ജനകീയ നേതാവ്, ഇടത് കോട്ടകളിൽ വരെ വോട്ടിടിവ്; ടീച്ചർക്ക് തിരിച്ചടിയായത് വർഗീയ പ്രചാരണമോ?
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും കൂടുതൽ സ്ഥാനാർത്ഥി ചർച്ചകൾ നടന്നതും ഒടുവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും ശക്തമായ പോരാട്ടം നടക്കുമെന്നും പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ ഒന്നായിരുന്നു വടകര. വോട്ടെണ്ണൽ അവസാന നിമിഷം എത്തിയതോടെ വടകരയുടെ ട്രെൻഡ് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു.
പാലക്കാട് നിയമസഭാ സീറ്റ് വിട്ട് വടകരയിലേക്ക് ചേക്കേറിയ ഷാഫി പറമ്പിൽ ഒരു ലക്ഷത്തിൽ അധികം വോട്ടുകൾക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ച വടകരയിൽ പക്ഷേ പേരിന് പോലും ഷാഫി പറമ്പിലിന് വെല്ലുവിളി ഉയർത്താൻ കെകെ ശൈലജ എന്ന നേതാവിന് കഴിഞ്ഞില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പ്രധാന പാഠം.

ടീച്ചറുടെ വരവും ഷാഫിയുടെ വന്നിറങ്ങലും
സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ തന്നെ ആദ്യഘട്ടത്തിൽ വടകരയിൽ ശൈലജ ടീച്ചറുടെ പേര് ഉയർന്നുവന്നിരുന്നു. അപ്പോൾ തന്നെ പല ഇടത് കേന്ദ്രങ്ങളും അത് ഉറപ്പിക്കുകയും ചെയ്‌തു. മുൻപ് പി ജയരാജനെയും എഎൻ ഷംസീറിനെയും ഒക്കെ ഇറക്കി സിപിഎം പയറ്റി പരാജയപ്പെട്ട തന്ത്രമെന്ന് പുറമേ നിന്ന് തോന്നാമെങ്കിലും ശൈലജ ടീച്ചറെ സിപിഎം വടകര അവരോധിച്ചത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു.
കഴിഞ്ഞ മൂന്ന് തവണയായി സിപിഎമ്മിൽ നിന്ന് അകന്നു നിൽക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാൻ പൊതുസമ്മതയായ ഒരു നേതാവിനെ ഇറക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കൂടാതെ നിപ ബാധ ഏറ്റവും കൂടുതൽ പരിഭ്രാന്തി സൃഷ്‌ടിച്ച പേരാമ്പ്ര ഉൾപ്പെടുന്ന വടകര മണ്ഡലത്തിൽ ശൈലജ ടീച്ചർക്കുള്ള സ്വാധീനവും മുഖ്യ ഘടകമായി.
ഷാഫിയുടെ കാര്യം നേരെ മറിച്ചായിരുന്നു. കെ മുരളീധരനെ അവസാന നിമിഷം തൃശൂരിലേക്ക് പറിച്ചു നട്ടപ്പോൾ ആണ് പാലക്കാട് വിട്ട് വടകരയിലേക്ക് മത്സരിക്കാൻ ഷാഫിയെ കോൺഗ്രസ് എത്തിക്കുന്നത്. ടി സിദ്ദിഖ്, ഷാഫി എന്നിവരായിരുന്നു പരിഗണനയിൽ. എന്നാൽ ജനസമ്മതിയും പ്രായവും ഷാഫിക്ക് അനുകൂല ഘടകമായി. അങ്ങനെയാണ് ഇരുവരും മണ്ഡലത്തിലേക്ക് എത്തുന്നത്.
ഇടത് ക്യാംപിന് പാളിയ പ്രചാരണങ്ങൾ
ഒരുപക്ഷേ സാധാരണ ഗതിയിൽ ശൈലജ ടീച്ചർക്ക് അനുകൂലമാവേണ്ട ഘടകങ്ങൾ പോലും തിരിച്ചടിച്ച ഫലമാണ് ഇക്കുറി വടകരയിൽ ഉണ്ടായത്. അതിന്റെ മുഖ്യ കാരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണി പുലർത്തിയ അലംഭാവമാണ്. പ്രധാനമായും വോട്ടെടുപ്പിന് അടുത്ത നാളുകളിൽ ഉയർന്നുവന്ന വിവാദങ്ങൾ തന്നെ ഉദാഹരണം.
ഷാഫിയെ വർഗീയ വാദിയായി ചിത്രീകരിക്കാനും വ്യാജ പോസ്‌റ്റുകൾ പങ്കുവയ്ക്കാനും ഇടത് കേന്ദ്രങ്ങൾ മത്സരിച്ചപ്പോൾ ശരിക്കും അത് ഗുണമായത് കോൺഗ്രസിനാണ്. ഈ തന്ത്രം ബൂമറാങ് പോലെയാണ് ഇടതു കേന്ദ്രങ്ങളിൽ പതിച്ചത്. ലഭിക്കേണ്ട കുറച്ചധികം വോട്ടുകൾ കൂടി ശൈലജ ടീച്ചർക്ക് നഷ്‌ടമായി, പ്രത്യേകിച്ച് നാദാപുരം, തിരുവള്ളൂർ, മാണിയൂർ പോലെയുള്ള മേഖലകളിൽ അത് വലിയ തിരിച്ചടിയായി.
വർഗീയ പ്രചരണത്തിന് പുറമെ ശൈലജ ടീച്ചറുടെ വ്യാജ വീഡിയോ ആരോപണവും തിരിച്ചടിയായി എന്നതാണ് വാസ്‌തവം. തന്റെ മോശം വീഡിയോ ഉണ്ടെന്ന് അവകാശപ്പെട്ടെങ്കിലും അത് ഹാജരാക്കാൻ ടീച്ചർക് കഴിയാതെ വന്നതും വോട്ടർമാർ സംശയദൃഷ്‌ടിയോടെയാണ് നോക്കി കണ്ടത്.
ഷാഫിയുടെ ഉദയം
ഈ വിവാദങ്ങൾക്ക് ഇടയിൽ തന്നെ പതിയെ ഷാഫി പറമ്പിൽ മണ്ഡലത്തിൽ തന്റെ സ്വാധീനം വർധിപ്പിച്ചിരുന്നു. പ്രത്യേകിച്ച് കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ വന്നെത്തിയും എതിരാളികളുടെ കോട്ടകളിൽ സ്ഥിരം സന്ദർശനം നടത്തിയും ഷാഫി ജനപ്രീതി ആർജിച്ചപ്പോൾ ഇടത് ക്യാമ്പ് ശരിക്കും അങ്കലാപ്പിലായിരുന്നു. അതിന്റെ പ്രതിഫലനം തന്നെയാണ് ഇന്ന് വോട്ട് എണ്ണിയപ്പോൾ പ്രകടമായതും.












Click it and Unblock the Notifications