'അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ എൽഡിഎഫ് സര്‍ക്കാരിനെ ജനം തൂത്തെറിയും'; വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച നേട്ടമുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പത്തില്‍ നിന്നും 12ലേക്ക് യുഡിഎഫിന്റെ സീറ്റ് വര്‍ധിച്ചുവെന്നാണ് സതീശൻ പറഞ്ഞത്. 30 സീറ്റുകളിലേക്ക് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് രണ്ട് സീറ്റ് വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിന് സീറ്റുകള്‍ വര്‍ധിക്കുകയാണ് ചെയ്‌തത്. തുടര്‍ച്ചയായ ഈ വിജയങ്ങള്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കരുത്തേകും; വിഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്‌ത പ്രവർത്തകർക്കും വോട്ടര്‍മാര്‍ക്കും ഹൃദയാഭിവാദ്യങ്ങളെന്നും സതീശന്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ഈ വർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്ത് ആകെ ഒഴിവ് വന്ന 30 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്. ഇടത്-വലത് മുന്നണികൾ നേട്ടമുണ്ടാക്കിയപ്പോൾ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനായില്ല.
മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു, മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് സീറ്റ് നിലനിർത്തി. അതിനിടയിൽ പായിപ്ര പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്‌തു. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫാണ് വിജയിച്ചത്.
കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടിആർ രജിത വിജയിച്ചതോടെ യുഡിഎഫ് ഭരണം നിലനിർത്തി. ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് ദൈവം മേട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തതോടെ പഞ്ചായത്തിൽ ഇരു മുന്നണികൾക്കും 9 വീതം സീറ്റുകളായി മാറി.നിലവിൽ യുഡിഎഫാണ് ഇവിടം ഭരിക്കുന്നത്.
തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫാണ് ജയിച്ചത്. എന്നാൽ പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാർഡിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് എസ്‌ഡിപിഐയാണ് ജയിച്ചത്. കോൺഗ്രസിന്റെ കൈവശം ഉണ്ടായിരുന്ന വാർഡാണ് എസ്‌ഡിപിഐ പിടിച്ചെടുത്തത്. കോഴിക്കോട് പുറമേരി പഞ്ചായത്തിലെ കുഞ്ഞല്ലൂർ വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications