മത്സരം വേറെ സൗഹൃദം വേറെ; പരസ്‌പരം കൈകൊടുത്ത് വയനാട്ടിലെ ഇടത് വലത് സ്ഥാനാർത്ഥികൾ, കുശലാന്വേഷണവും
വയനാട്: തിരഞ്ഞെടുപ്പ് ചൂടിലാണ് വയനാട് ലോക്‌സഭാ മണ്ഡലം. സ്ഥാനാർത്ഥികൾ അവസാനവട്ട പ്രചാരണത്തിന്റെ തിരക്കിലുമാണ്. യുഡിഎഫിന് വേണ്ടി നെഹ്‌റു കുടുംബത്തിൽ നിന്ന് തന്നെയുള്ള മറ്റൊരു അംഗമായ പ്രിയങ്ക ഗാന്ധി മത്സരിക്കുമ്പോൾ മറുവശത്ത് എൽഡിഎഫിന് വേണ്ടി മുതിർന്ന സിപിഐ നേതാവ് സത്യൻ മൊകേരിയാണ് രംഗത്തുള്ളത്. എന്നാൽ ഈ പോരാട്ട ചൂടിന് ഇടയിലും ഹൃദ്യമായ ഒരു കാഴ്‌ചയ്ക്കാണ് വയനാട്ടിലെ വോട്ടർമാർ ഒന്ന് സാക്ഷ്യം വഹിച്ചത്.
മത്സരവും സൗഹൃദവും വേറെയാണ് എന്ന് പലപ്പോഴും നാം പറഞ്ഞു കേട്ടിട്ടുണ്ട്, അതിനെ ഉത്തമ ഉദാഹരണമായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കയും എൽഡിഎഫ് സ്ഥാനാർത്ഥി സ്ഥാനാർത്ഥി സത്യൻ മൊകേരിയും തമ്മിലുള്ള കുശലാന്വേഷണവും സൗഹൃദം പങ്ക് വയ്ക്കലും. ഇരുവരും ഹസ്‌ത ദാനം ചെയ്യുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അപ്രതീക്ഷിതമായാണ് പ്രിയങ്ക ഗാന്ധി സത്യൻ മൊകേരി ക്യാമ്പിന് മുന്നിൽ എത്തിയത്. സത്യം മൊകേരിയും സഹപ്രവർത്തകരും പ്രചാരണം നടത്തുന്ന സ്ഥലത്തേക്ക് ഇടത്തേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു പ്രിയങ്ക ഗാന്ധി. ശേഷം ഇരുവരും ഹസ്‌തദാനം നടത്തുകയും മണ്ഡലത്തിലെ രാഷ്ട്രീയം സംസാരിക്കുകയും ചെയ്‌തത് കാഴ്‌ചക്കാർക്ക് അത്ഭുതമായി.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഭാഗമായ നിലമ്പൂർ തമ്പുരാട്ടിക്കല്ലിൽ വച്ചായിരുന്നു അപൂർവ സംഗമം. സത്യൻ മൊകേരി പ്രസംഗിച്ചു കൊണ്ടിരിക്കെ അതുവഴി കടന്നുപോവുകയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം. സത്യൻ മൊകേരിയെ കണ്ടതോടെ യാതൊരു ശങ്കയും കൂടാതെ പ്രിയങ്ക ഗാന്ധി ഇറങ്ങി ചെല്ലുകയായിരുന്നു.
പ്രസംഗം പാതിവഴിയിൽ നിർത്തി പ്രിയങ്കയെ സ്വീകരിക്കാനായി സത്യൻ മൊകേരിയുമെത്തി. തുടർന്ന് അൽപ്പനേരം ഇരുവരും രാഷ്ട്രീയം സംസാരിച്ചു. ഒടുവിൽ എതിർ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിക്ക് ഓൾ ദി ബെസ്‌റ്റ് കൂടി പറഞ്ഞാണ് പ്രിയങ്ക അവിടം വിട്ടത്. ഇതോടെ കണ്ടു നിന്നവർക്ക് ഒക്കെയും ഈ കാഴ്‌ച നല്ലൊരു അനുഭവമായി.
രാഷ്ട്രീയം വ്യക്തി വിദ്വേഷത്തിന്റെ വിളനിലമാവുന്ന കാലത്താണ് ഒരേ മണ്ഡലത്തിൽ എതിർ കക്ഷികളായി മത്സരിക്കുന്നവർ തമ്മിലുള്ള സൗഹൃദം എന്നതാണ് ഇതിന്റെ മാറ്റ് കൂട്ടുന്നത്. പിന്നീട് ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ വലിയ പങ്കുവയ്ക്കാനും തുടങ്ങിയിരുന്നു.
അതേസമയം, രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം തിരഞ്ഞെടുത്തതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് വയനാട് മണ്ഡലം. രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയാണ് മത്സരിച്ചത്. ഇക്കുറി സത്യൻ മൊകേരിയാണ് എതിർ സ്ഥാനാർത്ഥിയായി രംഗത്തുള്ളത്. ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും സംസ്ഥാനത്ത് ഇരു പാർട്ടികളും നേരിട്ടാണ് ഏറ്റുമുട്ടൽ.












Click it and Unblock the Notifications