വയനാട് ഉരുൾപൊട്ടൽ; കരച്ചിലടക്കാനാവാതെ നടൻ മൻസൂർ അലി ഖാൻ, അനുശോചനം രേഖപ്പെടുത്തി വീഡിയോ
ചെന്നൈ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മൻസൂർ അലി ഖാൻ. വീഡിയോയിൽ താരം പൊട്ടിക്കരയുന്ന ദൃശ്യങ്ങളും കാണാമായിരുന്നു. കഴിഞ്ഞ ദിവസമാണ് മൻസൂർ അലി ഖാൻ വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു നടന് കരച്ചിലടക്കാൻ കഴിയാതെ വന്നത്.
'ജാതി, മതം, വംശം, ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, താഴ്ന്ന ജാതി, ഉയർന്ന ജാതി, സിനിമ, രാഷ്ട്രീയം, ഭരണാധികാരികൾ, അധഃസ്ഥിതർ, അവസരവാദികൾ, വിവാഹം, ബന്ധം അങ്ങനെ ഒന്നുമില്ല. പ്രകൃതി.. പ്രകൃതിയാണ് എല്ലാം' എന്നായിരുന്നു വീഡിയോയിൽ താരം പറഞ്ഞത്. കെട്ടിടങ്ങളും, ഗ്രാമങ്ങളും അതിലെ കുടുംബങ്ങളും ഒക്കെ മണ്ണിനടിയിലായെന്നും താരം പറയുന്നു.

'മറ്റൊരു ഭാഗത്ത് റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളും നഗരങ്ങളും പട്ടണങ്ങളും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓർക്കുക, എല്ലാം പ്രകൃതിയാണ്' മൻസൂർ അലി ഖാൻ തന്റെ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടി. വയനാട്ടിലേത് മനസിനെ ഉലയ്ക്കുന്ന ദുരന്തമാണെന്നും അതിദാരുണ ദുരിതമാണെന്നും അദ്ദേഹം പറയുകയുണ്ടായി.
വയനാട്ടിൽ മണ്ണിൽ പുതഞ്ഞുപോയ മനുഷ്യർക്ക് തന്റെ ആദരാഞ്ജലികൾ എന്ന് പറഞ്ഞുകൊണ്ടാണ് മൻസൂർ അലി ഖാൻ പൊട്ടിക്കരഞ്ഞത്. നിരവധി മലയാളികളാണ് വീഡിയോക്ക് താഴെ കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ വയനാട് ദുരന്തത്തിൽപെട്ട ആളുകൾക്ക് സഹായഹസ്‌തവുമായി തമിഴ് സിനിമാ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. പ്രമുഖ താരങ്ങളായ സൂര്യ, കമൽ ഹാസൻ, വിക്രം എന്നിവർ സഹായം പ്രഖ്യാപിച്ചിരുന്നു. 50 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് നൽകിയത്.
നടൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ 5 കോടിയാണ് കേരളത്തിന് നൽകിയത്. കൂടാതെ മലയാള സിനിമാ താരങ്ങളും സഹായവുമായി രംഗത്ത് വന്നിരുന്നു. സ്ഥലം സന്ദർശിച്ച മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷന്റെ പേരിൽ മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.
മമ്മൂട്ടി 20 ലക്ഷവും ദുൽഖർ സൽമാൻ 15 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. മറ്റ് താരങ്ങളും സമാനമായി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായികളും ഇതിനൊപ്പം ചേർന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications