'അത് ബിജെപിയുടെ അറിവോടെ, സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് അന്വേഷിക്കണം'; വിടി ബൽറാം
പാലക്കാട്: തൃശൂരിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുയർത്തുന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ഓഡിയോ സന്ദേശത്തിൽ പ്രതികരിച്ച് വിടി ബൽറാം. സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് വിടി ബൽറാം ആവശ്യപ്പെടുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളുമായി ആരോപണം ചേർത്തുവച്ചുകൊണ്ടാണ് ബൽറാം പ്രതികരിച്ചത്.
കരുവന്നൂർ ബാങ്ക് കുംഭകോണത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര ഏജൻസി അതിന്റെ തുടർച്ചയായി സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് പന്ത്രണ്ടോളം ബാങ്കുകളിലെ തട്ടിപ്പിനേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നുവെന്നും എന്നാൽ പിന്നീട് ഇഡി കരുവന്നൂർ കേസിൽ മാത്രമാണ് കുറ്റപത്രം നല്കിയതെന്നുമാണ് വിടി ബൽറാം ആരോപിക്കുന്നത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു വിടി ബൽറാം പ്രതികരിച്ചത്.

വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
"തൃശൂർ റൗണ്ടിൽ കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്ന കണ്ണേട്ടനൊക്കെ ഇപ്പോ കോടാനുകോടി ആസ്‌തിയുണ്ട്".. "എസി മൊയ്‌തീനൊക്കെ കോടികളുടെ ഡീലിംഗുകളാണ് നടത്തുന്നത്"... ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് പേരെടുത്ത് പറയുന്ന സിപിഎം നേതാക്കൾ മുൻ മന്ത്രി എസി മൊയ്‌തീൻ എംഎൽഎ, എംകെ കണ്ണൻ എക്‌സ് എംഎൽഎ , കൗൺസിലർ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ്, എന്നിങ്ങനെ ഏതാണ്ടെല്ലാവരും കരുവന്നൂർ ബാങ്ക് അടക്കമുള്ള വിവിധ സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാണ്.
നാലഞ്ച് വർഷം മുൻപ് നടന്ന ഫോൺ സംഭാഷണമാണ് ഇതെന്ന് പറഞ്ഞൊഴിയുകയാണ് ഇപ്പോൾ ഡിവൈഎഫ്ഐ നേതാവ്. എന്നാൽ കരുവന്നൂർ അടക്കമുള്ള തൃശൂരിലെ സഹകരണ ബാങ്ക് കുംഭകോണങ്ങളും ഏതാണ്ട് അതേ കാലത്ത് തന്നെയാണ് നടന്നതെന്ന് ഓർക്കണം. കരുവന്നൂർ ബാങ്ക് കുംഭകോണത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര ഏജൻസി അതിന്റെ തുടർച്ചയായി സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് പന്ത്രണ്ടോളം ബാങ്കുകളിലെ തട്ടിപ്പിനേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നു.
എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അതിൽ നിന്നെല്ലാം കേന്ദ്ര ഏജൻസിയായ ഇഡി പിൻവലിഞ്ഞതാണ് നാം കണ്ടത്. കരുവന്നൂർ ബാങ്ക് കേസിൽ മാത്രമാണ് ഇഡി കുറ്റപത്രം നൽകിയത്. സിപിഎം നേതാക്കളുടെ വ്യക്തിപരമായ ബാധ്യത ഒഴിവാക്കിക്കൊടുക്കുന്ന രീതിയിലാണ് ഇപ്പോൾ കേസ് മുന്നോട്ടുപോവുന്നത്.
സുരേഷ് ഗോപിക്ക് തൃശൂർ എടുത്തുകൊടുക്കാനുള്ള സിജെപി പാക്കേജിന്റെ ഭാഗമായിരുന്നു പൂരം കലക്കലിനും വോട്ടർ പട്ടിക കൃത്രിമത്തിനുമൊപ്പം ഈ അഴിമതി അന്വേഷണ അട്ടിമറിയും.
സിപിഎമ്മിന്റേയും ബിജെപിയുടേയും ഉന്നത നേതാക്കളുടെ അറിവിലും ഒത്താശയിലുമാണ് ഇക്കാര്യങ്ങളെല്ലാം നടന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കരുവന്നൂർ ബാങ്ക് കുംഭകോണമടക്കമുള്ള വിവിധ ബാങ്ക് തട്ടിപ്പുകളും തൃശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ഊർജ്ജിതവും സത്യസന്ധവുമായ പുനരന്വേഷണത്തിന് വിധേയമാക്കണം.












Click it and Unblock the Notifications