'പാർലമെന്റിൽ വയനാടിന്റെ ശബ്‌ദമാകും'; തന്നിൽ അർപ്പിച്ച വിശ്വാസത്തിന് വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ തന്നെ ജയിപ്പിച്ച വയനാട് മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിനായിരുന്നു പ്രിയങ്കയുടെ ജയം. സഹോദരൻ രാഹുൽ ഗാന്ധിയുടെ മുൻ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മറികടന്നുകൊണ്ട് പ്രിയങ്ക തന്റെ കന്നി മത്സരത്തിലെ വിജയം ആവേശകരമാക്കി. ഇതിന് പിന്നാലെയാണ് വോട്ടർമാരോട് നന്ദി അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
പാര്‍ലമെന്റിൽ വയനാടിന്റെ ശബ്‌ദമാകുമെന്നാണ് പ്രിയങ്ക ഗാന്ധി പങ്കുവച്ച കുറിപ്പിൽ പറയുന്നു. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്ന് പറഞ്ഞ പ്രിയങ്ക നിങ്ങളുടെ സ്വപ്‌നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തിരഞ്ഞെടുത്തതെന്ന് ഉറപ്പുവരുത്തുമെന്നും കുറിപ്പിൽ പറയുന്നു.

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക തന്റെ കുറിപ്പ് ആരഭിക്കുന്നത്. നിങ്ങള്‍ ഓരോരുത്തരും എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി വരും നാളുകളിൽ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് താൻ തെളിയിക്കുമെന്നും അവകാശപ്പെട്ടു.
അഹോരാത്രം തനിക്ക് വേണ്ടി മണ്ഡലത്തിൽ പ്രയത്നിച്ച യുഡിഎഫ് പ്രവർത്തകർക്കും പ്രിയങ്ക ഗാന്ധി നന്ദി പറയുന്നുണ്ട്. കൂടാതെ തനിക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പം നിന്ന ഭർത്താവ് റോബർട്ട് വദ്ര, അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി എന്നിവരുടെ പേരും കുറിപ്പിൽ പ്രിയങ്ക ഗാന്ധി എടുത്ത് പറയുന്നുണ്ട്.
അതേസമയം, വയനാട്ടിൽ ഇത്തവണ രാഹുൽ ഗാന്ധി രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. റായ്ബറേലി നിലനിർത്താൻ വേണ്ടി വയനാട് മണ്ഡലത്തിലെ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന രാഹുലിന് പകരക്കാരിയായി പ്രിയങ്കയെ തന്നെ എത്തിക്കാനായിരുന്നു പാർട്ടിയുടെയും മുന്നണിയുടെയും ഒക്കെ തീരുമാനം.
അങ്ങനെയാണ് പ്രിയങ്ക പാർലമെന്ററി രാഷ്ട്രീയത്തിലെ തന്റെ കന്നി മത്സരത്തിനായി വയനാട് തിരഞ്ഞെടുത്തത്. ഈ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് തെളിയിക്കുന്ന കണക്കുകളാണ് ഫലത്തിനൊപ്പം വന്നിരിക്കുന്നത്. നാല് ലക്ഷത്തിൽ അധികം വോട്ടുകൾക്കാണ് പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ ജയിച്ചത്.
എൽഡിഎഫിന് വേണ്ടി സിപിഐ നേതാവ് സത്യൻ മൊകേരിയും എൻഡിഎക്ക് വേണ്ടി നവ്യ ഹരിദാസുമാണ് മത്സരിച്ചത്. എന്നാൽ തുടക്കം മുതൽ വോട്ടെണ്ണലിൽ എതിരാളികൾക്ക് ഒരു അവസരം പോലും കൊടുക്കാതെയാണ് പ്രിയങ്ക കുതിച്ചത്. ഒടുവിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷവും മറികടന്നുകൊണ്ടാണ് അത് നിന്നത്.












Click it and Unblock the Notifications