വൈപ്പിൻകാരുടെ ചിരകാല സ്വപ്‌നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും
കൊച്ചി: കൊച്ചിയിൽ നിന്ന് ദൂരം കൊണ്ട് ഒരുപാട് അകലെ അല്ലെങ്കിലും വികസനം കൊണ്ട് അകലെയാണ് വൈപ്പിൻ. നഗരത്തിന്റെ അടുത്തായിട്ടും പല കാരണങ്ങൾ കൊണ്ട് പ്രദേശവാസികൾ ആവശ്യപ്പെടുന്ന പദ്ധതികൾ പോലും ഒന്നുകിൽ വൈകുകയോ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുകയാണ് പതിവ്. അതൊരു ശാപം പോലെ വൈപ്പിൻകരക്കാരെ പിന്തുടരുകയാണ്. തീരദേശ പാത എന്ന ആവശ്യത്തിലും ഇത് ഏറെക്കുറെ ശരിയാണ്.
വർഷങ്ങളായി, ശരിക്കും പറഞ്ഞാൽ പതിറ്റാണ്ടുകളായി വൈപ്പിൻ വാസികൾ ആവശ്യപ്പെടുന്ന ഒന്നാണ് സമാന്തരമായുള്ള ഒരു തീരദേശ പാത. ഗോശ്രീ പാലം വന്നതോടെ ഇവിടേക്കുള്ള വാഹന ഗതാഗതം എത്രയോ ഇരട്ടിയായി, എന്നിട്ടും സംസ്ഥാന പാതയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. 38 കോടി രൂപയോളം മുടക്കി നവീകരണം പൂർത്തിയാക്കിയെങ്കിലും കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ശേഷി ഈ പാതയ്ക്ക് ഇല്ല താനും.

അതിന്റെ പ്രധാന കാരണം എന്തെന്നാൽ വളരെ കുറച്ച് ഭാഗങ്ങളിൽ മാത്രമാണ് സംസ്ഥാനപാതയ്ക്ക് വീതി പോലും കൂട്ടിയിരിക്കുന്നത്. പ്രധാനമായും പാതയോരങ്ങളിൽ കാൽനടക്കാർക്ക് സൗകര്യമൊരുക്കുക, വഴിവിളക്കുകൾ സ്ഥാപിക്കുക, റോഡ് സുരക്ഷയ്ക്കാവശ്യമായ സൂചനകൾ സ്ഥാപിക്കുക തുടങ്ങിയവ മാത്രമാണ് ഇവിടെ നടപ്പാക്കിയ മാറ്റം. അതുകൊണ്ട് ഗതാഗത കുരുക്ക് ഒരു തരത്തിലും മാറുന്നില്ല എന്നതാണ് യാഥാർഥ്യം.
വൈപ്പിനിലെ സംസ്ഥാനപാതയ്ക്ക് സമാന്തരമായി തീരദേശ പാത വേണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് ഇടതുമുന്നണി വൈപ്പിൻകരയ്ക്ക് തീരദേശത്തും കായലോരത്തും ഒരോ സമാന്തരപാത വേണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. 2016ൽ തീരദേശ പാതയ്ക്കുള്ള നടപടികൾ ഇടതുമുന്നണി അധികാരത്തിലെത്തിയതിന് പിന്നാലെ തുടങ്ങിയിരുന്നു.
പാതയ്ക്കുള്ള അലൈൻമെന്റ് നിശ്ചയിച്ച് വൈപ്പിൻകരയുടെ പടിഞ്ഞാറെ അതിരിൽ പിങ്ക് കുറ്റികൾ ഉൾപ്പെടെ സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് നടപടികൾ കാര്യമായി ഒന്നും ഉണ്ടായില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം. 2025 ഓഗസ്‌റ്റിലാണ് പിന്നെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇനിയും സർവേ നടപടികൾ പൂർത്തിയാക്കി, വിലനിർണയം നടത്തി, ഫണ്ട് അനുവദിക്കപ്പെട്ടശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ തുടർ നടപടികൾ നീങ്ങുകയുള്ളൂ.
കിഫ്ബി പദ്ധതികൾക്കായുള്ള പ്രത്യേക തഹസിൽദാരുടെ നേതൃത്വത്തിൽ സർവേ നടപടിയും കെട്ടിടങ്ങളുടെ വിലനിർണയവുമൊക്കെ ആരംഭിച്ചിട്ടുമുണ്ട്. എങ്കിലും ഇതൊക്കെയും കഴിഞ്ഞ് എപ്പോൾ പാതയുടെ നിർമ്മാണം പൂർത്തിയാവുമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. വൈപ്പിനിലെ ആറ് പഞ്ചായത്തുകൾ, കൊച്ചി നഗരസഭ, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലായി 54.8 ഹെക്‌ടർ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്.
2600 കുടുംബങ്ങളും 170 വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടെ ഏറ്റെടുത്താൽ മാത്രമേ പദ്ധതി മുന്നോട്ട് നീങ്ങുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഇത് എപ്പോൾ പൂർത്തിയാവുമെന്ന് ആർക്കും പറയാൻ കഴിയാത്ത നിലയാണ്. എങ്കിലും നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി സമാന്തരപാത എന്ന സ്വപ്‌നം നിറവേറ്റണമെന്നാണ് വൈപ്പിൻകരക്കാർ ഒരുമിച്ച് ഉന്നയിക്കുന്ന ആവശ്യം.
മുനമ്പം-അഴിക്കോട് പാലം വന്നാൽ തിരക്ക് കൂടും
ഇനി വരാനിരിക്കുന്ന മറ്റൊരു ആശങ്ക എന്തെന്നാൽ മുനമ്പം-അഴിക്കോട് പാലത്തിന്റെ കാര്യത്തിലാണ്. വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റത്ത് തൃശൂർ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുനമ്പം-അഴിക്കോട് പാലം നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. അടുത്ത് തന്നെ ഈ പാലം ഗതാഗത യോഗ്യമാവും. ഇതോടെ കൂടുതൽ വാഹനങ്ങൾ എത്തുകയും ഗതാഗത കുരുക്ക് രൂക്ഷമാവുകയും ചെയ്യുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications