വൈറ്റ് ഗാര്‍ഡ് ഭക്ഷണശാല പൂട്ടിയപ്പോള്‍ ബദല്‍ സംവിധാനമില്ല; തുറന്നടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
മുണ്ടക്കൈ: വയനാട്ടിലെ ദുരന്തമേഖലയില്‍ യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡിന്റെ ഭക്ഷണ വിതരണം അടക്കം നിര്‍ത്തലാക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിസാസ്റ്റര്‍ ടൂറിസം പോലെ ഡിസാസ്റ്റര്‍ പിആറും വേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വൈറ്റ് ഗാര്‍ഡിന്റെ കാന്റീന്‍ നിര്‍ത്തിച്ചതില്‍ രാഷ്ട്രീയമുണ്ട്.
ദുരന്തത്തിനിടയില്‍ പിആര്‍ വര്‍ക്ക് സര്‍ക്കാര്‍ അവസാനിപ്പിക്കണം. ദുരന്തഭൂമിയില്‍ നിന്ന് രാഷ്ട്രീയ നെറിക്കേട് കാണിക്കരുത്. ദുരന്തമേഖലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സന്നദ്ധ പ്രവര്‍ത്തകരെ തടയുന്നു. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കടത്തിവിടുന്നുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

വൈറ്റ് ഗാര്‍ഡിന്റെ സേവനം നിര്‍ത്തിയതിനെ കുറിച്ച് കൂടുതല്‍ പറയാനില്ല. പ്രത്യേകിച്ച് രാഷ്ട്രീയമായി ഇടപെടാനില്ല. യൂത്ത് ലീഗിന്റെ ഭക്ഷണശാലയില്‍ പോയി ഞാനും ഭക്ഷണം കഴിച്ചിട്ടുണ്ട്. വൈറ്റ് ഗാര്‍ഡിന്റെ മെസ്സ് ജനോപകാരപ്രദമായിരുന്നു. എല്ലാ പാര്‍ട്ടികളുടെയും ജനപ്രതിനിധികള്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. അതില്‍ രാഷ്ട്രീയമൊന്നുമില്ല.
നിര്‍ത്തുന്നതിന് സര്‍ക്കാരിന്റേതായ കാരണങ്ങളുണ്ട്. ഇന്ന് പലരും പരാതി പറയുന്നത് കണ്ടിരുന്നു. പോലീസുകാര്‍ ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും, സന്നദ്ധപ്രവര്‍ത്തകരും അത് തന്നെയാണ് പറയുന്നത്. വൈറ്റ് ഗാര്‍ഡിന്റെ ഭക്ഷണശാല പൂട്ടുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കണ്ടേ, അത് ഒരുക്കിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ദാഹിച്ചാല്‍ വെള്ളം പോലും കിട്ടിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
എല്ലാ ക്യാമ്പുകളിലും യൂത്ത് കോണ്‍ഗ്രസിന്റെ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം സന്നദ്ധ പ്രവര്‍ത്തകര്‍ നിലമ്പൂരിലെ ചാലിയാര്‍ പുഴയില്‍ നൂറിലധികം പ്രവര്‍ത്തകര്‍ മൃതദേഹം തിരയാനായി മുന്നിലുണ്ട്. മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുന്ന സ്ഥലത്ത് വൃത്തിയാക്കാന്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ ഉണ്ട്.
മുണ്ടക്കൈയില്‍ മറ്റുമായി തിരച്ചിലില്‍ അടക്കം യൂത്ത് കോണ്‍ഗ്രസിന്റെ നൂറിലേറെ പ്രവര്‍ത്തകര്‍ സഹകരിക്കുന്നുണ്ട്. നാല് കളക്ഷന്‍ പോയിന്റുകള്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മേപ്പാടിയില്‍ രണ്ടും കല്‍പ്പറ്റയില്‍ ഒന്നുമുണ്ട്. സംസ്ഥാനത്ത് നിന്നാകെ വരുന്ന സാധനങ്ങള്‍ നിലമ്പൂരില്‍ നിന്ന് ശേഖരിച്ച് വയനാട്ടിലെത്തിക്കുന്നുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. കെഎസ്‌യുവും ഇതോടൊപ്പമുണ്ട്. സേവാദള്‍, മഹിളാ കോണ്‍ഗ്രസ് എന്നിവരെല്ലാം സന്നദ്ധ സേവന രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായി മുപ്പത് വീടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 50 വീടുകളിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങള്‍ അടക്കം നല്‍കും. ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായങ്ങള്‍ നല്‍കും. 50 വാടക വീടുകള്‍ക്ക് വേണ്ട ക്രമീകരണങ്ങളും നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു.
അതേസമയം രാഹുല്‍ ഗാന്ധിയെ തടഞ്ഞുവെന്ന രാഷ്ട്രീയ വിവാദത്തിലേക്ക് ഒന്നും ഞങ്ങളില്ല. അതിനുള്ള സമയമല്ല ഇത്. ഞങ്ങളൊന്നും അത്തരത്തിലുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും ടി സിദ്ദീഖ് എംഎല്‍എ പറഞ്ഞു.












Click it and Unblock the Notifications