ഫാസിസത്തെ ഓർമ്മിപ്പിച്ച് കെ രാധാകൃഷ്‌ണൻ; കേരളത്തിന്റെ പ്രമേയം അറബിക്കടലിൽ തള്ളുമെന്ന് സുരേഷ് ഗോപി
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൽ പാർലമെന്റ് പ്രക്ഷുബ്‌ധമാകവേ പരസ്‌പരം ഏറ്റുമുട്ടി കേരളത്തിൽ നിന്നുള്ള എംപിമാർ. സിപിഎം എംപി കെ രാധാകൃഷ്‌ണൻ ഫാസിസത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് മലയാളത്തിൽ പ്രസംഗം നടത്തിയത്. ബില്ലിനെ എതിർക്കുന്നുവെന്ന് രാധാകൃഷ്‌ണൻ പറഞ്ഞിരുന്നു. പ്രസംഗത്തിനിടെ സുരേഷ് ഗോപിയുടെ പേര് പരാമർശിച്ചതോടെ മറുപടിയുമായി കേന്ദ്രമന്ത്രി രംഗത്തെത്തുകയായിരുന്നു.
വിഷയത്തിൽ പൂർണമായും മലയാളത്തിലാണ് കെ രാധാകൃഷ്‌ണൻ സംസാരിച്ചത്. പ്രമുഖ ജര്‍മന്‍ കവി മാര്‍ട്ടിന്‍ നീമൊളറുടെ ഫാസിസത്തിനെതിരായ വരികള്‍ രാധാകൃഷ്‌ണൻ പ്രസംഗത്തിനിടെ ഉദ്ധരിച്ചു. ബില്ലിനെ അനുകൂലിക്കുന്നവര്‍ ഹിറ്റ്‌ലര്‍ എങ്ങനെയാണ് ജര്‍മനിയെ ഫാസിസത്തിലേക്ക് കൊണ്ടുപോയതെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

'പാവപ്പെട്ടവര്‍ക്കോ കുട്ടികള്‍ക്കോ വനിതകള്‍ക്കോ വേണ്ടിയല്ല ബില്‍ അവതരിപ്പിച്ചതെന്ന്, ഇത് കൊണ്ടുവന്ന സര്‍ക്കാരിനുതന്നെ അറിയാം. തെറ്റായ സമീപനത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസ്ലീം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മഹാഭൂരിപക്ഷം ജനതയെക്കൊണ്ട് ചിന്തിപ്പിക്കണം' കെ രാധാകൃഷ്‌ണൻ പറഞ്ഞു.
ബില്‍ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണവും ഭരണഘടനയുടെ ലംഘനവുമാണ്. ഭരണഘടന ഉറപ്പുല്‍കുന്ന മൗലികാവകാശങ്ങളുടെയും ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമൂഹത്തിന്റ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചുകടന്നക്കുന്ന അപകടകരമായ കീഴ്‌വഴക്കം സൃഷ്‌ടിക്കാനും ബിൽ വഴിയൊരുക്കും; ആലത്തൂർ എംപി പറഞ്ഞു.
കേരളത്തിൽ ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യം വന്നതിനാൽ അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം തന്നെ ഉണ്ടായി. 1987-ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരം നടന്നിരുന്നുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെയാണ് സുരേഷ് ഗോപി വിഷയത്തിൽ മറുപടിയുമായി രംഗത്ത് വന്നത്. സുരേഷ് ഗോപിക്ക് ഇതിൽ എന്തെങ്കിലും പറയാനുണ്ടോ എന്ന ചെയറിന്റെ ചോദ്യത്തിന് പിന്നാലെയാണ് മന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടയിൽ പതിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു കേരളത്തിൽ നിന്നും കോൺഗ്രസ് അംഗം കെസി വേണുഗോപാൽ കുറ്റപ്പെടുത്തിയത്. ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് വഖഫ് ബിൽ. ന്യൂനപക്ഷത്തിനെതിരല്ല ബില്ലെന്ന് കിരണ്‍ റിജിജു ആവര്‍ത്തിച്ച് പറയുകയാണെന്നും കുറ്റബോധമാണ് മന്ത്രിയെക്കൊണ്ട് ഇത് പറയിക്കുന്നതെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications