'പോലീസ് സ്‌റ്റേഷനില്‍ വരുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നത്?'; വിഡി സതീശൻ
തിരുവനന്തപുരം: പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ വച്ച് ദളിത് യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ സർക്കാരിനെതിരെയും പോലീസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ വിഡി സതീശൻ. പോലീസ് ഭരണത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ സംഭവമെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്. സർക്കാർ ഇല്ലായ്‌മയാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും നാല് വർഷമായി ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ വച്ച് 20 മണിക്കൂര്‍ നേരമാണ് ബിന്ദുവിനെ പോലീസ് മാനസികമായി പീഡിപ്പിച്ചത്. പരാതിക്കാര്‍ പരാതി പിന്‍വലിച്ചിട്ടും ദളിത് യുവതിക്കെതിരെ പോലീസ് എഫ്‌ഐആര്‍ ഇട്ടെന്നും നീതി തേടി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ അവിടെയും അവര്‍ അപമാനിതയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കക്കൂസ് വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നതെന്നും രാത്രി മുഴുവൻ ഒരു സ്ത്രീയെ അവിടെ നിർത്തുന്നത് ആണോ ശരിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇങ്ങനെയാണോ ചെയ്യേണ്ടതെന്നും വിഡി സതീശൻ ചോദിച്ചു. പോലീസ് സ്‌റ്റേഷനിൽ ചെല്ലുന്നവർക്ക് നൽകുന്നത് ക്ലോസറ്റിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നത്? എന്നായിരുന്നു സതീശന്റെ ചോദ്യം.
ലഹരിക്കേസിൽ അറസ്‌റ്റിലായി ജാമ്യത്തിൽ വിട്ട റാപ്പർ വേടന്റെ വിഷയത്തിൽ സർക്കാരിന് അനുകൂല നിലപാടാണ് പ്രതിപക്ഷ നേതാവും മുന്നോട്ട് വച്ചത്. വേടനെ സർക്കാർ പോത്സാഹിപ്പിക്കുന്നതിൽ തെറ്റില്ല. അയാൾ തെറ്റ് മനസിലാക്കി തിരുത്തുമെന്ന് പറഞ്ഞതാണെന്നും സതീശൻ വ്യക്തമാക്കി. അടുത്ത തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നൂറ് സീറ്റിൽ കൂടുതൽ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും വിഡി സതീശൻ ശുഭപ്രതീക്ഷയും പങ്കുവച്ചു.
അതേസമയം, മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. സംഭവത്തിൽ പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്‌തു. ആരോപണ വിധേയരായ പോലീസുകാരുടേയും സ്‌റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കുന്നത്.
സ്വര്‍ണമാല മോഷ്‌ടിച്ചു എന്ന പരാതിയിലാണ് ബിന്ദു എന്ന ദളിത് യുവതിയെ സ്‌റ്റേഷനിൽവെച്ച് മണിക്കൂറുകളോളം നീണ്ട മാനസിക പീഡനത്തിനിരയാക്കിയത് . 20 മണിക്കൂറോളം പോലീസ് ഇവരെ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെ മോഷണം പോയെന്ന് പറഞ്ഞിരുന്ന, 18 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല പരാതിക്കാരുടെ വീട്ടില്‍നിന്നുതന്നെ കണ്ടെത്തുകയായിരുന്നു. എന്നാൽ ഈ വിവരം പോലും പറയാതെ ബിന്ദുവിനെ സ്‌റ്റേഷനിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.












Click it and Unblock the Notifications