
'എല്ലാവരും പിണറായി വിജയന് പഠിക്കുകയാണോ'? 'ആളുമില്ല, അനക്കവുമില്ല', വിമർശിച്ച് വിടി ബൽറാം
തിരുവനന്തപുരം: കണ്ണൂരിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവരുടെ പ്രതികരണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. ഹരിദാസിനെ ആര് കൊലപ്പെടുത്തി എന്നതോ പ്രതികളുടെ രാഷ്ട്രീയമോ മുഖ്യമന്ത്രി അടക്കമുളളവർ പറയുന്നില്ലെന്നാണ് ബൽറാമിന്റെ വിമർശനം. ആർഎസ്എസ് പ്രവർത്തകരാണ് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് ആരോപണം.
വിടി ബൽറാമിന്റെ പ്രതികരണം: "തലശ്ശേരി പുന്നോലിലെ സിപിഐ(എം) പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തി" കൂട്ടത്തിലൊരു അന്ത്യാഭിവാദ്യങ്ങളും. കഴിഞ്ഞു! ആര് വെട്ടിക്കൊലപ്പെടുത്തി? അവർക്കുള്ള പ്രേരണയെന്ത്? പ്രതികളുടെ രാഷ്ട്രീയമെന്ത്? കേസും വിചാരണയും വിധിയുമൊക്കെ പിന്നാലെ വന്നോട്ടെ, പോലീസ് എഫ്ഐആറിൽ ഉള്ള വിവരത്തിന്റെയോ പ്രാദേശിക പാർട്ടി നേതാക്കൾ നൽകുന്ന വിവരത്തിന്റെയെങ്കിലുമോ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കടുപ്പിച്ചൊരു വാക്ക് പറയാൻ പോലും കഴിയാത്തവരാണോ സിപിഎം, ഡിഫി നേതാക്കൾ? യുവ മന്ത്രിമാർ? എല്ലാവരും പിണറായി വിജയന് പഠിക്കുകയാണോ?
ഏതെങ്കിലും കോൺഗ്രസ് നേതാവാണ് പ്രതിഷേധക്കുറിപ്പിൽ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചതെന്ന് വെക്കുക, അതല്ലെങ്കിൽ മനോരമ അടക്കമുള്ള ഏതെങ്കിലും മാധ്യമത്തിന്റെ വാർത്താ തലക്കെട്ടാണ് ഇങ്ങനെയായതെന്ന് വെക്കുക, എന്തായിരിക്കും ഇവിടെ പുകില്! പ്രതികളുടെ രാഷ്ട്രീയം പറഞ്ഞില്ല, പറഞ്ഞെങ്കിൽത്തന്നെ അതിന് ശക്തി പോരാ, വാക്കുകൾക്ക് ആവശ്യത്തിന് ക്വിന്റൽ തൂക്കമില്ല, കുത്തും കോമയും ശരിയല്ല, സിപിഎം ബുദ്ധിജീവികളുടേയും സൈബർ വെട്ടുകിളികളുടേയും തെറിവിളി ആറാട്ടായിരിക്കും ഇവിടം മുഴുവൻ.
ഇപ്പോഴിതാ ആളുമില്ല, അനക്കവുമില്ല. പ്രതിഷേധമില്ല, പ്രകോപനവുമില്ല. പ്രതികളുടെ പാർട്ടിയുടെ നാടു നീളെയുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പൂർണ്ണ സുരക്ഷിതത്വം. നല്ല കാര്യം, കേരളം കുരുതിക്കളമാകാതിരിക്കട്ടെ, ക്രമസമാധാനം ഭദ്രമായിരിക്കട്ടെ, മനുഷ്യർ സ്വൈര്യമായിരിക്കട്ടെ. ഏതായാലും വാക്കുകൾ മയപ്പെടുത്തി അമിത് ഷായുടെ പ്രീതി പിടിച്ചുപറ്റാനുള്ള ഗതികേട് നമുക്കാർക്കും ഇല്ലാത്തത് കൊണ്ട് കൃത്യമായിത്തന്നെ പറയട്ടെ; സംഘ് പരിവാർ ഭീകരവാദികൾ, ഇന്ത്യൻ ഫാഷിസ്റ്റുകൾ, ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ മത്സ്യത്തൊഴിലാളി യുവാവ് ഹരിദാസന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു''.
Recommended Video
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ: ''തലശ്ശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോവുകയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലർച്ചെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അത് തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിത് എന്നാണ് വ്യക്തമാകുന്നത്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''.