മുഖ്യമന്ത്രി സ്ഥാനം അല്ലാതെ മറ്റൊന്നും വേണ്ട; കടുത്ത നിലപാടുമായി വിഡി സതീശൻ, രംഗം കൊഴുക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികൾ സജീവമായി നടക്കവെ നിലപാട് വ്യക്തമാക്കി വിഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രി സ്ഥാനത്തിന് അപ്പുറം മറ്റൊരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറല്ലെന്നാണ് അദ്ദേഹം നിലപാട് അറിയിച്ചിരിക്കുന്നത്. യുഡിഎഫ് 102 സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇതുവരെയും ധാരണയിൽ എത്താത്തത് കല്ലുകടി ആവുന്ന വേളയിലാണ് സതീശൻ നിലപാട് കടുപ്പിക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവരുൾപ്പെടെയുള്ള ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെ എംഎൽഎമാരുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രിയുടെ പേര് നിർദ്ദേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫിലെ നിരവധി ഘടകകക്ഷികൾ സതീശനോടുള്ള താൽപര്യം പരസ്യമായി വ്യക്തമാക്കിയത് കേന്ദ്ര നേതൃത്വത്തിന് മേൽ സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ട്.

ഈ വേളയിലാണ് തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിൽ സതീശൻ എത്തിയിരിക്കുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കടുത്ത നിലപാട് അറിയിക്കുകയും ചെയ്‌തു എന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ലഭിക്കുന്ന വിവരം. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്ന് വിഎസിന്റെയും മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി സതീശൻ നേരത്തെ പറഞ്ഞിരുന്നു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിഡി സതീശന്റെ പ്രതികരണം. നേതാവിന് കാഴ്‌ചപ്പാടാണ് പ്രധാനമെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടനാ ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത് എന്നും അഭിമുഖത്തിൽ സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. ജെൻസിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ പറയുകയുണ്ടായി.
അതിനിടെ, കോൺഗ്രസിന് പുറത്ത് നിന്നും പല മേഖലയിൽ നിന്നുള്ള പ്രമുഖരും വിഡി സതീശനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ആദ്യമെത്തിയത് നടൻ സിദ്ദിഖ് ആയിരുന്നു. കോൺഗ്രസിനോട് അടുപ്പം പ്രകടിപ്പിച്ചിട്ടുള്ള സിദ്ദിഖ് സതീശന് വേണ്ടി ശക്തമായി വാദിച്ചു. സമാനമായി സംവിധായകൻ ഭദ്രനും വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയാവണം എന്നാണ് ആവശ്യപ്പെട്ടത്.
ഹൈക്കമാൻഡിനോട് ഒരു അഭ്യർത്ഥന , പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും. രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം , വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത് ! അത് വലിയ ഒരു പൊളിറ്റിക്കൽ ബ്ലണ്ടർ ആയി തീരും; എന്നായിരുന്നു ഭദ്രന്റെ വാക്കുകൾ.
നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി ആരെന്ന തീരുമാനം ദീർഘകാല നേട്ടങ്ങളും നഷ്‌ടങ്ങളും ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സതീശനെ തിരഞ്ഞെടുക്കുന്നത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിനും ശക്തമായ മതേതര നിലപാടിനും അംഗീകാരം നൽകുമെങ്കിലും മുതിർന്ന നേതാക്കളിൽ ചിലരെ അത് ചൊടിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.














Click it and Unblock the Notifications