കേന്ദ്രമന്ത്രി സുരേഷ് ഗോപി വയനാട്ടിലെത്തി; ദുരന്തബാധിത മേഖലകളിൽ സന്ദർശനം, സൈനികരുമായി സംസാരിച്ചു
വയനാട്: കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായി സുരേഷ് ഗോപി വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിൽ. ദുരന്തം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം അദ്ദേഹം രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.
മേഖലയിൽ നടന്ന രക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി രാവിലെ പറഞ്ഞിരുന്നു. ബാധിക്കപ്പെട്ടവരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരില്‍ കണ്ട് മനസിലാക്കുന്ന കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപി ദുരന്തമുഖത്തെത്തുന്നത്. കൂടുതൽ കേന്ദ്രസഹായം ദുരന്തമേഖലയിലേക്ക് എത്തിക്കാൻ സുരേഷ് ഗോപിക്ക് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.
അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ തലത്തിൽ തന്നെ വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഇന്ന് രാവിലെ കേരളാ പോലീസ് അക്കാദമിയിൽ പാസിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാത്തവർക്കായി ആറാം ദിവസവും തിരച്ചിൽ തുടരുകയാണ്. 1264 പേർ ആറ് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്ത് ആദ്യമായി മണ്ണുമാന്തി യന്ത്രം എത്തിച്ചുള്ള തിരച്ചിലും ആരംഭിച്ചിരുന്നു. മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും.
ദൗത്യം അവസാന ഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നു. അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി ഉയർന്നിട്ടുണ്ട്. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് മേഖലയിൽ നിന്ന് കണ്ടെത്തിയത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു.
ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്ത ഭൂമിയിൽ നിന്നും കണ്ടെടുത്തത്. ഉരുൾപൊട്ടൽ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തിരച്ചിൽ നടത്തി. ഇന്നലെ ഒരാളെ പോലും ജീവനോടെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications