ചാനല്‍ യാതന: പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെടുന്നു
വാര്‍ത്താ ചാനല്‍ മേഖലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേരിട്ട് രംഗത്തിറങ്ങുമെന്ന് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ പറഞ്ഞു. മോശം തൊഴില്‍ അന്തരീക്ഷമാണ് മിക്ക ചാനലുകളിലെന്നും അദ്ദേഹം വണ്‍ ഇന്ത്യയോട് പറഞ്ഞു.
യൂണിയന്റെ നേതൃത്തില്‍ കേരളത്തിന്റെ വിവധ മേഖലകളിലായി ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. പത്രപ്രവര്‍ത്തക വേജ് ബോര്‍ഡ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് ബാധകമല്ല. ജോലിസമയവും ആനുകൂല്യങ്ങളും സംബന്ധിച്ച കാര്യത്തില്‍ കൃത്യത ഉണ്ടാക്കാന്‍ രാഷ്ട്രീയ ഇടപെടലിനും വഴിയൊരുക്കുമെന്നും യൂണിയന്‍ നേതൃത്വം പറയുന്നു.

സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പല ദൃശ്യമാധ്യമ സ്ഥാപനങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. തൊഴില്‍ മന്ത്രാലയത്തേയും വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തേയും തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും അനുമതികള്‍ സ്വന്തമാക്കുന്നത്.

വ്യക്തിപരമോ വ്യാപാരപരമോ അധികാരപരമോ ആയ താത്പര്യങ്ങളാണ് പല പുതിയ സ്ഥാപനങ്ങളുടേയും പിന്നില്‍. ക്രിമിനല്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്‍റിനുള്ള മേഖലയായി മാധ്യമ രംഗം മാറിക്കൊണ്ടിരിക്കുകയാണെന്നും എന്‍ പത്മനാഭന്‍ പറഞ്ഞു. ഇത് സമൂഹത്തിന് ഏറെ ദോഷം ചെയ്യും. പല സ്ഥാപനങ്ങളും സാമ്പത്തിക സുതാര്യത കാത്തുസൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications