വയനാട് ഉരുൾപൊട്ടൽ; ധനസഹായം നൽകി തുടങ്ങി, വാടക വീടുകൾ ഉടൻ കൈമാറുമെന്നും മന്ത്രി കെ രാജൻ
വയനാട്: ഉരുൾപൊട്ടൽ ദുരിതത്തിൽ ബാധിക്കപ്പെട്ടവർക്കുള്ള സഹായ വിതരണം ആരംഭിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. ആദ്യഘട്ടത്തിൽ അടിയന്തര ധനസഹായമായി നിശ്ചയിച്ച 10,000 രൂപ ഇന്ന് മുതൽ നൽകി തുടങ്ങിയെന്നാണ് മന്ത്രി അറിയിച്ചത്. നേരത്തെ സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായധനത്തിന്റെ വിതരണം ആരംഭിച്ചിട്ടില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പണം ലഭ്യമാക്കി തുടങ്ങിയതായി മന്ത്രിയുടെ പ്രഖ്യാപനം.
അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് നിലവിൽ തുക നല്‍കിയെന്നും എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയെന്നതിന് കണക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ആഗസ്‌റ്റ് 20നുള്ളിൽ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നത്. അതിനുള്ളിൽ വാടക വീടുകള്‍ കൈമാറാനാണ് ശ്രമമെന്നും കെ രാജൻ പറഞ്ഞു.

നഷ്‌ടപ്പെട്ട 138 രേകള്‍ ഇതുവരെ കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിൽ ഇന്നും തിരച്ചിൽ നടന്നിരുന്നു. രണ്ട് മേഖലകളിലെ ഏഴ് സ്ഥലങ്ങളിലാണ് തിരച്ചില്‍ നടന്നത്. മലപ്പുറത്ത് നിന്ന് മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. 231 ആണ് നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണ സംഖ്യയെന്നും മന്ത്രി വ്യക്തമാക്കി.
12 ക്യാമ്പുകളാണ് നിലവില്‍ മേഖലയിൽ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 527 കുടുംബങ്ങളിൽ നിന്നായി ആകെ 1205 പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. ദുരന്ത ബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ ദുരന്തബാധിതർക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കിയിരുന്നു. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും എന്നാണ് അറിയിച്ചത്. ബന്ധു വീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കുമെങ്കിലും സർക്കാർ കെട്ടിടങ്ങളിലേക്ക് മാറുന്നവർക്ക് വാടക തുക കിട്ടില്ലെന്നാണ് വ്യവസ്ഥ.
കൂടാതെ സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും മുഴുവൻ സ്പോൺസർഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവർക്കും വാടക തുക കൈപ്പറ്റാൻ അർഹത ഉണ്ടാവില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ഭാഗിക സ്പോൺസർഷിപ്പ് കിട്ടുന്നവർക്ക് സഹായം ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
അതേസമയം. ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡിഎൻഎ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി ഇന്ന് അറിയിച്ചിരുന്നു. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ് എന്നാണ് കണ്ടെത്തിയത്. ഇത് 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications