'വാവർ നട പൊളിച്ചുനീക്കണം, അയ്യപ്പനുമായി ഒരു ബന്ധവുമില്ല'; വിജി തമ്പിയുടെ പരാമർശത്തിനെതിരെ പരാതി
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ വാവർ നട പൊളിച്ചുനീക്കണമെന്ന വിജി തമ്പിയുടെ വിവാദ പരാമർശത്തിനെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകനായ അനൂപ് വിആറാണ് വിഷയത്തിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ കൂടിയായ സംവിധായകൻ വിജി തമ്പിക്കെതിരെ പോലീസിനെ സമീപിച്ചിരിക്കുന്നത്.
സംഭവത്തിൽ ഇതുവരെയും വിജി തമ്പിക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാവാത്ത സാഹചര്യത്തിലാണ്‌യ പരാതി നൽകുന്നതെന്നായിരുന്നു അഭിഭാഷകൻ അറിയിച്ചത്. പിന്നീട് ഇക്കാര്യം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അനൂപ് തന്നെ അറിയിക്കുകയായിരുന്നു. വിഷയത്തിൽ പോലീസ് നടപടിയെ അഭിഭാഷകൻ വിമർശിക്കുന്നുമുണ്ട്.

കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെയും അനൂപ് വിആർ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ വിമർശിക്കുന്നുണ്ട്. ഹിന്ദുക്കളുടെ സംരക്ഷകർ ആണെന്ന് പറയുന്ന സംഘ പരിവാറിനെ സംരക്ഷിക്കുന്നത് പിണറായി വിജയൻ ആണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സംഭവം നടന്നിട്ട് രണ്ട് ദിവസമായെങ്കിലും കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അഭിഭാഷകൻ അനൂപ് വിആറിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
ജനം ടിവിയിലൂടെ പരസ്യ ആഹ്വാനം ചെയ്‌തിട്ട് രണ്ട് ദിവസം കഴിഞ്ഞു. വേറെ ഏത് വ്യക്തിയാണെങ്കിലും, ഇത് പറഞ്ഞാല്‍ ജയിലില്‍ ആയേനെ. കേസ് പോലും എടുക്കാത്ത സാഹചര്യത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഒരു കേസ് കൊടുത്തിട്ടുണ്ട്. കേസ് എടുത്താലും ഇല്ലെങ്കിലും ഹിന്ദു സംരക്ഷകര്‍ എന്ന് പറയുന്ന സംഘികളുടേയും, അവരുടെ സംരക്ഷകനായ പിണറായിയുടേയും യഥാര്‍ഥ സ്വഭാവം തുറന്ന് കാട്ടി മുന്നോട്ട് പോവും.
അതേസമയം, രണ്ട് ദിവസം മുൻപാണ് വിജി തമ്പി വാവർ നടയുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയത്. അയ്യപ്പന് വാവർ എന്ന സങ്കൽപ്പവുമായി ബന്ധമില്ലെന്നും ഇക്കാര്യം ശബരിമലയെ ദേവപ്രശ്‌നങ്ങളിൽ ഉൾപ്പെടെ തെളിഞ്ഞതാണെന്നും വിജി തമ്പി ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങളും വിജി തമ്പി ഉന്നയിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് ദേവപ്രശ്‌നങ്ങളിലും ഇത് തെളിഞ്ഞിരുന്നു. എന്നാൽ ദേവ പ്രശ്‌നത്തിൽ തെളിഞ്ഞ കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ മതേതരത്വത്തിന് പ്രശ്‌നമാണെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്. അതുകൊണ്ട് വാവർ നട പൊളിച്ചുനീക്കണമെന്നും അതിന് ദേവസ്വം ബോർഡ് തയ്യാറാകണമെന്നും വിജി തമ്പി ആവശ്യപ്പെട്ടിരുന്നു. വാവർ പള്ളിയിൽ പോവുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്തണമെന്നും വിജി തമ്പി പറഞ്ഞിരുന്നു.












Click it and Unblock the Notifications