രണ്ടാം വന്ദേ ഭാരതിൽ കയറിയ യാത്രക്കാരിൽ കൂടുതൽ കണ്ണൂരിൽ നിന്ന്; ആകെ സീറ്റ് 960
കണ്ണൂർ: രണ്ടാം വന്ദേ ഭാരതിനും കേരളത്തിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. ആദ്യ യാത്രയിൽ വൻ വരവേൽപ്പാണ് വന്ദേ ഭാരതിന് കേരളം നൽകിയത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഉള്ള ആദ്യ യാത്രയിൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു.
കണ്ണൂരിൽ നിന്ന് 309 യാത്രക്കാരും കോഴിക്കോട് നിന്ന് 190 ആളുകളും തിരൂരിൽ നിന്ന് 31 യാത്രക്കാരും ആണ് ഉണ്ടായിരുന്നത്. ട്രെയിനിൽ ആകെ 960 സീറ്റുകളാണ് ഉള്ളത്. ഇപ്പോൾ തന്നെ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്. ഇനി ഒക്ടോബർ 4 ന് ആണ് ഇനി തിരുവനന്തപുരം ഭാഗത്തേക്ക് ടിക്കറ്റുള്ളത്. മറ്റ് ദിവസങ്ങൾ തത്കാൽ ടിക്കറ്റ് ലഭ്യമാണ്.

ആദ്യ ദിവസം വന്ദേ ഭാരതിന്റെ സർവീസിൽ 120 % ഒക്യുപ്പൻസി ആണ് ഉണ്ടായതെന്നാണ് കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം കാസർഗോഡ് ഇറങ്ങാൻ 74 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അതേസമയം രാവിലെ പുറപ്പെടുന്ന സമയം കുറച്ച് നേരത്തെ ആക്കണമെന്നാണ് വടക്കൻ മലബാറിലെ യാത്രക്കാർക്ക്. പുലർച്ചെ കാസർകോട് നിന്ന് പുറപ്പെട്ടാൽ എറണാകുളത്ത് രാവിലെ നേരത്തെ എത്താൻ കഴിയും.
കഴിഞ്ഞ ദിവസത്തെ യാത്ര എ ഡി ആർ എമ്മും ട്രെയിനിലുണ്ടായിരുന്നു. ട്രെയിനിലെ ഭക്ഷണത്തിന്റെ കരാർ ഇത്തവണ നേടിയത് തൃശൂർ ആസ്ഥാനമായ കേറ്ററിങ് ഗ്രൂപ്പാണ്. രാവിലെ ഏഴിന് ആണ് കാസർകോട്ടുനിന്ന് പുറപ്പെടുന്നത്. ട്രെയിൻ 3.05ന് തിരുവനന്തപുരത്ത് എത്തും.
മടക്കയാത്ര വൈകിട്ട് 4.05ന് ആണ്. രാത്രി 11.58ന് കാസർകോട്ട് എത്തുന്നത്. രണ്ടാം വന്ദേ ഭാരതിന് മലപ്പുറം തിരൂരിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. കാസർകോട്ട് നിന്നുള്ള ട്രെയിനിന്റെ നമ്പർ 20631 ആണ്, തിരുവനന്തപുരത്ത് നിന്നുള്ളതിന് 20632 ആണ്.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്രയ്ക്ക് എ സി ചെയർ കാറിൽ 1,555 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിന് 2835 രൂപയുമാണ് വരുന്നത്. അതേസമയം, നിലവിലെ സർവ്വീസിൽ നിന്ന് ചെറിയ നിരക്ക് വർദ്ധനവ് പുതിയ സർവ്വീസിന് ഉണ്ട്. നേരത്തെ ഉള്ള വന്ദേ ഭാരത് എക്സ്പ്രസിന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് എ സി ചെയർ കാറിന് 1590 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2880 രൂപയാണ് ഈടാക്കുന്നത്.












Click it and Unblock the Notifications