Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു ചായ നൽകുമ്പോൾ തിരിച്ചു കിട്ടുന്ന ചിരിയുണ്ടല്ലോ, എനിക്ക് അതുമാത്രം മതി'; ദുരന്തഭൂമിയിലെ അബൂബക്കർ മാതൃക

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ വാർത്ത അറിഞ്ഞെത്തിയ ആദ്യ മനുഷ്യരിൽ ഒരാളായിരുന്നു ചൂരൽമലക്കാരൻ അബൂബക്കർ. ദുരന്തമുണ്ടായതിന്റെ നൂറോ നൂറ്റമ്പതോ മീറ്റർ മാറിയായിരുന്നു അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്‌തിരുന്നത്‌. ദുരന്തഭൂമിയിലേക്ക് ഓടിയെത്തിയ ശേഷം കണ്ട കാഴ്‌ചകൾ തന്നെ വല്ലാതെ അലട്ടിയെന്ന് അദ്ദേഹം പറയുന്നു. അന്ന് അവിടെ വസ്ത്രവും കുടിയ്ക്കാൻ വെള്ളവും നൽകി ദുരിതബാധിതർക്ക് കൈത്താങ്ങായി മാറിയതാണ് അബൂബക്കർ.

ഇന്നിപ്പോൾ തിരച്ചിൽ ആറ് ദിവസങ്ങൾ പിന്നിടുമ്പോഴും അതേ ഊർജസ്വലതയോടെയും താൽപര്യത്തോടെയും തിരച്ചിൽ നടക്കുന്ന ഇടങ്ങളിൽ ചായയുമായി അദ്ദേഹം ഓടി നടക്കുകയാണ്. ചായയും പലഹാരങ്ങളും രക്ഷാപ്രവർത്തകർക്കും നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും ഒക്കെ നൽകി, അവർക്ക് ബാത്റൂം സൗകര്യം ഉൾപ്പെടെ ഒരുക്കി കൊടുക്കുന്ന അദ്ദേഹം മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകയാണ് ദുരന്തഭൂമിയിൽ സൃഷ്‌ടിക്കുന്നത്.

wayanadaboobacker

ദുരന്ത ഭൂമിയിലേക്ക് ആദ്യമെത്തിയപ്പോൾ കണ്ട കാഴ്‌ചയാണ് തന്നെ ഇത്തരമൊരു കാര്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അബൂബക്കർ വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. 'രാവിലെ രണ്ടേമുക്കാൽ സമയത്താണ് ഞാൻ ദുരന്തവാർത്ത അറിയുന്നത്. ഇവിടെ എത്തിയപ്പോൾ കണ്ട കാഴ്‌ച ഭീകരമായിരുന്നു. ചെളിയിലും നനഞ്ഞിട്ടും ഒക്കെ ഒലിച്ചുവരുന്ന ആളുകളെ കണ്ടപ്പോൾ ശരിക്കും വല്ലാതെയായി. ഉടനെ ഭാര്യയോട് പറഞ്ഞ് അവർക്ക് ഉടുക്കാൻ വസ്ത്രവും കുടിക്കാൻ ചൂടുവെള്ളവും തയ്യാറാക്കി.' അബൂബക്കർ പറഞ്ഞു.

'എന്റെ വീട്ടിലെ സകല തുണികളും വസ്ത്രങ്ങളും ഞങ്ങൾ അപ്പോൾ തന്നെ എടുത്തുകൊടുത്തു. പിന്നെ അവർക്ക് ചൂടുചായ കൊടുത്തു, അതങ്ങ് തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ വീടിന് മുകളിൽ ചൂരൽമല ഭാഗത്ത് ആണ് ചായയും പലഹാരങ്ങളും കൊടുക്കുന്നത്. കൺട്രോൾ റൂം ഉൾപ്പെടെ പ്രവർത്തിക്കുന്ന ഭാഗമാണിത്' അദ്ദേഹം പറയുന്നു.

'തന്റെ ബുദ്ധിമുട്ടുകൾ അറിയാവുന്ന ചിലർ സ്പോൺസർ ചെയ്യുന്നുമുണ്ട്. വരുന്നവർക്കെല്ലാം ചായയും ബിസ്ക്കറ്റും ഒക്കെ കൊടുക്കുന്നുണ്ട്. ഞാനും എന്റെ ഭാര്യയും മക്കളും ഒക്കെ ഒറ്റക്കെട്ടായാണ് ഇതിന് ഇറങ്ങി പുറപ്പെട്ടത്. വീട്ടിലെ അടുപ്പ് മുഴുവൻ നേരവും കത്തുന്നുണ്ടാവും. രാവിലെ ആറ് മണിക്ക് ആരംഭിച്ചാൽ രാത്രി പത്തര വരെ ഇത് തുടരും' അബൂബക്കർ പറഞ്ഞു.

'തളർന്നുവരുന്ന ആളുകൾക്ക് ഇത് കൊടുക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം കാണുക, അതാണ് ഏറ്റവും വലിയ മനസമാധാനം. ഒരു ചായ കൊടുക്കുമ്പോൾ കിട്ടുന്ന ചിരിയുണ്ടല്ലോ അത് മാത്രം മതി. നാട് പൂർണമായും ഇല്ലാതായി, പോയവർ ഒക്കെയും പോയി. എന്നാലും ഉള്ളവർക്ക് എന്തെങ്കിലും കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അത് തന്നെയാണ് വലിയ കാര്യം' അബൂബക്കർ ചിരിച്ചുകൊണ്ട് പറയുന്നു.

നിലവിൽ മേഖലയിൽ ചായയും പലഹാരവും വിതരണം ചെയ്യുക മാത്രമല്ല, അവിടെ ഫോണും മറ്റും ചാർജ് ചെയ്യാനുള്ള സംവിധാനവും അദ്ദേഹം ഒരുക്കി നൽകിയിട്ടുണ്ട്, ഒപ്പം ചെറുതെങ്കിലും ആവശ്യക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന ബാത്റൂമും ഉണ്ടെന്ന് അബൂബക്കർ പറയുമ്പോൾ ഒരു ദുരന്തത്തിന് പോലും തളർത്താൻ കഴിയാത്ത പ്രത്യാശയുടെയും മനുഷ്യത്വത്തിന്റെയും ഉറച്ച ആത്മവിശ്വാസം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+