വീണ ജോർജ് പരാജയം: ആരോഗ്യ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എസ് എസ് ലാല്‍
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യരംഗത്ത് ഉണ്ടായിരിക്കുന്ന വലിയ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ ആരോഗ്യമന്ത്രി പൂർണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിൽ അടിയന്തിരമായി മുഖ്യമന്ത്രി ആരോഗ്യവകുപ്പ് ഏറ്റെടുക്കണമെന്ന് പ്രമുഖ ഡോക്ടറും പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതവുമായ ഡോ എസ് എസ് ലാല്‍.
പ്രതിരോധ കുത്തിവയ്പിലൂടെ ഒഴിവാക്കാവുന്ന പേവിഷബാധ മൂലം നിരവധി പേർ മരിക്കുന്ന സാഹചര്യമുണ്ടായിട്ടും ആരോഗ്യമന്ത്രി അത്യാവശ്യം വേണ്ട നടപടികൾ പോലും സ്വീകരിക്കാതിരുന്നത് കുറ്റകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിരോധ കുത്തിവയ്പ് കൃത്യമായി സ്വീകരിച്ചവർ പോലും പേവിഷബാധ വന്ന് മരിക്കുന്നത് അടിയന്തിര അന്വേഷണവും നടപടിയും വേണ്ട ദുരന്ത സാഹചര്യമാണ്. മുഖ്യമന്ത്രി തന്നെ ആരോഗ്യമന്ത്രിയെ നിയമസഭയിൽ തിരുത്തിയിട്ടും വാക്സിൻ പരാജയത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ വിദഗ്ദ്ധരെ നിയോഗിക്കണമെന്ന് നിർദ്ദേശിച്ചിട്ടും നടപടിയെടുക്കാൻ താമസമുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. മുഖ്യമന്ത്രി ഇടപെടുന്നതുവരെ വാക്സിന്റെ ഗുണനിലവാരത്തെ ആരോഗ്യമന്ത്രി തന്നെ ന്യായീകരിച്ച് സമയം നഷ്ടപ്പെടുത്തിയത് ഗുതുതര വീഴ്ചയാണെന്നും എസ് എസ് ലാല്‍ ആരോപിക്കുന്നു.
അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍

കേരളത്തിലെ ആരോഗ്യപശ്നങ്ങൾ സ്വന്തം ഇമേജിന്റെ പ്രശ്നമായി കാണുന്ന രീതിയാണ് ഈ ആരോഗ്യമന്ത്രിയും തുടരുന്നത്. മുഖ്യമന്ത്രി പറഞ്ഞ പ്രകാരം വിദഗ്ദ്ധസമിതിയെ നിയമിക്കുന്നതിന് പകരം പാർട്ടി അനുഭാവികളായ ചില ഡോക്ടർമാരെക്കൊണ്ട് വിദഗ്ദ്ധരുടെ വേഷം കെട്ടിക്കുകയാണ്. കൊവിഡ് കാലത്തും ഇവരാണ് സകല പരാജയങ്ങൾക്കും പിന്നിലുണ്ടായിരുന്നത്. അബദ്ധജഡിലമായ ന്യായീകരണ വീഡിയാകളുമായി ഇറങ്ങിയിട്ടുള്ള ഇത്തരം ചില പാർട്ടി ഡോക്ടർമാർ ചികിത്സാ സമൂഹത്തിനും നാണക്കേടുണ്ടാക്കുകയാണ്. ചിലർ വീട്ടിലിരുന്ന് പ്രഖ്യാപിക്കുന്ന സ്വന്തം നിഗമനങ്ങളാണ് ഇന്ന് സംസ്ഥാന സർക്കാരിന്റെ നയങ്ങളായി മാറുന്നത്. വാക്സിന്റെ ഗുണനിലവാരം അടിയന്തിരമായി പരിശോധിക്കാനുളള നടപടികൾ തടഞ്ഞതിന് ഇവരും ഉത്തരവാദികളാണ്.

രോഗങ്ങൾ പടരുമ്പോൾ അവ സ്വന്തം പ്രശസ്തിക്ക് ഉപയാഗിക്കാനായി ആരോഗ്യവകുപ്പിലെ മുഴുവൻ സംവിധാനങ്ങളെയും ആരോഗ്യമന്ത്രിമാർ നിശ്ചലമാക്കിക്കഴിഞ്ഞു. കൊവിഡ് ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും ഒന്നര വർഷമായി കേരളത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഒഴിവ് നികത്താതെ കിടക്കുകയാണ്. വാക്സിൻ കൂടാതെയുള്ള മരുന്നുകളുടെ സംഭരണവും മാസങ്ങളായി അവതാളത്തിലാണ്. കേരളത്തിലെ ആരോഗ്യസംവിധാനത്തെ മന്ത്രിമാരും ഐ.എ.എസുകാരും ചേർന്ന് തകർത്തിരിക്കുകയാണ്. സ്വതന്ത്ര കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഇല്ലാത്ത കാലം ഉണ്ടായിരിക്കുന്നത്. മന്ത്രിമാരും ഐ.എ.എസുകാരും മാറിവരും. എന്നാൽ സംസ്ഥാനത്തിന്റെ എല്ലാ മൂലയിലും ആരോഗ്യ സംവിധാനങ്ങൾ തുടർച്ചയായി പ്രവർത്തിപ്പിക്കുന്നതിന് ഉത്തരവാദി ആരോഗ്യവകുപ്പ് ഡയറക്ടറാണ്. ഡയറക്ടർ നയിക്കുന്ന സംവിധാനങ്ങളാണ്. അതാണ് തകർത്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കേരളത്തിലെ ജനങ്ങളെ മുഴുവൻ ആശങ്കയിലാക്കിയിരിക്കുന്ന പേവിഷബാധ പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ സർക്കാരിനോടും ആരോഗ്യവകുപ്പിനോടും ഇടതുമുന്നണി നേതൃത്വം ആവശ്യപ്പെടണം. ആരോഗ്യവകുപ്പിലെ നിയമനങ്ങൾ നേരിട്ട് നിയന്ത്രിക്കുന്നത് പാർട്ടി തന്നെ ആയതിനാൽ വകുപ്പ് ഡയറക്ടർ ഇല്ലാത്തതിന് സി.പി.എമ്മും ജനങ്ങളോട് ഉത്തരം പറയണം. പേവിഷ പ്രതിരോധമരുന്നിന്റെ പരാജയ കാരണങ്ങൾ കണ്ടുപിടിക്കുന്നതിൽ സർക്കാരിന്റ ഭാഗത്തുനിന്നും ഇനിയും താമസമുണ്ടായാൽ പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെയും വിദഗ്‌ദ്ധരുടെയും സഹായത്തോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും എസ് എസ് ലാല്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications