വെള്ളിമാടുകുന്ന്-മുത്തങ്ങ എൻഎച്ച് 766 നാലുവരിപ്പാതയാകാൻ നീക്കം; ഒക്ടോബറോടെ എൻഎച്ച്എഐ ഏറ്റെടുക്കും
കോഴിക്കോട്: വെള്ളിമാടുകുന്ന് മുതൽ മുത്തങ്ങ വരെയുള്ള 110 കിലോമീറ്റർ ദേശീയപാത 766ന്റെ നിയന്ത്രണം ഒക്ടോബറോടെ ദേശീയപാത അതോറിറ്റി ഏറ്റെടുക്കുമെന്ന് സൂചന. ഇതോടെ പദ്ധതിയുടെ ഭാഗമായി നാലുവരിപ്പാത വികസനത്തിനായുള്ള വിശദമായ ആസൂത്രണ നടപടികൾക്ക് വേഗം കൂടും. ഇതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി കൽപ്പറ്റയിൽ പുതിയ സൈറ്റ് ഓഫീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിരിക്കും ഓഫീസ് പ്രവർത്തിക്കുക. ഓഫീസ് സജ്ജീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സൈറ്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ള പുതിയ ജീവനക്കാരെ ഉടൻ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാത വികസനത്തിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള ചുമതല ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്‌ട് ഡയറക്‌ടറുടെ ഓഫീസിനായിരിക്കും.

നിലവിലുള്ള പാത നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ സാങ്കേതിക സാധ്യതകളും രൂപകൽപ്പനയും റിപ്പോർട്ടിൽ പരിശോധിക്കും. വെള്ളിമാടുകുന്ന് മുതൽ മുത്തങ്ങ വരെയുള്ള മുഴുവൻ പാതയും വിശദമായ പദ്ധതി റിപ്പോർട്ടിന്റെ പരിധിയിൽ വരും. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നേരത്തെ ഈ പാതയെ ദേശീയപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
നിർദ്ദിഷ്‌ട വികസനത്തിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പലതവണ ടെൻഡറുകളും ക്ഷണിച്ചിരുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കോഴിക്കോട്-വയനാട് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി നിരവധി പ്രധാന പദ്ധതികൾ വികസനത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്. താമരശ്ശേരി ചുരത്തിന് ബദൽപാതയായി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് വികസിപ്പിക്കുകയെന്നതാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്.
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസങ്ങൾ രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ ബദൽപാതയിലൂടെ വാഹനഗതാഗതം തിരിച്ചുവിടുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടാതെ കൊടുവള്ളി, താമരശ്ശേരി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ബൈപ്പാസുകൾ നിർമ്മിക്കുന്നതും ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്നുണ്ട്.
വെള്ളിമാടുകുന്ന്-പുതുപ്പാടി, പുതുപ്പാടി-മുത്തങ്ങ എന്നീ ഭാഗങ്ങളിലായാണ് നിർദ്ദിഷ്‌ട വികസനം നടപ്പാക്കുക. ഇതിലൂടെ കോഴിക്കോട് നഗരവുമായി വയനാട് അതിർത്തി പ്രദേശങ്ങളിലേക്കുള്ള ഗതാഗതബന്ധം കൂടുതൽ മെച്ചപ്പെടും. നിലവിൽ ഈ ദേശീയപാതയുടെ പരിപാലനവും മറ്റ് കാര്യങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗത്തിന്റെ പരിധിയിലായിരുന്നു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങൾ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ പരിധിയിലുമായിരുന്നു. ദേശീയപാത അതോറിറ്റി പാത ഏറ്റെടുക്കുന്നതോടെ നാലുവരിപ്പാത വികസനത്തിനുള്ള വിശദമായ നടപടികൾക്ക് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ വയനാട്ടിലെ ടൂറിസം മേഖലയ്ക്കും ഇത് ഗുണമാവും.




Click it and Unblock the Notifications