ലണ്ടനിലെ പ്രസംഗം: രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ബിജെപി നേതാവിന്റെ ഹർജി കോടതി തളളി

ദില്ലി: ലണ്ടനില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തളളി കോടതി. വാരണാസി കോടതിയാണ് ബിജെപി നേതാവിന്റെ ആവശ്യം നിരസിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേബ്രിംഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് എതിരെയാണ് പരാതി. ബിജെപി നേതാവും അഭിഭാഷകനുമായ ശശാങ്ക് ശേഖര്‍ ത്രിപാഠിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്.
രാഹുല്‍ ഗാന്ധി കേംബ്രിഡ്ജില്‍ നടത്തിയ പ്രസംഗം രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നിരക്കാത്തത് ആണെന്നും വിഭജന സ്വഭാവം ഉളളതാണ് എന്നുമാണ് ശശാങ്ക് ത്രിപാഠി ഹര്‍ജിയില്‍ ആരോപിച്ചത്. രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി. മാത്രമല്ല ആര്‍എസ്എസിനെ തീവ്രവാദ സംഘടനയുമായി താരതമ്യം ചെയ്തു. മുംസ്ലീം ബ്രദര്‍ഹുഡുമായാണ് ആര്‍എസ്എസിനെ രാഹുല്‍ താരതമ്യം ചെയ്തത്. ഇത് പത്ത് കോടിയോളം വരുന്ന സ്വയംസേവകരെ വ്രണപ്പെടുത്തുന്നതാണ് എന്നും ഹര്‍ജിയില്‍ പറയുന്നു.
മാത്രമല്ല രാഹുല്‍ ഗാന്ധി നടത്തിയത് വിദ്വേഷ പ്രസംഗം ആണെന്നും രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുളളതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം എന്നും ശശാങ്ക് ത്രിപാഠിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ ലംഘിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ഉജ്ജ്വല്‍ ഉപാധ്യായ് വ്യക്തമാക്കി.
ലണ്ടനിലെ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണം എന്നും ആവശ്യപ്പെട്ട് ബിജെപി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം മാപ്പ് പറയാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. താന്‍ ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയിലാണ് എന്ന് രാഹുല്‍ ഗാന്ധി ലണ്ടനില്‍ പ്രസംഗിച്ചതാണ് വിവാദമായത്.












Click it and Unblock the Notifications