വൈറ്റില ജംഗ്‌ഷൻ നവീകരണം; 1.5 കോടിയുടെ പദ്ധതി ഫലപ്രദമാവില്ലെന്ന് ഒരു വിഭാഗം, തള്ളി അധികൃതർ
കൊച്ചി: നഗര ഹൃദയത്തിലെ തിരക്കേറിയ ഇടമായ വൈറ്റില ജംഗ്ഷനിലെ നവീകരണങ്ങൾ ഫലപ്രദമാവില്ലെന്ന വിമർശനം ശക്തം. 1.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കവേയാണ് വിവിധ സംഘടനകളും പൗരപ്രമുഖരും ഈ വിഷയം ഉയർത്തി കാണിക്കുന്നത്. വൈറ്റില സിഗ്നൽ രഹിതമാക്കുന്നതിന് കൂടുതൽ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ബദലാണ് ആവശ്യമെന്ന് സംഘടനകൾ അടക്കം ചൂണ്ടിക്കാണിക്കുന്നു.
ജംഗ്ഷനിലെ ട്രാഫിക് പ്രശ്‌നങ്ങളെക്കുറിച്ച് വർഷങ്ങളായി പ്രതികരിക്കുന്ന യുണൈറ്റഡ് വൈറ്റില ഫോറം, ജംഗ്ഷൻ ഇനിയും ട്രാഫിക് സിഗ്നലുകളെ ആശ്രയിക്കുന്നത് തുടരുമെന്നതിനാൽ നടന്നുകൊണ്ടിരിക്കുന്ന ജോലികൾ താൽക്കാലികമായി മാത്രമേ തിരക്ക് കുറയ്‌ക്കൂ എന്നാണ് പറയുന്നത്. പകരം, വൺവേ റോഡുകൾ, ഫ്രീ ലെഫ്റ്റ് ടേണുകൾ, യു-ടേണുകൾ, എന്നിവ ഉപയോഗിക്കുന്ന പ്ലാൻ ആണ് ഇവിടെ ആവശ്യമെന്ന് സംഘടന പറയുന്നു.

പുതിയ അടിസ്ഥാന സൗകര്യങ്ങളല്ല തങ്ങൾ ആവശ്യപ്പെടുന്നതെന്നും മികച്ച ട്രാഫിക് മാനേജ്മെന്റിനാണ് മുൻഗണന നൽകുന്നതെന്നും യുണൈറ്റഡ് വൈറ്റില ഫോറം പറയുന്നു. ഫോറം നടത്തിയ പഠനത്തിൽ, വൈറ്റിലയിലെ 80 ശതമാനം വാഹനങ്ങളും എസ്എ റോഡിനെ തൃപ്പൂണിത്തുറ, കോട്ടയം എന്നിവയുമായി ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി, 20 ശതമാനം മാത്രമാണ് ആലുവയ്ക്കും അരൂരിനും ഇടയിലുള്ള എൻഎച്ച് 66 ഇടനാഴി ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.
ജംഗ്ഷന്റെ മധ്യഭാഗത്ത് എല്ലാ വാഹനങ്ങളും എത്തുന്നതിന് പകരം ലക്ഷ്യസ്ഥാനങ്ങളെ അടിസ്ഥാനമാക്കി ട്രാഫിക് വേർതിരിക്കാനാണ് ഫോറം നിർദ്ദേശിക്കുന്നത്. മൊബിലിറ്റി ഹബ്, കണിയമ്പുഴ റോഡ്, തൃപ്പൂണിത്തുറ, കോട്ടയം എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ നിലവിലുള്ള ലിങ്കുകളിലൂടെയും മറ്റും വഴിതിരിച്ചുവിടുമ്പോൾ ഇത് സിഗ്നൽ നിയന്ത്രണം ആവശ്യമുള്ള ഇടങ്ങൾ കുറയ്ക്കുമെന്നാണ് ഫോറത്തെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പറയുന്നത്.
വാഹനങ്ങളുടെ സഞ്ചാരത്തിന് ഒപ്പം കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും ഫോറം ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. പ്രായമായ കാൽനടയാത്രക്കാർക്കും മറ്റ് ബുദ്ധിമുട്ടുകൾ ഉള്ളവർക്കും പുതിയ പരിഷ്‌കാരങ്ങൾ ഗുണമാവില്ലെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ നവീകരണം പൂർത്തിയായാൽ ജംഗ്ഷനിലെ തിരക്ക് ഗണ്യമായി കുറയ്ക്കുമെന്നും പൂർത്തിയായാൽ ഗതാഗതം മെച്ചപ്പെടുത്തുമെന്നുമാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
അതേസമയം, റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ചാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഏകദേശം 60 ശതമാനം വരെ കുറയുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്, എന്നാൽ ഇത് കാര്യമായ നേട്ടം നൽകില്ലെന്നാണ് പൗരസംഘടനകളും യാത്രക്കാരും ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ വൈറ്റില ജംഗ്ഷനെ പൂർണമായും സിഗ്നൽ രഹിത ജംഗ്ഷനാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അവർ പങ്കുവച്ചിട്ടില്ല. കൊച്ചിയിലെ തന്നെ ഏറ്റവും തിരക്കേറിയ ഇടങ്ങളിൽ ഒന്നാണ് വൈറ്റില. ഇവിടെ കടുത്ത ഗതാഗത കുരുക്ക് പതിവ് കാഴ്‌ചയാണ്.














Click it and Unblock the Notifications