കൊച്ചിയിൽ മാത്രമല്ല, കൊല്ലത്തും ആലപ്പുഴയിലും വാട്ടർ മെട്രോ; സാധ്യത പഠനം പൂർത്തിയായി, 18 നഗരങ്ങളിൽ കൂടി?
കൊച്ചി: രാജ്യത്തിന് തന്നെ മാതൃകയായി കൊച്ചി ഉയർത്തി കൊണ്ടുവന്ന വാട്ടർ മെട്രോ സംവിധാനത്തെ കുറിച്ച് പറഞ്ഞാൽ തീരില്ല, അത്രയും വിശേഷങ്ങളുണ്ട് അതിനെ കുറിച്ച്. പറഞ്ഞുവന്നത് വാട്ടർ മെട്രോ സംവിധാനത്തിന്റെ കാര്യകക്ഷമതയും അത് ഉണ്ടാക്കിയ സ്വാധീനവുമാണ്. ഇപ്പോഴിതാ വാട്ടർ മെട്രോയെ സ്നേഹിക്കുന്ന മലയാളികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ടർ മെട്രോ സംവിധാനം.
വാട്ടർ മെട്രോ ആലപ്പുഴയിലേക്കും കൊല്ലത്തേക്കും?
കേരളത്തിൽ നിന്ന് വാട്ടർ മെട്രോയ്ക്ക് അനുയോജ്യമായ രണ്ട് പ്രധാന ഇടങ്ങളാണ് പഠന വിധേയമാക്കിയത്. അതിൽ ആലപ്പുഴയും കൊല്ലവും ഉൾപ്പെടുന്നു. അതിൽ തന്നെ ആലപ്പുഴയിൽ ആകെ 87.77 കിലോമീറ്റർ നീളമുള്ള ജലപാതയിൽ 61 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമുണ്ടെന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. വിനോദ സഞ്ചാര ഭൂപടത്തിൽ സവിശേഷമായ സ്ഥാനമുള്ള ആലപ്പുഴയിൽ പദ്ധതി നടപ്പിലാക്കിയാൽ അത് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

കെഎസ്ആർടിസി-പുന്നമട-കൈനകരി-നാട്ടകം
കെഎസ്ആർടിസി-പുന്നമട-മുഹമ്മ
പാതിരാമണൽ-കുമരകം-ചീർപ്പുങ്കൽ-തണ്ണീർമുക്കം ബണ്ട്
മീനപ്പള്ളി-ചേന്നംങ്കരി-മങ്കൊമ്പ്
മങ്കൊമ്പ്-കിടങ്ങറ
മുഹമ്മ-പാതിരാമണൽ-കുമരകം
കെഎസ്ആർടിസി-മീനപ്പള്ളി
എന്നീ റൂട്ടുകളാണ് ആലപ്പുഴയിൽ വാട്ടർ മെട്രോയ്ക്കായി പരിഗണിക്കുന്നത്. വാട്ടർ മെട്രോയ്ക്ക് ശരിക്കും അനന്ത സാധ്യതകൾ ഉള്ള ഇടമാണ് ആലപ്പുഴ എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല നിലവിൽ സർവീസ് നടക്കുന്ന കൊച്ചിയുമായി അധികം അകലെയുമല്ല ഇവിടം. അതുകൊണ്ട് തന്നെ ഇവ വരുന്ന കാലത്ത് കൂട്ടിച്ചേർക്കാനും സാധിക്കും.
സമാനമായി കൊല്ലത്തും സാധ്യത പഠനം പൂർത്തിയിക്കിയിട്ടുണ്ട്. കൊല്ലത്ത് വാട്ടർ മെട്രോ പദ്ധതിക്കായി ഏകദേശം 34.85 കിലോമീറ്റർ നീളമുള്ള ജലപാതകളിൽ സർവീസ് നടത്താനാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതിനായി 35 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമായി വരുമെന്നാണ് പഠനം വിലയിരുത്തുന്നത്.
കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും
നിലവിൽ മറ്റ് 13 നഗരങ്ങളിലേക്ക് കൂടിയുള്ള പഠന റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. ശ്രീനഗർ, ഗുവാഹത്തി, തേജ്‌പൂർ, ദിബ്രുഗഡ്, പാറ്റ്‌ന, വാരണാസി, അയോധ്യ, പ്രയാഗ് രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം എന്നീ നഗരങ്ങൾക്കുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. ഇതിനൊപ്പം ആലപ്പുഴ, കൊല്ലം നഗരങ്ങൾക്കും ആൻഡമാനും വേണ്ടിയുള്ള പഠന റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്.
കൊച്ചി വാട്ടർ മെട്രോയുടെ വൻ വിജയത്തെ തുടർന്നാണ് രാജ്യവ്യാപകമായി ഇതിനുള്ള സാധ്യത പരിശോധിക്കാൻ കേന്ദ്ര സർക്കാർ കെഎംആർഎല്ലിനെ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ നവംബറിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം 18 കേന്ദ്രങ്ങളിലെ പഠനത്തിന് കെഎംആർഎല്ലിനെ ചുമതലപ്പെടുത്തുകയായിരുന്നു. അതിൽ ലക്ഷദ്വീപ്, കൊൽക്കത്ത എന്നിവിടങ്ങളിൽ പഠന റിപ്പോർട്ടുകളാണ് ഇനി വരാനുള്ളത്.
അതേസമയം, മുംബൈയിൽ മുൻപ് പൂർത്തിയാക്കിയ സാധ്യതാപഠനത്തിന് പുറമേ, വൈതർണ, വസായ്, മനോരി, താനെ, പനവേൽ, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ചുള്ള വിശദപദ്ധതി റിപ്പോർട്ടും മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചിരുന്നു. ഈ കൺസൾട്ടൻസി സേവനത്തിലൂടെ കെഎംആർഎല്ലിന് 8 കോടി വരുമാനം ലഭിച്ചതായാണ് എംഡി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്.












Click it and Unblock the Notifications