വയനാട്ടിൽ പ്രിയങ്ക വരുമ്പോൾ കോൺഗ്രസിന് പ്രതീക്ഷകൾ ഏറെ; നീക്കം ബിജെപിയുടെ വളർച്ച തടയാനോ?
വയനാട്: രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്താനും പ്രിയങ്ക ഗാന്ധിയെ പകരം വയനാട്ടിൽ മത്സരിപ്പിക്കാനുമുള്ള തീരുമാനം കോൺഗ്രസ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രാഹുൽ വയനാട് ഒഴിവാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നതിനാൽ ഈ തീരുമാനത്തിൽ അത്ഭുതങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പ്രിയങ്കയുടെ വരവും ഏറെക്കുറെ മുൻകൂട്ടി പ്രതീക്ഷിച്ച കാര്യമായിരുന്നു.
എന്നാൽ ഇത്തവണ കോൺഗ്രസ് കരുതികൂട്ടി തന്നെയാണ് ഇറങ്ങുന്നതെന്ന് വ്യക്തം. കാരണം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി വിശകലനം ചെയ്‌തെടുത്ത തീരുമാനമാണ് കോൺഗ്രസിന്റേത് എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. അതിന് ഒന്നിലധികം പ്രധാ കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉണ്ട് താനും.

രാഹുലിന്റെ മടക്കവും പ്രിയങ്കയുടെ വരവും
കേരളത്തിലെ കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയെ മുൻനിർത്തിയാണ് കോൺഗ്രസ് പ്രചരണം നടത്തിയത്. എന്നാൽ വമ്പൻ ഭൂരിപക്ഷത്തിൽ വയനാട് ജനത ജയിപ്പിച്ച രാഹുൽ ഒരു സുപ്രഭാതത്തിൽ മണ്ഡലം ഒഴിയുകയാണെന്ന് പ്രഖ്യാപനം നടത്തുമ്പോൾ അത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കും എന്ന തിരിച്ചറിവാണ് കോൺഗ്രസിനെ പ്രിയങ്കയിലേക്ക് എത്തിച്ചത്.
രാഹുലിന് പകരം കേരളത്തിലെ മറ്റേത് നേതാവിനെ മത്സരിപ്പിക്കാൻ നിർത്തിയാലും ഈ പ്രചരണത്തെ അതിജീവിക്കുക കോൺഗ്രസിനെ സംബന്ധിച്ച് ഒരൽപം ബുദ്ധിമുട്ടേറിയ ഘടകം തന്നെ ആയിരിക്കും എന്നത് വാസ്‌തവമാണ്. അത് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് പ്രിയങ്കയുടെ വരവിനായി സംസ്ഥാന നേതൃത്വം ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും.
ഇടയ്ക്ക് മണ്ഡലത്തിൽ ഉയർന്നുകേട്ട പേരായിരുന്നു കെ മുരളീധരന്റേത്. എന്നാൽ മുരളീധരനെ നിർത്തിയാൽ ജയം ഉറപ്പാണെന്നതിൽ ഉപരി രാഹുൽ ഗാന്ധി പടിയിറങ്ങിയതിന്റെ ക്ഷീണം തീർക്കുക എന്ന ദൗത്യം പരാജയമാവും എന്ന കാര്യം കോൺഗ്രസ് നേതാക്കൾക്കും അറിയാം. അതാണ് ഗാന്ധി കുടുംബത്തിൽ നിന്നുള്ള മറ്റൊരു അംഗത്തെ അവതരിപ്പിക്കാൻ അവർ താൽപര്യം കാട്ടിയത്.
ബിജെപിയുടെ വളർച്ച തടയാൻ പ്രിയങ്കയ്ക്ക് ആവുമോ?
കേരളത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി ബിജെപി ശക്തമായ സാന്നിധ്യമായി മാറിയ ലോക്‌സഭാ തിരഞ്ഞെടുപ്പിനാണ് നമ്മുടെ നാട് സാക്ഷ്യം വഹിച്ചത്. ഒരു സീറ്റ് നേടുകയും, ഒന്നിലധികം സീറ്റുകളിൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുകയും ചെയ്‌ത ബിജെപിയുടെ വളർച്ച ഭീഷണിയാണെന്ന് കോൺഗ്രസ് ഒരിത്തിരി വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു.
അതിനെ തടയാനും കേന്ദ്ര നേതൃത്വത്തിന്റെ ഒരു പ്രതിനിധി എന്ന പോലെ കാര്യങ്ങൾ നിരീക്ഷിക്കാനും പ്രിയങ്കയെ പോലെ ഒരാൾ കേരളത്തിൽ ഉള്ളത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്. കൂടാതെ ബിജെപിയെ എതിരിടാൻ ഏറ്റവും മികച്ച വ്യക്തികളിൽ ഒരാൾ പ്രിയങ്ക തന്നെയാണെന്ന് കോൺഗ്രസ് കരുതാനുള്ള കാരണം യുപിയിൽ ഇത്തവണ ഇന്ത്യാ മുന്നണി ഉണ്ടാക്കിയ നേട്ടം കൂടിയാണ്.
ഭൂരിപക്ഷം കൂട്ടുമോ പ്രിയങ്ക?
മണ്ഡലത്തിൽ ഒട്ടും ആശങ്കകളില്ലാതെയാണ് ഇക്കുറി കോൺഗ്രസ് പ്രചരണത്തിന് ഇറങ്ങുക. മൂന്നര ലക്ഷത്തിൽ അധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് രാഹുൽ ഗാന്ധി രണ്ടാംവട്ടവും മണ്ഡലത്തിൽ ജയം നേടിയെടുത്തത്. അതിൽ നിന്നും കൂടിയ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നേടാനാവുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications