മുഖ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കും? മുസ്ലിം ലീഗ് സമരത്തില്‍ നിന്ന് പിന്നോട്ടില്ല, ചോദ്യങ്ങളുമായി സതീശനും
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന പ്രതിഷേധം ഉടന്‍ അവസാനിക്കില്ല. സമരവുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. നിയമം ഉടന്‍ നടപ്പാക്കില്ലെന്നും വിശദമായ ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി സമസ്ത നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ലീഗ് നേതാക്കളുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കാനാകില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്.
മറ്റു പല കാര്യങ്ങളിലും മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. സിഎഎ സമര കേസുകള്‍, സവരണം, സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സ്‌കോളര്‍ഷിപ്പ് അനുപാതം എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതും നടപ്പായിട്ടില്ല. വഖഫ് ബോര്‍ഡ് നിയമനത്തില്‍ നിയമസഭ നിയമം പാസാക്കിയിട്ടുണ്ട്. ആ നിയമം മുഖ്യമന്ത്രിക്ക് പിന്‍വലിക്കാന്‍ സാധിക്കില്ല. നിയമസഭ തന്നെയാണ് പിന്‍വലിക്കേണ്ടത്. അതുവരെ മുസ്ലിം ലീഗ് സമരം തുടരുമെന്നും സലാം പറഞ്ഞു. നിയമസഭയില്‍ മുസ്ലിം ലീഗ് നിയമത്തെ എതിര്‍ത്തിരുന്നു. അന്ന് ധിക്കാരത്തോടെയാണ് മുഖ്യമന്ത്രി മുന്നോട്ട് പോയത്. മുസ്ലിം ലീഗ് സമരം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. സമരത്തിന്റെ ആദ്യഘട്ടം വിജയിച്ചുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും സലാം പറഞ്ഞു.

നിയമസഭയില്‍ പറഞ്ഞ ഉറപ്പുകള്‍ പാലിക്കാത്ത മുഖ്യമന്ത്രി നിമയസഭയ്ക്ക് പുറത്ത് പറഞ്ഞ ഉറപ്പുകള്‍ എങ്ങനെ വിശ്വസിക്കുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എംകെ മുനീര്‍ എംഎല്‍എ ചോദിച്ചു. നിയമസഭയില്‍ നിയമം പാസാക്കിയ ശേഷം പുറത്തിറങ്ങി അത് നടപ്പാക്കില്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. മുസ്ലിം ലീഗ് സ്വന്തം നിലയില്‍ സമരം തുടരും. മതസംഘടനകള്‍ക്ക് അവരുടെതായ നിലപാടുണ്ട്. അതില്‍ മുസ്ലിം ലീഗ് ഇടപെടില്ല. ഭിന്നതയുണ്ടാക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അറബി ഭാഷയ്ക്ക് വേണ്ടി മൂന്ന് പേര്‍ രരക്തസാക്ഷികളായ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അന്ന് തീരുമാനം പിന്‍വലിപ്പിക്കാന്‍ മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ട്. ഇന്ന് ഈ തീരുമാനവും പിന്‍വലിപ്പിക്കുമെന്നും മുനീര്‍ പറഞ്ഞു.
നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍
കെപിഎ മജീദ് എംഎല്‍എയും സമാനമായ നിലപാട് ആവര്‍ത്തിച്ചു. നിയമം പിന്‍വലിക്കുന്നത് വരെ മുസ്ലിം ലീഗ് സമരം ചെയ്യുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിയമം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ സമസ്തയുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിട്ടില്ല. നിയമസഭ തന്നെ നിമയം പിന്‍വലിക്കണം. ഈ മാസം ഒമ്പതിന് കോഴിക്കോട് നടത്താന്‍ തീരുമാനിച്ച വഖഫ് സ്‌മ്മേളനത്തില്‍ മാറ്റമുണ്ടാകില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
വഖഫ് വിഷയത്തില്‍ യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്ന് വിഡി സതീശന്‍ പ്രതികരിച്ചു. എന്ത് വര്‍ഗീയതയാണ് ഈ വിഷയത്തില്‍ മുസ്ലിം ലീഗ് പറഞ്ഞതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ദേവസ്വം ബോര്‍ഡ് മാതൃകയില്‍ വഖഫ് ബോര്‍ഡ് നിയമനത്തിനും പ്രത്യേക ബോര്‍ഡ് വേണം. സര്‍ക്കാരിന് വൈകിയാണ് ബോധമുണ്ടായതെന്നും വിഡി സതീശന്‍ പ്രതികരിച്ചു. വഖഫ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം എടുത്തതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്നും മുഖ്യമന്ത്രി സമസ്ത നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications