15കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു, സംഭവം ഭാര്യയുമായി പിണങ്ങിയപ്പോൾ; വ്‌ളോഗർ അറസ്‌റ്റിൽ
കോഴിക്കോട്: വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രമുഖ വ്ളോഗർ അറസ്‌റ്റിൽ. കാസർഗോഡ് ചിലമ്പാടി കൊടിയാമ ചെപ്പിനടക്കകം വീട്ടിൽ മുഹമ്മദ് സാലിയാണ് പിടിയിലായത്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുള്ള അക്കൗണ്ടിന് ഉടമയാണ് മുപ്പത്തിയഞ്ചുകാരനായ സാലി. ശാലു കിംഗ് എന്ന പേരിലാണ് ഇയാൾ വ്‌ളോഗുകൾ ചെയ്‌തു വന്നിരുന്നത്.
വിദേശത്ത് നിന്ന് മടങ്ങുമ്പോൾ മംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് കൊയിലാണ്ടി പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ഏഴ് വർഷമായി സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസറായ സാലി പരാതിക്കാരിയായ പെൺകുട്ടിയെ ഇൻസ്‌റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് സ്‌നാപ്പ്ചാറ്റ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇരുവരും തമ്മിൽ അടുക്കുകയായിരുന്നു.

ഷാലു കിംഗ് മീഡിയ, ഷാലു കിംഗ് വ്ളോഗ്‌സ്, ഷാലു കിംഗ് ഫാമിലി എന്ന പേരുകളിലാണ് ഇയാളുടെ ചാനലുകൾ പ്രവർത്തിക്കുന്നത്. 2016-ൽ ആദ്യവിവാഹം കഴിച്ച സാലിയ്ക്ക് ഈ ബന്ധത്തിൽ മൂന്നുമക്കളുണ്ട്. ആദ്യഭാര്യയുമായി പിണങ്ങിയ സമയത്താണ് ഈ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിലുള്ള ബന്ധം വളരുകയായിരുന്നു.
എന്നാൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞുകൊണ്ട് ഇയാൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പോലീസ് കേസ് റജിസ്‌റ്റർ ചെയ്‌തതോടെ മുഹമ്മദ് സാലി വിദേശത്തേക്ക് കടക്കുകയായിരുന്നു. പിന്നാലെ കൊയിലാണ്ടി പോലീസ് ഇയാൾക്ക് എതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു.
തുടർന്ന് വിദേശത്ത് നിന്ന് മംഗളൂരു വിമാനത്താവളം വഴി എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൊയിലാണ്ടി എസ്‌എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. ഇയാൾക്ക് എതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പതിനഞ്ചുകാരിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. പ്ലസ് ടു വിദ്യാഭ്യാസമുള്ള മുഹമ്മദ് സാലിയുടെ യൂട്യൂബ് ചാനലിന് ഏഴ് ലക്ഷത്തിൽ അധികം സബ്സ്ക്രൈബർമാരാണ് ഉള്ളത്. ഇത് കൂടാതെ വേറെയും ചാനലുകൾ ഇയാൾക്ക് സ്വന്തമായുണ്ട്. ഇൻസ്‌റ്റഗ്രാമിൽ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സും ഉണ്ട്.
ഇയാൾക്ക് എതിരെ സമാനമായ പരാതികൾ വേറെയുമുണ്ടോ എന്ന തരത്തിൽ ഉൾപ്പെടെ പോലീസ് അന്വേഷിക്കുന്നതായാണ് സൂചന.മംഗലാപുരം വിമാനത്താവളത്തിൽ എത്തിയ സാലിയെ എമിഗ്രെഷൻ വിഭാഗം ഉദ്യോഗസ്ഥർ തടയുകയും പോലീസിനെ വിവരം അറിയിക്കുകയുമാണ് ചെയ്‌തത്. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് ചെയ്‌തത്.
വിദേശത്ത് താമസിച്ചു പഠിച്ച പെൺകുട്ടി പ്രതിയുടെ ആരാധികയായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായാണ് റിപ്പോർട്ട്. ഇതിന് ശേഷവും ഇയാൾ പെൺകുട്ടിയുമായുള്ള ബന്ധം തുടരുകയും അത് അതിക്രമത്തിലേക്ക് കടക്കുകയും ചെയ്‌തതോടെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു.












Click it and Unblock the Notifications