സവര്‍ക്കറെ അധികം കൊണ്ടുനടക്കേണ്ട, അദ്ദേഹം ആര്‍എസ്എസ് അല്ല; സംഘപരിവാറുകാരോട് ടിജി മോഹന്‍ദാസ്
കണ്ണൂര്‍: വി ഡി സവര്‍ക്കറിന് വേണ്ടി സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന പ്രചാരണങ്ങളും പ്രതികരണങ്ങളും ആവശ്യത്തിലും അധികമാണെന്ന് ആര്‍ എസ് എസ് ബൗദ്ധികാചാര്യന്‍ ടി ജി മോഹന്‍ദാസ്. 'കണ്ണൂര്‍ കാവി രാഷ്ട്രീയം' എന്ന ക്ലബ്ബ് ഹൗസ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയിലാണ് ബി ജെ പി സംസ്ഥാന ബൗദ്ധിക സെല്‍ കണ്‍വീനര്‍ ചുമതല വഹിച്ചിരുന്ന ടി ജി മോഹന്‍ദാസിന്റെ പ്രതികരണം എന്ന് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ സവര്‍ക്കറുടെ ചിത്രമുള്ള 'ആസാദി കുട' ഉയര്‍ത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇത് നടന്നില്ല.
പിന്നാലെ സവര്‍ക്കര്‍ ബലൂണുകള്‍ ആകാശത്തേക്ക് വിടാന്‍ പദ്ധയിട്ടതും പാളിപ്പോയി. ഇക്കാര്യം ചര്‍ച്ചയായപ്പോഴാണ് ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. ഇത്തരത്തിലൊരു വിവാദം അനാവശ്യമാണെന്നും വി ഡി സവര്‍ക്കര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ വി ഡി സവര്‍ക്കറിനെ കുറിച്ച് കൂടുതല്‍ കേള്‍ക്കുന്നത് തന്നെ 90 കളിലാണെന്നും ടി ജി മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തു എന്ന് പറയുന്ന സമയത്ത് സവര്‍ക്കര്‍ ആര്‍ എസ് എസിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ് എസിന്റെ ഒരു വേദിയില്‍ പോലും സവര്‍ക്കര്‍ പങ്കെടുത്തിട്ടില്ലെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞു. ആര്‍ എസ് എസ് സ്ഥാപകനായ കെ ബി ഹെഡ്ഗേവാര്‍ അവിചാരിതമായി ഒരു വേദിയില്‍ സവര്‍ക്കറെ കണ്ടുമുട്ടിയുണ്ട്. ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ ജീവിതം പാഴായി പോകാനുള്ളതാണെന്ന് സവര്‍ക്കര്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അത്രയ്ക്ക് മതിപ്പേ ആര്‍ എസ് എസുകാരോട് വി ഡി സവര്‍ക്കറിന് ഉണ്ടായിരുന്നുള്ളൂ എന്ന് മനസിലാക്കാമെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞു.
സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍
സവര്‍ക്കര്‍ ഒരുപാട് ആളുകള്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും എന്നാല്‍ ആര്‍ എസ് എസ് നേതാക്കള്‍ക്ക് അപൂര്‍വ്വമായി മാത്രമെ കത്തെഴുതിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കറിന്റെ പേരിലുള്ള രത്നഗിരി മ്യൂസിയത്തില്‍ പോലും ആ കത്തുകളില്ല. വി ഡി സവര്‍ക്കറെ ഒരു ആര്‍എസ്എസുകാരനാണ് എന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ല. സവര്‍ക്കരുടെ പേരില്‍ വിവാദങ്ങളില്‍ ഏര്‍പ്പെടാനോ കേസ് നടത്താനോ പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സവര്‍ക്കറിന്റെ ചിത്രം തൃശൂര്‍ പൂരത്തില്‍ കൊണ്ട് വരേണ്ട ആവശ്യമില്ലായിരുന്നു. ഇപ്പോള്‍ സവര്‍ക്കറിന്റെ ചിത്രം നമ്മള്‍ ഉയര്‍ത്തിയാല്‍ അത് പിന്നീട് ക്ഷീണമാകും എന്നും മറ്റ് പാര്‍ട്ടിക്കാരും അവരുടെ നേതാക്കളുടെ ചിത്രവുമായി വന്ന് അത് അനുകരിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂര്‍ പൂരം മതേതര ആഘോഷമാണെന്ന് എല്ലാവരും പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഹിന്ദുവിന്റെ പൂരമാണെന്നും അത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും ടി ജി മോഹന്‍ദാസ് വ്യക്തമാക്കി.












Click it and Unblock the Notifications