'ഇടതല്ല, തീവ്ര വലതുപക്ഷ സര്‍ക്കാർ', ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെതിരെ വിഡി സതീശൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിമര്‍ശനങ്ങളോടുളള അസഹിഷ്ണുത മുഖമുദ്രയാക്കിയ സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കണ്ടെന്ന് വിഡി സതീശൻ തുറന്നടിച്ചു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത് ഇടത് സർക്കാരല്ലെന്നും തീവ്ര വലതുപക്ഷ സര്‍ക്കാരാണ് എന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
വിഡി സതീശന്റെ പ്രതികരണം: '' സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കളികളാണ്. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നടപടിയാണിത്. സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നത്? ചീഫ് സെക്രട്ടറിയാണ് ജോസഫ് സി. മാത്യുവിനെ സംവാദത്തിന് ക്ഷണിച്ചത്. പങ്കെടുക്കാമെന്ന് ജോസഫ് സി. മാത്യു സമ്മതിക്കുകയും ചെയ്തു. കെ. റെയില്‍ കോര്‍പ്പറേഷന്റെ ഇടപെടലിനെ തുടര്‍ന്നുള്ള ഒഴിവാക്കല്‍ ദുരൂഹമാണ്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ. റെയില്‍ എം.ഡിയുടെ സ്ഥാനം?

പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ഉറച്ച നിലപാടുള്ളയാളാണ് ജോസഫ്.
വിമര്‍ശനങ്ങളോടുളള അസഹിഷ്ണുത മുഖമുദ്രയാക്കിയ സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. ശാസ്ത്ര സാഹിത്യ പരിഷത്തും ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന സാംസ്‌കാരിക - സാഹിത്യ പ്രവര്‍ത്തകരും ഉന്നത സി.പി.ഐ നേതാക്കളുടെ മക്കളും പദ്ധതിയോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചപ്പോഴും സര്‍ക്കാരിന് അസഹിഷ്ണുതയായിരുന്നു. ഈ ഇടുങ്ങിയ ചിന്താഗതി ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇടതല്ല, ഇവര്‍ തീവ്ര വലതുപക്ഷ സര്‍ക്കാരാണ്''.
'ഇതേത് ആസനം'? ചിരിപ്പിച്ച് പാർവ്വതിയുടെ പുതിയ പോസ്, ചിത്രം വൈറൽ
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പദ്ധതിയെ എതിര്‍ക്കുന്നവരെ അടക്കം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സംവാദ പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 28ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ വെച്ചാണ് പരിപാടി. ജോസഫ് സി മാത്യുവിനെ ആദ്യം പരിപാടിയിലേക്ക് ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയുമായിരുന്നു. പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെ ആണ് സംവാദത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ജോസഫ് സി മാത്യുവിനെ ഒഴിവാക്കാനുളള കാരണം വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications