വേടനെതിരായ പുലിപ്പല്ല് കേസ്; സർക്കാരിന് റിപ്പോർട്ട് നൽകി വനംവകുപ്പ് മേധാവി, 'നടപടിക്രമങ്ങൾ പാലിച്ചു'
കൊച്ചി: പ്രമുഖ റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് നൽകി വനംവകുപ്പ് മേധാവി. ഉദ്യോഗസ്ഥരെ ന്യായീകരിച്ചും അതുപോലെ തന്നെ കുറ്റപ്പെടുത്തിയുമുള്ള റിപ്പോർട്ടാണ് വനംവകുപ്പ് മേധാവി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. വേടനെതിരായ കേസിൽ നടപടിക്രമങ്ങൾ പാലിച്ചുവെന്നാണ് റിപ്പോർട്ടിൽ വനംവകുപ്പ് മേധാവി പറയുന്നത്.
വിവിധ നടപടികളിൽ കേസിലെ ഉദ്യോഗസ്ഥരെ റിപ്പോർട്ടിൽ വനംമേധാവി കുറ്റപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും വനംവകുപ്പ് മേധാവി കുറ്റപ്പെടുത്തുന്നു. അന്വേഷണത്തിന് മുന്‍പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദാംശങ്ങള്‍ പറഞ്ഞതും തെറ്റാണെന്നാണ് റിപ്പോർട്ടിൽ വിമർശിക്കുന്നത്.

അതിനിടെ പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രം മതിയെന്ന് വേടൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച വേടനോട് ഇന്ന് രാവിലെയാണ് കോടനാട് ഫോറസ്‌റ്റ് ഓഫീസിലെത്താൻ വനംവകുപ്പ് ആവശ്യപ്പെട്ടത്.
മൊബൈൽ ഫോണും പുലിപ്പല്ല് അടങ്ങുന്ന മാലയും തിരികെ നൽകിയെങ്കിലും മൊബൈൽ ഫോണും മാലയും മാത്രമാണ് വേടൻ വാങ്ങിയതെന്നാണ് ലഭ്യമായ വിവരം. പുലിപ്പല്ല് ശാസ്ത്രീയ പരിശോധന നടത്തി അതിന്റെ ഫലം എന്താണ് തനിക്ക് കൂടി അറിയണമെന്നും അതിന് ശേഷം പുലിപ്പല്ല് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് വേടൻ വനംവകുപ്പിനെ അറിയിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലഹരിക്കേസിൽ പിടിയിലായ വേടനെതിരെ പുലിപ്പല്ല് കൈവശംവെച്ചതിനാണ് വനംവകുപ്പ് കേസ് രജിസ്‌റ്റർ ചെയ്‌തത്. തുടർന്ന് ഏപ്രിൽ 30നാണ് കേസിൽ റാപ്പർക്ക് ജാമ്യം ലഭിച്ചത്. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായിരുന്നു വേടന് ഉപാധികളോടെ ജാമ്യം നൽകിയത്. താന്‍ മനഃപൂര്‍വം തെറ്റ് ചെയ്‌തിട്ടില്ലെന്ന് പറഞ്ഞ വേടൻ ആരാധകര്‍ സമ്മാനിച്ച വസ്‌തു സ്വീകരിക്കുക മാത്രമാണ് ചെയ്‌തതെന്ന് വ്യക്തമാക്കിയിരുന്നു.
കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആറ് ഗ്രാം കഞ്ചാവുൾപ്പടെയുള്ള വസ്‌തുക്കളുമായി അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ ഈ കേസിൽ വേടന് സ്‌റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പുലിപ്പല്ല് കേസിൽ വനംവകുപ്പ് വേടനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഈ അറസ്‌റ്റ് തിടുക്കപ്പെട്ട് എടുത്ത തീരുമാനം ആണെന്ന വിമർശനം ശക്തമായിരുന്നു. വേടനെതിരായ നടപടിയിൽ വ്യാപക വിമർശനമാണ് വനംവകുപ്പിനെതിരെ ഉയർന്നത്.












Click it and Unblock the Notifications