വിജയ് ബാബുവിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, പൊലീസിന് തിരിച്ചടി
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിദേശത്ത് നിന്ന് തിരിച്ച് എത്തുമ്പോള്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി പറഞ്ഞു. നാട്ടിലെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്ന് വിജയ് ബാബുവിനോടും കോടതി നിര്‍ദേശിച്ചു. വിജയ് ബാബുവിനെ ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. പൊലീസും വിജയ് ബാബുവും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.
ആള്‍ സ്ഥലത്തില്ലാത്തതിനാല്‍ കേസ് മെറിറ്റില്‍ കേള്‍ക്കാനാവില്ലെന്നും എന്നാല്‍ കോടതിക്ക് മുന്നില്‍ വിജയ് ബാബു സാധാരണക്കാരന്‍ മാത്രമാണെന്നും കോടതി പറഞ്ഞു. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യം ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തുകയെന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, കോടതി നിര്‍ദ്ദേശത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്നാല്‍ വിജയ് ബാബു നാട്ടിലെത്താതെ എന്ത് ചെയ്യാനാകുമെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. വിജയ് ബാബുവിനെ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കാണിക്കാനാണോ എന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ പിടിവാശി കാണിക്കരുതെന്നും പൊലീസിന്റെ ധാരണ ശരിവയ്ക്കാനല്ല തങ്ങളിരിക്കുന്നത് എന്നും ഹൈക്കോടതി പറഞ്ഞു.

ഇത് ഈഗോയുടെ പ്രശ്‌നമല്ല എന്നും പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് പ്രധാനം എന്നും ഹൈക്കോടതി വ്യക്തമാക്കി. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയില്‍ പരാതിക്കാരിയായ നടിയെ കക്ഷി ചേര്‍ക്കാം എന്നും കോടതി വ്യക്തമാക്കി. കോടതിയുടെ സംരക്ഷണം ലഭിക്കാന്‍ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ് എന്നും വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും എന്നാല്‍ കോടതിയ്ക്ക് അങ്ങനെ അല്ല എന്നും ഹൈക്കോടതി പറഞ്ഞു.

വാട്ട്‌സാപ്പ് ചാറ്റുകള്‍ ഒക്കെ പ്രോസിക്യൂഷന്‍ നോക്കിയിരുന്നോ? അതിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ വിജയ് ബാബു കേരളത്തില്‍ എത്തുകയാണെങ്കില്‍ താത്കാലിക സംരക്ഷണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു. നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കാനാവില്ല എന്ന് പറയുന്നത് തെറ്റാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം അറസ്റ്റ് ചെയ്യും എന്നുള്ളത് കൊണ്ടാണ് ഇന്നലെ വരാതിരുന്നതെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബുധനാഴ്ച വരാന്‍ തയ്യാറാണെന്നും വിജയ് ബാബു അറിയിച്ചു.

ഇന്ത്യന്‍ നിയമത്തിന് വിധേയനാകാന്‍ അല്ലേ പ്രതി ശ്രമിക്കുന്നത് എന്നും വിജയ് ബാബു നാട്ടില്‍ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടത് എന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ചോദ്യം ചെയ്യലിന് ശേഷമേ മാത്രമേ നിയമപരമായി അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്നും എന്നാല്‍ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കമ്മീഷണര്‍ പറയുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി. സാധാരണക്കാരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ് കോടതിയെന്നും ഹൈക്കോടതി അറിയിച്ചു.

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് വിജയ് ബാബു ഒളിവില്‍ പോയതെന്ന് പ്രോസിക്യൂഷന്‍ മറുപടിയായി പറഞ്ഞു. ലോകത്ത് ചില ദ്വീപുകളില്‍ താമസിക്കാന്‍ ഇന്ത്യന്‍ വിസയോ, പാസ്‌പോര്‍ട്ട് ഒന്നും വേണ്ടെന്ന് ഓര്‍ക്കണം എന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി പറഞ്ഞു. ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരായ പരാതി രജിസ്റ്റര്‍ ചെയ്യുന്നത്. ഏപ്രില്‍ 24 നാണ് വിജയ് ബാബു നാട് വിട്ടത്.
തൃക്കാക്കരയില്‍ കനത്ത പോളിംഗ്; വോട്ട് ചെയ്യാനെത്തി പ്രമുഖര്‍, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications