കേസെടുത്തത് അറിഞ്ഞില്ല, ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച എത്താം; ഉപാധിയുമായി വിജയ് ബാബു
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതിയ്ക്ക് മുന്നില്‍ ഉപാധിയുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. തന്റെ ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച കൊച്ചിയില്‍ തിരിച്ചെത്താം എന്ന് വിജയ്ബാബു ഹൈക്കോടതിയില്‍ അറിയിച്ചു. തനിക്കെതിരെ കേസെടുത്തത് അറിയാതെയാണ് ദുബായിലേക്ക് പോയതെന്നും വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു വിജയ് ബാബുവിന്റെ പരാമര്‍ശം. അതേസമയം വിജയ് ബാബുവിന്റെ വാദങ്ങളെ തള്ളി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി.
കേസെടുക്കും എന്ന് കണ്ട് മുങ്ങിയതാണ് എന്നും പരാതിക്കാരിയുടെ അമ്മയെ വിളിച്ച് വിജയ് ബാബു ഭീഷണിപ്പെടുത്തിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏപ്രില്‍ 22ന് കേസെടുത്തിരുന്നതാണന്നും രണ്ട് ദിവസം കഴിഞ്ഞ് ഏപ്രില്‍ 24നാണ് വിജയ് ബാബു രാജ്യം വിട്ടത് എന്നും സര്‍ക്കാര്‍ പറഞ്ഞു. വ്യക്തമായ ബോധ്യത്തോടെയായിരുന്നു വിജയ് ബാബുവിന്റെ നീക്കമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, പ്രോസിക്യൂഷനും പരാതിക്കാരിക്കും ബന്ധപ്പെട്ടവര്‍ക്കും ഏറ്റവും നല്ലത് കോടതിയുടെ നിയമ അധികാര പരിധിയില്‍ പ്രതി വരുന്നതാണെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് വാക്കാല്‍ നിരീക്ഷിച്ചിരുന്നു. അന്ന മേയ് 30 ന് നാട്ടിലെത്തുമെന്നാണ് വിജയ് ബാബു പറഞ്ഞത്. എന്നാല്‍ വന്നില്ലെങ്കില്‍ 31ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നും വന്നാല്‍ 31നോ ഒന്നിനോ ജാമ്യ ഹര്‍ജി പരിഗണിക്കാം എന്നും കോടതി പറഞ്ഞിരുന്നു. 30 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വാക്കാല്‍ പറഞ്ഞു. വിദേശത്തുള്ള പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ നിയമപരമായി തടസ്സമുള്ളതിനാലാണ് ഇങ്ങനൊരു നിര്‍ദേശമെന്നും പ്രതി നാട്ടിലെത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കുകയല്ലേ ഉചിതമെന്നും കോടതി ചോദിച്ചിരുന്നു.

അതേസമയം, കോടതിക്ക് മുന്നില്‍ വ്യവസ്ഥകള്‍ വയ്ക്കാന്‍ പ്രതിയായ വിജയ് ബാബുവിനെ അനുവദിക്കരുതെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു. പ്രതിയുടെ കാരുണ്യം ആവശ്യമില്ലെന്നും എവിടെയാണെങ്കിലും എന്തായാലും പിടികൂടുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. നിയമനടപടികളില്‍നിന്നു കടന്നു കളഞ്ഞ പ്രതിയെ പിടികൂടാന്‍ നിയമപ്രകാരം ലഭ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ 30 ന് കൊച്ചിയില്‍ മടങ്ങിയെത്തുന്നതിനുള്ള വിമാന ടിക്കറ്റിന്റെ പകര്‍പ്പ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിജയ് ബാബു 30-ന് കൊച്ചിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കിയിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ അറസ്റ്റ് ചെയ്യുമെന്നും സി എച്ച് നാഗരാജു പറഞ്ഞു. ഇതിന് പുറമെ വിജയ് ബാബുവിന് സഹായം നല്‍കിയവരെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്ന് പരാതിക്കാരിയായ നടിയും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നു എന്നും ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നുമാണ് വിജയ് ബാബു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയില്‍ പറഞ്ഞത്. നടിയുമായുളള വാട്സാപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ട് എന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണം എന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി നടി രംഗത്തെത്തിയത് എന്നുമാണ് വിജയ് ബാബുവിന്റെ ആരോപണം.
സൗന്ദര്യം കൂടിക്കൂടി ഇതെങ്ങോട്ടാ..; ഭാമയുടെ കലക്കന്‍ ചിത്രങ്ങള്‍












Click it and Unblock the Notifications