Get Updates
Get notified of breaking news, exclusive insights, and must-see stories!

'വയനാട് ദുരന്ത സഹായം വൈകുന്നു'; പാർലമെന്റിൽ പ്രതിഷേധം അറിയിക്കണമെന്ന് എംപിമാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹമായ ധനസഹായം വൈകുന്നതിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കെതിരെ പാർലമെന്റ് ശക്തമായ പ്രതിഷേധം അറിയിക്കണമെന്ന് ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

'കേരളത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയതോതില്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ നമുക്ക് 24,000 കോടി രൂപയുടെ സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് 15-ാം ധനകാര്യ കമ്മീഷൻ വകയിരുത്തിയ തുകയും, എൻ എച്ച് എമ്മിന്റെ ഭാഗമായി അനുവദിക്കാനുള്ള തുകയും, യു ജി സി ശമ്പളപരിഷ്‌ക്കരണ കുടിശ്ശികയും ഒന്നും കേന്ദ്ര സർക്കാർ ഇനിയും ലഭ്യമാക്കിയിട്ടില്ല.

pinaryi2-

ഈയൊരു സാഹചര്യം നിലനിൽക്കെയാണ് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. അതിനും കേന്ദ്രത്തിൽ നിന്നു പ്രത്യേക ധനസഹായമൊന്നും നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.

ദുരന്തമുണ്ടായ ഉടനെ തന്നെ ആർമി, നേവി, കോസ്റ്റ് ഗാർഡ്, ദുരന്ത പ്രതികരണ സേന എന്നിവയുടെ എല്ലാം സഹായം നമുക്കു ലഭ്യമായി. അതാകട്ടെ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഗതാഗത സൗകര്യങ്ങൾ അതിവേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനും വളരെ സഹായകരമാവുകയും ചെയ്തു. അവയോടെല്ലാം ഉള്ള നന്ദി സംസ്ഥാനം ഔദ്യോഗികമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നൽകിയ സഹകരണവും വിവിധ സേനകളെ ലഭ്യമാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും എടുത്ത നേതൃത്വവും പാർലമെന്റിൽ അഭിനന്ദിക്കുന്നത് ഉചിതമാവും. അതേസമയം, കേരളത്തിന് അർഹമായ ദുരന്തസഹായം വൈകുന്നതിലുള്ള ഗൗരവതരമായ പ്രതിഷേധം അറിയിക്കുകയും വേണം.

ജൂലൈ 30 ന് പുലർച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കേന്ദ്ര സംഘം വന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തത്. അതിനു തൊട്ടുപുറകെ ആഗസ്റ്റ് 10 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി തന്നെ നേരിട്ട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. കേന്ദ്ര സംഘത്തിനു മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്റെ പശ്ചാത്തലത്തിലെ നമ്മുടെ ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിച്ചിരുന്നു.

ഒട്ടും വൈകാതെ ആഗസ്റ്റ് 17 നു തന്നെ ദുരന്തത്തിൽ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എൻ ഡി ആർ എഫ്) മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയ്യാറാക്കി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിവേദനം നൽകുകയും ചെയ്തു. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ശേഷം നൂറു ദിവസത്തിലധികമായി. മെമ്മോറാണ്ടം സമർപ്പിച്ചിട്ട് മൂന്ന് മാസത്തിലധികമായി. കേന്ദ്ര സംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയിൽ മറ്റ് പല സംസ്ഥാനങ്ങൾക്കും അവർ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപാ പോലും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

കേന്ദ്രത്തിനു സമർപ്പിച്ച നിവേദനത്തിൽ മൂന്ന് പ്രധാന കാര്യങ്ങളാണ് നമ്മൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഒന്നാമത്തെ ആവശ്യം മേപ്പാടി-ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് 'Disaster of Severe Nature' - അതായത് തീവ്രസ്വഭാവമുള്ള ദുരന്തം - ആയി പ്രഖ്യാപിക്കണം എന്നതായിരുന്നു. ഇത്തരത്തിൽ പ്രഖ്യാപിച്ചാൽ പുനരധിവാസത്തിനായി വിവിധ അന്തർദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാരിന് കൂടുതൽ തുക കണ്ടെത്താൻ ശ്രമിക്കാം. കൂടാതെ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും കേരളത്തിനു സഹായം നൽകാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാവുകയും ചെയ്യും.

രണ്ടാമത്തെ ആവശ്യം ദുരന്തനിവാരണ നിയമത്തിന്റെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം എന്നതായിരുന്നു. അതിനും ഈ പ്രഖ്യാപനം വഴിയൊരുക്കുമായിരുന്നു. മൂന്നാമത്തെ ആവശ്യം മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ബാധിത മേഖലയ്ക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അടിയന്തര സഹായം അനുവദിക്കണം എന്നതായിരുന്നു.

ഈ മൂന്ന് ആവശ്യങ്ങളിൽ ഒന്നിനുപോലും കേന്ദ്രം ഇതുവരെ അനുകൂലമായ ഒരു മറുപടി തന്നിട്ടില്ല. മേപ്പാടിയിലെ ദുരന്തത്തെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടില്ല. ദുരന്തബാധിതരുടെ ലോണുകൾ എഴുതിത്തള്ളിയിട്ടുമില്ല.

അതുകൊണ്ടുതന്നെ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് ഏറ്റവും പ്രധാനമായിട്ടുള്ളത് അടിയന്തര ധനസഹായം കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കുക എന്നതും നമ്മൾ സമർപ്പിച്ചിട്ടുള്ള മെമ്മോറാണ്ടത്തിലെ ആവശ്യങ്ങൾ അനുവദിപ്പിക്കുക എന്നതും നമ്മുടെ റിക്കവറി ആൻഡ് റീകൺസ്ട്രക്ഷൻ എസ്റ്റിമേറ്റ് അംഗീകരിപ്പിച്ചെടുക്കുക എന്നതുമാണ്. അതിന് കേരളത്തിൽ നിന്നുള്ള എം പിമാരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എം പിമാരായിട്ടുള്ള കേരളീയരും ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്', മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+