'മുഖ്യമന്ത്രി പോയി കണ്ണാടി നോക്കണം, മുൻ മന്ത്രിയുടെ ഓഡിയോ രണ്ട് വർഷമായി വാട്‌സ്ആപ്പിൽ കറങ്ങുന്നു'; വിഡി സതീശൻ
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്നായിരുന്നു വിഡി സതീശൻ പറഞ്ഞത്. രാഹുലിനെതിരെ പരാതിയോ എഫ്ഐആറോ ഒന്നുമില്ലാതിരുന്നിട്ടും ധാർമ്മികതയുടെ പേരിൽ നടപടി എടുത്തുവെന്നാണ് സതീശൻ ചൂണ്ടിക്കാട്ടിയത്. കൂടാതെ സിപിഎം നടപടിയെടുക്കാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്‌തു.
ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിൽ തന്നെയുണ്ട്. പരാതി കൊടുത്ത മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്യുകയാണ് ചെയ്‌തത്. എന്നിട്ടോ ഇതിലെ പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്. എന്റെ നേരെ ഒരു വിരൽ നീട്ടുമ്പോൾ ബാക്കി നാല് വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിന് നേരെയാണ് ഉയരുന്നത്; സതീശൻ പറഞ്ഞു.

ഒരു അവതാരം വന്നു പറഞ്ഞ കാര്യങ്ങളിൽ മുൻ മന്ത്രി ഉൾപ്പെടെയുള്ളവർ ഒരു മാനനഷ്‌ട കേസ് കൊടുത്തോയെന്നും അദ്ദേഹം ചോദിച്ചു. ഇതിൽ പാർട്ടി നടപടി ഉണ്ടായോ? മറ്റൊരു മുൻ മന്ത്രിയുടെ ഓഡിയോ രണ്ടു വർഷമായിവാട്‌സാപ്പിൽ കറങ്ങി നടക്കുന്നുണ്ട്. ആരോപണ വിധേയരെ ഇത്രയും സംരക്ഷിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ലെന്നും പിണറായി വിജയനെ ചൂണ്ടിക്കാട്ടി വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഹവാല, റിവേഴ്‌സ് ഹവാല ആരോപണങ്ങൾ ഉയർന്നിട്ട് എന്തു നടപടി എടുത്തുവെന്ന് ചോദിച്ച സതീശൻ മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണമെന്നും ആവശ്യപ്പെട്ടു. ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞ ഞെട്ടിപ്പിക്കുന്ന വാർത്തയെ കുറിച്ചും സതീശൻ പ്രതികരിച്ചു. ഇനിയും ഞെട്ടിക്കുന്ന വാർത്തകൾ ഒരുപാട് വരുമെന്നായിരുന്നു സതീശൻ പറഞ്ഞത്.
ബിജെപിക്കാരോട് ഞാന്‍ പറഞ്ഞു, ആ കാളയെ അഴിച്ചുവിടല്ലേ, കൊടുക്കല്ലേ. അതിനെ പാര്‍ട്ടി ഓഫീസിന്റെ മുന്നില്‍ കെട്ടണം. ഇപ്പോള്‍ ആവശ്യം വന്നല്ലോ കാളയെക്കൊണ്ട്. കാളയെ ഇനിയും ആവശ്യം വരും; സതീശൻ പറയുന്നു. സിപിഎമ്മും സൂക്ഷിക്കണം. ബിജെപി കാളയെ അഴിച്ചുവിടരുത് എന്നാണ് താന്‍ പറഞ്ഞിരുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സി കൃഷ്‌ണകുമാറിനെതിരായ പരാതിയിൽ സ്ത്രീയുടെ ഐഡിന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. അത് ശരിയാണോ? ബിജെപി ഇനിയെല്ലാം വിശദീകരിക്കട്ടെ. രാഹുൽ വിഷയത്തിൽ ഉറഞ്ഞുതുള്ളിയാണല്ലോ കണ്ടത്. ഈ വിഷയത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം; വിഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications