വൈറ്റില അണ്ടർപാസ് ഒരു മാസത്തോളമായി ഇരുട്ടിൽ; ദുരിതത്തിലായി യാത്രക്കാർ, കണ്ണ് തുറക്കാതെ അധികൃതർ
കൊച്ചി: വൈറ്റില അടിപ്പാത ദിവസങ്ങളായി ഇരുട്ടിലായതോടെ ദുരിതത്തിലായി യാത്രക്കാർ. ഇതുവഴിയുള്ള യാത്ര പേടിസ്വപ്‌നമാണെന്ന് പറയുന്നു. തെരുവുവിളക്കുകൾ കത്താത്തതിനാൽ വലിയ ഭാഗങ്ങൾ ഇരുട്ടിലാണ്. ഫോൺ ടോർച്ചുകളും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളുമാണ് ഏക ആശ്രയം. യാത്രക്കാർ ആശങ്ക അറിയിച്ചിട്ടും അധികാരികൾ ഈ വിഷയത്തിൽ കാര്യമായ നടപടിയെടുക്കുന്നില്ല എന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.
തൃപ്പൂണിത്തുറയിൽ നിന്നും അരൂരിൽനിന്നും വരുന്ന ബസ് യാത്രികരും മറ്റ് പാതയോരത്ത് ഇറങ്ങി ഹബ്ബിലേക്കും തൃപ്പൂണിത്തുറ റോഡിലേക്കും പോകാനുള്ള വഴിയാണ് വൈറ്റില അണ്ടർപാസ്. അവിടെയാണ് ഇരുട്ട് വെല്ലുവിളിയാവുന്നത്. മാത്രമല്ല പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നായ വൈറ്റില ശിവ- സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ പോകുന്നതും ഈ വഴിയിലൂടെയാണ്.

ഒരു മാസത്തിലേറെയാണ് അടിപ്പാതയിൽ ലൈറ്റ് ഇല്ലാതെയായിട്ട്. ഇതോടെ ഇവിടെ മാലിന്യം തള്ളുന്നതും പതിവാണ്. അതേസമയം, നേരത്തെ വൈറ്റില റെയിൽവേ ഓവർബ്രിഡ്‌ജിന്റെ സമീപ റോഡിന് താഴെയുള്ള മറ്റൊരു പ്രധാനപ്പെട്ട അടിപ്പാതയിൽ നിരവധി വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ എൻഎച്ച്എഐ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ദേശീയപാത 66-ന്റെ കൊച്ചി-അരൂർ ഭാഗത്തെ എല്ലാ നിർമ്മിതികളിലും സമഗ്രമായ സുരക്ഷാ പരിശോധന നടത്താനായിരുന്നു ഉത്തരവ്.
1997-ൽ നിർമ്മിച്ച ഈ ഇടുങ്ങിയ അടിപ്പാത, വൈറ്റില മൊബിലിറ്റി ഹബിനെയും സുഭാഷ് ചന്ദ്രബോസ് റോഡിനെയും (പഴയ തമ്മനം റോഡ്) ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയായി ആയി പ്രവർത്തിക്കുന്നു. തിരക്കേറിയ വൈറ്റില ജംഗ്ഷൻ ഒഴിവാക്കി ചെറുകിട വാഹനങ്ങളെ കടത്തിവിടാൻ ഇത് സഹായിക്കുന്നു. കോൺക്രീറ്റ് ഭിത്തിയുടെ മുകളിൽ നിന്ന് താഴെ വരെ നീളുന്ന വിള്ളലുകൾ, ഘടനാപരമായ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർത്തിയിരുന്നു.
അതേസമയം, കൊച്ചി നഗരത്തിൽ ഗതാഗത കുരുക്കിന് ഒട്ടും കുറവില്ല. അതിനിടെ വൈറ്റില ജംഗ്ഷനിലെ സുരക്ഷാ മെച്ചപ്പെടുത്തലുകൾക്ക് ഫെബ്രുവരി 13ന് പൊതുമരാമത്ത് വകുപ്പ് ടെൻഡർ ക്ഷണിച്ചിരുന്നു. 1.16 കോടി രൂപ മതിപ്പുവിലയുള്ള 180 ദിവസത്തെ കരാറിന് 'അവാർഡ് പെൻഡിംഗ്' നിലയിലായതിനാൽ ആരംഭ തീയതി ഇതുവരെ വ്യക്തമായിട്ടില്ല.
കേരളത്തിലെ ദേശീയപാത 66 വികസനം 2026-ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വൈറ്റിലയിലെ സുരക്ഷാ ജോലികൾ കരാർ ലഭിച്ച് ആറ് മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രധാന മാറ്റങ്ങൾ ഘട്ടം ഘട്ടമായി മാത്രമേ നടപ്പിലാകൂ. അതുവരെ, ജംഗ്ഷനിൽ കനത്ത ഗതാഗതക്കുരുക്ക് തുടരും. സിഗ്നൽ രഹിത പരീക്ഷണങ്ങളിൽ വഴിതിരിച്ചുവിടലുകളും ഉണ്ടാകും. ഈ സമയത്ത് അണ്ടർപാസിൽ ലൈറ്റ് ഉൾപ്പെടെ സ്ഥാപിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.












Click it and Unblock the Notifications