10 നാള്‍ തോളോട് ചേര്‍ന്ന് പ്രവര്‍ത്തനം, സൈന്യം മടങ്ങുന്നു; യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത മേഖലകളിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ചാണ് സൈന്യത്തിന്റെ മടക്കം. സൈന്യത്തിന്റെ അക്ഷീണമായ പ്രവര്‍ത്തനമാണ് രക്ഷാപ്രവര്‍ത്തനത്തെ ഇത്രയും മികച്ചതാക്കിയത്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ് എന്നീ സേനകള്‍ക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു.
500 അംഗ സംഘമാണ് വയനാട്ടില്‍ നിന്ന് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ബെംഗളൂരു, എന്നിവിടങ്ങളില്‍ നിന്നുള്ള ബറ്റാലിയന്‍ അംഗങ്ങളാണിവര്‍. ദുരന്തത്തിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ സൈന്യത്തിന്റെ ഇടപെടല്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്നു.

ബെയ്‌ലി പാലം അടക്കം നിര്‍മിച്ച് ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് വേഗത്തില്‍ എത്താനായത് സൈന്യത്തിന്റെ ഇടപെടല്‍ കൊണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സഹായമെല്ലാം സൈനികര്‍ പ്രത്യേകം പരാമര്‍ശിച്ചു. വേഗത്തില്‍ ഇടപെടാന്‍ സാധിച്ചതുമെല്ലാം പലരെയും രക്ഷിക്കാന്‍ സഹായിച്ചുവെന്നും സൈന്യം വ്യക്തമാക്കി.
അതേസമയം രക്ഷാപ്രവര്‍ത്തനം മതിയാക്കി മടങ്ങുന്ന സൈനികരെ സംസ്ഥാന സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കി ആദരിക്കുകയും ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൈന്യത്തിന് യാത്രയയപ്പ് നല്‍കിയത്. മന്ത്രിമാര്‍ സൈന്യത്തിന്റെ സേവനത്തിന് നന്ദി അറിയിച്ചു. പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം സൈന്യത്തിന്റെ ചെറിയൊരു ടീം പ്രദേശത്ത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ താല്‍ക്കാലികമായി നിര്‍മിച്ച ബെയ്‌ലി പാലം മെയ്ന്റനന്‍സ് പ്രദേശത്ത് തുടരും. ഹെലികോപ്ടര്‍ സെര്‍ച്ച് ടീമും അടുത്ത നിര്‍ദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്ന് സൈന്യം അറിയിച്ചു. ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക് എത്തുന്നുണ്ട്.
കേരളം ഏറെ പ്രതീക്ഷയോടെയാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പ്പൊട്ടലിനെ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി വരവിന് ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാമ്പുകളിലായി 1968 പേരുമുണ്ട്. ഇവയുടെ പുനരധിവാസത്തിനായി വാടക വീടുകള്‍ കണ്ടെത്തുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇനി വയനാടിന് ആവശ്യം കേന്ദ്രത്തില്‍ നിന്നുള്ള സഹായമാണ. കേന്ദ്ര സഹായം വര്‍ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതല്‍ സൈന്യത്തെ അയച്ചതില്‍ അടക്കം കേന്ദ്രത്തിന്റെ ഇടപെടലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.












Click it and Unblock the Notifications