'അമ്മയെ നയിക്കാൻ കഴിവ് പുരുഷന്മാർക്ക്, ഡബ്ള്യുസിസി എവിടെ എത്തി, മഞ്ജു വാര്യർ അതിലുണ്ടോ?'; വട്ടിയൂർക്കാവ് അജിത്
കൊച്ചി: അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍. അമ്മയിലെ തിരഞ്ഞെടുപ്പിൽ ശ്വേതാ മേനോൻ മത്സരിക്കുന്നതിൽ പുരുഷ സംഘടന എന്ന നിലയിൽ തങ്ങൾക്ക് എതിർപ്പ് ഒന്നുമില്ലെങ്കിലും പുരുഷന്മാരാണ് നയിക്കാൻ ഉത്തമമെന്നും അജിത് പറഞ്ഞു. ഡബ്‌ള്യുസിസിയുടെ അവസ്ഥ ഉൾപ്പെടെ അജിത് ചൂണ്ടിക്കാട്ടി.
ശ്വേതാ മേനോനെതിരായ കേസ് ശരിയാണെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയെ നയിക്കാൻ മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെയുള്ളവർ വരണമെന്നാണ് അജിത് കുമാർ പറയുന്നത്. ഇന്നസെന്റ് അടക്കമുള്ളവർ നേതൃത്വത്തിൽ ഉണ്ടായിരുന്നപ്പോൾ കഴിഞ്ഞ 30 വർഷമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നാണ് അജിത് കുമാർ പറയുന്നത്. ന്യൂസ് 18നോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമ്മയുടെ തലപ്പത്തേക്ക് ശ്വേതാ മേനോൻ വരുന്നതിൽ എനിക്കോ സംഘടന എന്ന നിലയിൽ ഞങ്ങൾക്കോ ഒരു എതിർപ്പുമില്ല. പക്ഷേ, ഒരു കാര്യമുണ്ട്. സ്ത്രീകൾ തന്നെ ഒരു സംഘടന ഉണ്ടാക്കി ഡബ്‌ള്യുസിസി, അത് എവിടെ വരെ എത്തിയെന്നാണ് ചോദ്യം. കാരണം ഏറ്റവും കൂടുതൽ നയിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുക പുരുഷൻമാർക്കാണ്. അതുകൊണ്ടാണ് ഈ മുപ്പത് വർഷം അമ്മ എന്ന സംഘടന ഇത്രത്തോളം മുന്നോട്ട് പോയത്.
അതിന്റെ തുടർച്ചയായി സംഘടനയുടെ തലപ്പത്തേക്ക് വരേണ്ടത് മമ്മൂട്ടിയോ മോഹൻലാലോ തന്നെയാണ്. അവർക്ക് നയിക്കാനുള്ള, അതിന് നേതൃത്വം കൊടുക്കാനുള്ള ശേഷിയുണ്ട്. അതിന് താഴോട്ട് നിന്ന് കൊണ്ട് കാര്യങ്ങൾ ചെയ്യണമായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. ഡബ്‌ള്യുസിസി മാത്രം നോക്കിയാൽ മതിയല്ലോ നയിക്കാനുള്ള കഴിവിനെ കുറിച്ച് അറിയണമെങ്കിൽ.
ഏതൊരു സംഘടനയായാലും അത് നന്നായി പോവണം. മഞ്ജു വാര്യർ ആണ് ഈ ഡബ്‌ള്യുസിസി തുടങ്ങാൻ മുന്നിലുണ്ടായിരുന്നത്, അവരിപ്പോൾ അതിലുണ്ടോ? അത്‌പോലെ പ്രധാനികൾ ആയിട്ടുള്ള ആരും അതിനകത്ത് ഇല്ല. അത് ഉടായിപ്പ് രീതിയിൽ കൂടിയാണ് മുന്നോട്ട് പോവുന്നത്. അതുകൊണ്ട് അതിന്റെ തുടക്കവും ഒടുക്കവും ഒഴിവാക്കാം.
അമ്മ സംഘടന എന്ന് പറഞ്ഞാൽ മുപ്പത് വർഷം കഴിഞ്ഞു. എന്നിട്ടും അതിനിടയിൽ ഇതുവരെ ഒരു കുഴപ്പവും ഇല്ലാതെ എങ്ങനെ പോയി എന്ന് നോക്കൂ. അതിനിടയിൽ ഇടവേള ബാബുവിനെ പോലെ, ഇന്നസെന്റിനെ പോലുള്ളവർ, മോഹൻലാൽ ഒക്കെ ഇരുന്നത് കൊണ്ടാണ് അത് നന്നായി പോയത്. ശ്വേതാ മേനോന് എതിരെ കംപ്ലയിന്റ് കൊടുത്തത് ഞാൻ ഒരിക്കലും ന്യായീകരിക്കുകയല്ല, അത് തെറ്റ് തന്നെയാണ്.
പക്ഷേ എനിക്ക് ചോദിക്കാനുള്ളത് ഇത് തന്നെയല്ലേ സ്ത്രീകളും ചെയ്യുന്നത് എന്നാണ്. ഏതെങ്കിലും ഒരു പുരുഷൻ ഏതെങ്കിലും ഒരു സ്ഥാനത്ത് എത്തിയാൽ അവനെ എങ്ങനെ താഴെയിറക്കാം എന്നാണ് നോക്കുന്നത്. നടന്മാർക്ക് എതിരെ പീഡന പരാതി കൊടുത്തത് ശരിയാണോ? അപ്പൊ സ്ത്രീകൾ ചെയ്യുന്നതും തെറ്റുണ്ട്. ആ പരാതി തെറ്റ് തന്നെയാണ്. അത് സ്ത്രീകളാണ് മനസിലാക്കേണ്ടത്.
മോഹൻലാൽ ഉൾപ്പെടെയുള്ള പുതിയ കമ്മിറ്റി എങ്ങനെ ഒഴിവായി എന്നത് നമ്മൾ ആലോചിക്കണ്ടേ, ഇവിടെ സ്ത്രീകൾ എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽ അപ്പൊ രാജി വയ്ക്കണ്ടേ? അപ്പൊ പുറത്ത് പോവണം. ശ്വേതയ്ക്ക് എതിരെ മത്സരിക്കുമെന്ന് കരുതിയ ജഗദീഷിനെ പോലെയുള്ള മുൻനിര നടൻമാർ ഒക്കെ പിന്മാറി, അത് ശരിയാണോ? മത്സരം എന്ന് പറഞ്ഞാൽ മത്സരം ആയിരിക്കണം.
ശ്വേത തന്നെ പറയണമായിരുന്നു മത്സരിക്കണമെന്ന്. മത്സരിച്ചു ജയിക്കണമായിരുന്നു. അങ്ങനെയാവണം പെണ്ണെന്ന് പറയുന്നത്. അതാണ് പെണ്ണ്. ഒരു ഇലക്ഷൻ വരുന്നു പുരുഷന്മാർ എല്ലാവരും മാറി കൊടുക്കുകയാണ്. അങ്ങനെ മാറരുത്. അങ്ങനെയല്ല സ്ത്രീകൾ മുൻനിരയിലേക്ക് വരേണ്ടത്. മത്സരിച്ചു ജയിച്ച് ഇനി വരുന്ന തലമുറയ്ക്ക് മാതൃകയാവണംൽ വട്ടിയൂർക്കാവ് അജിത് പറഞ്ഞു.












Click it and Unblock the Notifications