ഥാനത്ത് വീണ്ടും വാക്സിന്‍ ക്ഷാമം: 6 ജില്ലകളില്‍ കോവിഷീല്‍ഡ് സ്റ്റോക്ക് തീര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാക്സിന്‍ ക്ഷാമം രൂക്ഷമാവുന്നു. ആറു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്സിന്‍ പൂര്‍ണ്ണമായി തീര്‍ന്നുവെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് സ്റ്റോക്ക് പൂര്‍ണ്ണമായും തീര്‍ന്നത്. കുത്തിവെപ്പിനായി ആളുകള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത് കോവിഷീല്‍ഡ് വാക്സിനാണ്. ആദ്യ ഘട്ടത്തില്‍ വ്യാപകമായി കുത്തിവെച്ചതും ഈ വാക്സിന്‍ ആയതിനാല്‍ രണ്ടാം ഡോസ് എടുക്കേണ്ടവരും ഇതോടെ ആശങ്കയിലായി.
കൂടുതല്‍ വായനക്ക്:- മുസ്ലിം വിഭാഗങ്ങളെ കൂടുതലായി പാര്‍ട്ടിയോട് അടുപ്പിക്കണം; സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്
കൊവാക്സിന്റെ കാര്യത്തിലും ക്ഷാമം രൂക്ഷമാണ്. കുറഞ്ഞ തോതില്‍ കൊവാക്സിന്‍ മാത്രമാണ് എല്ലാ ജില്ലയിലും സ്റ്റോക്കുള്ളത്. സംസ്ഥാനത്ത് തന്നെ ആകെ 1.4 ലക്ഷം ഡോസ് വാക്സിന്‍ മാത്രമാണ് സ്റ്റോക്ക് ഉള്ളതെന്നും ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൂന്നാഴ്ച മുന്‍പും സമാനമായ രീതിയില്‍ സംസ്ഥാന വാക്സിന്‍ ക്ഷാമം നേരിട്ടിരുന്നു. അന്ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി കൂടുതല്‍ ഡോസ് വാക്സിന്‍ കേരളത്തിന് അനുവദിച്ചതോടെയായിരുന്നു പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടത്.

സമാനമായ രീതിയില്‍ ഇത്തവണയും കൂടുതൽ വാക്സിനുകൾ സംസ്ഥാനത്ത് എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനത്ത് എപ്പോള്‍ വാക്സിന്‍ എത്തിക്കുമെന്നത് സംബന്ധിച്ച് അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വ്യക്ത വരുത്തിയില്ല. അതേസമയം, 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് ( 2,15,27,035 ) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി മന്ത്രി വീണ ജോര്‍ജ് ഇന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് ( 79,60,935 ) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനം നടത്തിയ ഊര്‍ജിത ശ്രമങ്ങളാണ് ഇത്ര വേഗം ഈ ലക്ഷ്യം കൈവരിക്കാനായത്. ആഗസ്റ്റ് മാസത്തില്‍ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ നല്‍കാനായെന്നും വീണ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു












Click it and Unblock the Notifications