പുത്തുമലയിലെ മണ്ണില്‍ അവര്‍ക്ക് അന്ത്യവിശ്രമം, അന്ത്യാഞ്ജലി അര്‍പ്പിച്ച് വയനാടന്‍ ജനത
മുണ്ടക്കൈ: വയനാട്ടില്‍ തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പുത്തുമലയിലാണ് കൂട്ടസംസ്‌കാരം നടന്നത്. ഹാരിസന്‍ പ്ലാന്റേഷന്റെ 64 സെന്റ് ഭൂമിയിലാണ് അന്ത്യവിശ്രമ സൗകര്യം ഒരുക്കിയത്. സര്‍വമത പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് പ്രത്യേകമായി തന്നെ പ്രാര്‍ത്ഥനകളുണ്ടായിരുന്നു.
അതിനായി ഈ മതവിഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ അടക്കം ഇവിടേക്ക് ക്ഷണിച്ചിരുന്നു. വന്‍ ജനക്കൂട്ടം തന്നെ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പുത്തുമലയിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഇവിടെ സംസ്‌കാരത്തിനുള്ള കുഴികള്‍ ഒരുക്കാന്‍ തുടങ്ങിയത്. അതേസമയം വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 380 ആയി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം സംസ്‌കാര ഭൂമിയില്‍ വൈകാരികമായ നിമിഷമാണ് കാണാന്‍ കഴിഞ്ഞത്. ജാതിമത ഭേദമില്ലാതെയാണ് ഈ എട്ട് പേരും മണ്ണിനോട് ചേര്‍ന്നത്. മന്ത്രിമാരും ജനപ്രതിനിധികലും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുമ്പായി ഇന്‍ക്വസ്റ്റ്-പോസ്റ്റുമോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി.
പ്രത്യേക തിരിച്ചറിയല്‍ നമ്പറും നല്‍കി. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ഡിഎന്‍എ സാമ്പിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും എടുത്തിട്ടുണ്ട്. പോലീസ് ഇത്തരം മൃതദേഹങ്ങള്‍ സംബന്ധിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കും.

അതേസമയം തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹങ്ങള്‍, അവകാശത്തര്‍ക്കങ്ങളുള്ള മൃതദേഹങ്ങള്‍, ശരീരഭാഗങ്ങള്‍ എന്നിവ സംസ്‌കരിക്കുന്നതിനും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. കല്‍പ്പറ്റ നഗരസഭ, വൈത്തിരി മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലും സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
നേരത്തെ തിരിച്ചറിയാനാവാത്ത 67 മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ മന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ 8 മൃതദേഹങ്ങളാണ് സംസ്‌കരിക്കുകയെന്ന് അറിയിക്കുകയായിരുന്നു. ആകെയുള്ളവയില്‍ 27 എണ്ണം മാത്രമാണ് മൃതദേഹങ്ങള്‍. ബാക്കിയെല്ലാം ശരീരഭാഗങ്ങളാണ്.
മേപ്പാടിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന കമ്മ്യൂണിറ്റി ഹാളുകളില്‍ നിന്നും പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചത്. നൂറ് കണക്കിന് ആളുകളാണ് പുത്തുമലയില്‍ ഇവരെ കാത്തിരുന്നത്. തുടര്‍ന്ന് സര്‍വ മത പ്രാര്‍ത്ഥനകള്‍ നടക്കുകയും, എട്ട് പേരെയും സംസ്‌കരിക്കുകയുമായിരുന്നു.
അതേസമയം ക്യാമ്പുകളില്‍ കഴിയുന്നവരും രാത്രി വൈകി നടന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. തിരിച്ചറിയാത്തത് കൊണ്ട് സംസ്‌കരിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ടവരാണോ എന്ന ആശങ്ക എല്ലാവരിലുമുണ്ടായിരുന്നു. സംസ്‌കാരത്തിന് എത്തിയവരുടെ മുഖത്തെല്ലാം ദു:ഖം തളം കെട്ടി നില്‍ക്കുന്നതും കാണാമായിരുന്നു.












Click it and Unblock the Notifications