ഗവർണറെ കണ്ട് വിഡി സതീശൻ; മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്‌ച, എംഎൽഎമാരുടേത് വ്യാഴാഴ്‌ച
തിരുവനന്തപുരം: സർക്കാർ രൂപീകരണത്തിലേക്ക് കടന്ന് യുഡിഎഫ്. ഇതിന്റെ ഭാഗമായി വിഡി സതീശൻ പിന്തുണക്കത്തുമായി ഗവർണറെ നേരിട്ട് കണ്ടു. ലോക്ഭവനിലെത്തിയാണ് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് കൈമാറിയത്. മന്ത്രിസഭാ രൂപീകരണം അടക്കമുള്ള വിഷയങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായിയാണ് ഗവർണർ രാജേന്ദ്ര ആർലേക്കറെ വിഡി സതീശൻ നേരിട്ട് കണ്ടത്.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്‌ച രാവിലെ പത്ത് മണിക്കും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ചയുമുണ്ടാകുമെന്നാണ് വിവരം. തിങ്കളാഴ്‌ചയ്ക്ക് മുമ്പായി മന്ത്രിമാരെ തീരുമാനിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 21ന് നിയമസഭ ചേരുമ്പോള്‍ തന്നെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത്.

എന്‍ ശക്തന്‍ പ്രോട്ടേം സ്‌പീക്കര്‍ ആകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ വിഡി സതീശനെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്.
സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പിന്താങ്ങി.യോഗത്തിൽ സണ്ണി ജോസഫും മുകൾ വാസ്‌നിക്കും വിഡി സതീശനും സംസാരിച്ചു. യോഗത്തിൽ കെസി വേണുഗോപാലിന്റെ സേവനം സതീശൻ എടുത്തുപറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിനായി കേരളത്തിൽ വരണം എന്ന് കെസിയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
മന്ത്രിസഭയിൽ ആരൊക്കെ?
കെ മുരളീധരന്‍, സണ്ണി ജോസഫ്, എപി അനില്‍കുമാര്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് വിവരം. കെ പ്രവീണ്‍കുമാര്‍, ടി സിദ്ദിഖ്, ടിജെ വിനോദ്, എം ലിജു, ജി സുധാകരന്‍, പിസി വിഷ്‌ണുനാഥ്, ബിന്ദു കൃഷ്‌ണ, ഷാനിമോള്‍ ഉസ്‌മാന്‍ എന്നിവരുടെ പേരും സജീവമായി പരിഗണനയിലുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്‌തനായ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ ധാരണ വന്നിട്ടില്ല.
കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ചെന്നിത്തലയുടെ അസാന്നിധ്യം അതൃപ്‌തിയുടെ സൂചനയായി പലരും വ്യാഖ്യാനിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും കെസി വേണുഗോപാൽ തന്റെ അടുത്ത അനുയായികൾക്കായി മന്ത്രിസ്ഥാനങ്ങൾ ഉറപ്പാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇത് സതീശൻ നയിക്കുന്ന ആദ്യ കേരള മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാവുമെന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
മറുവശത്ത് പുതിയ മന്ത്രിസഭയിൽ ശക്തമായ പ്രാതിനിധ്യമാണ് മുസ്ലീം ലീഗ് ആവശ്യപ്പെടുന്നത്. പികെ കുഞ്ഞാലിക്കുട്ടി, പികെ ബഷീർ, എൻ ഷംസുദ്ദീൻ എന്നിവരാണ് ലീഗിൽ നിന്ന് പരിഗണനയിലുള്ള പ്രധാന പേരുകൾ. മഞ്ഞളാംകുഴി അലി, കെഎം ഷാജി, പാറക്കൽ അബ്‌ദുള്ള, വിഇ അബ്‌ദുൾ ഗഫൂർ, എകെഎം അഷ്റഫ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്‌പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനവും ലഭിക്കാനാണ് സാധ്യത. മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നിവരാണ് കേരള കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖർ.












Click it and Unblock the Notifications