'വിഡി സതീശൻ ആർഎസ്എസിന്റെ ദത്തുപുത്രൻ, ലീഗുകാർക്ക് അത് തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ടാവട്ടെ'; എം ശിവപ്രസാദ്
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ഹിന്ദു ഐക്യവേദി അംഗങ്ങളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം പശ്ചാത്തലത്തിലാണ് വിഷയത്തിൽ എം ശിവപ്രസാദിന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു എം ശിവപ്രസാദ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് സന്ദർശനാനുമതി നിഷേധിച്ച വിഡി സതീശൻ കേരളത്തിലെ നമ്പർ വൺ വർഗീയ വിഷങ്ങളായ ആർവി ബാബുവിനും ശശികലക്കും ഒപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്നുവെന്നും ലീഗുകാരും കോൺഗ്രസുകാരും നാളെ മൗനദിനമായി ആചരിക്കുമെന്നും ശിവപ്രസാദ് പരിഹസിച്ചു.

മുഖ്യമന്ത്രിയെ കണ്ട് കഴിഞ്ഞതിന് ശേഷമാവണം സംസ്‌കൃത സർവകലാശാലയിലെ എംഎസ്എഫ് ബാനറിനെതിരെ വർഗീയ ചുവയോടെ ശശികലയുടെ വിഷം ചീറ്റുന്ന പോസ്‌റ്റ് വന്നതെന്നും ഇനിയും നന്നായി എഴുതണമെന്ന് സതീശൻ പറഞ്ഞുകാണുമെന്ന് എസ്എഫ്ഐ പ്രസിഡന്റ് പറയുന്നു. വിഡി സതീശൻ ആർഎസ്എസിന്റെ ദത്തുപുത്രനാണെന്നും ശിവപ്രസാദ് ആരോപിച്ചു.
എം ശിവപ്രസാദിന്റെ വാക്കുകൾ
എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായർക്ക് സന്ദർശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദി ശ്രീ വിഡി സതീശന് കയ്യടിച്ച ലീഗുകാരും കോൺഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കും. കേരളത്തിലെ നമ്പർ വൺ വർഗീയ വിഷങ്ങളായ ആർവി ബാബുവിനും ശശികലക്കും ഒപ്പം സുസ്മേരവദനനായ മുഖ്യമന്ത്രിയെ കേരളം കാണുന്നു.
മുഖ്യമന്ത്രിയെ കണ്ടു പുറത്തേക്ക് ഇറങ്ങിയശേഷം ആവണം സംസ്‌കൃത സർവകലാശാലയിലെ എംഎസ്എഫ് ബാനറിനെതിരെ വർഗീയ ചുവയോടെ ശശികലയുടെ വിഷം ചീറ്റുന്ന പോസ്‌റ്റ് വന്നത്. "ഇനിയും നന്നായി എഴുതണം" എന്ന് ശശികലയെ ശ്രീ വിഡി സതീശൻ ഉപദേശിച്ചിട്ടുണ്ടാവും.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നടത്തിയ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ ഇന്നത്തെ മുഖ്യമന്ത്രി ശ്രീ വിഡി സതീശൻ നടത്തിയ പ്രസംഗം ഓർത്ത് ഇന്നും കോരി തിരിക്കുന്ന ലീഗുകാരോട്: വർഗീയത പറയുന്നവർക്ക് പരവതാനി വിരിക്കരുതെന്ന് പറഞ്ഞ അതേ വിഡി സതീശൻ ഇന്ന് കേരളത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന വർഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേർത്ത് നിർത്തി പാലൂട്ടുമ്പോൾ, ആർഎസ്എസിന്റെ ദത്ത് പുത്രനാണ് വിഡി സതീശൻ എന്ന് ലീഗുകാർക്ക് തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു.
അങ്ങനെ ആർഎസ്എസിന് വിഡി സതീശൻ എന്ന ദത്ത് പുത്രനിലൂടെ കേരളത്തിൽ ഒരു മുഖ്യമന്ത്രിയെ കിട്ടിയിരിക്കുന്നു!












Click it and Unblock the Notifications