യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിനെതിരെ മന്ത്രി, അനാവശ്യ ഇടപെടലെന്ന് പരാതിയുണ്ടെന്ന് റിയാസ്
കോഴിക്കോട്: മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പിയ യൂത്ത് ലീഗിന്റെ വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചതിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. പോലീസിന്റേത് അനാവശ്യ ഇടപെടലാണെന്ന് മന്ത്രി പറഞ്ഞു. നടപടി പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പരാതി ഉയര്‍ന്നിട്ടുണ്ട്.
പോലീസിന്റെ ഈ സമീപനം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അവരാണ് ഇനി പരിശോധിക്കേണ്ടതെന്നും മന്ത്രി പഞ്ഞു. അങ്ങനെ ഒരു സമീപനം ശരിയല്ല. സംഘാടകരമായി സംസാരിച്ചപ്പോള്‍ പോലീസിന്റെ പെരുമാറ്റം ശരിയായിലെന്ന അഭിപ്രായമുയര്‍ന്നിരുന്നു. ഇത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്. അത് പരിശോധിക്കപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.

യൂത്ത് ലീഗ് നേതൃത്വവുമായി ഈ വിഷയത്തില്‍ സംസാരിച്ചു. സൈനികര്‍ക്കുള്ള ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമാണ് നിബന്ധന. ബാക്കിയുള്ളവര്‍ക്ക് ഇതേ ഭക്ഷണം നല്‍കാം. ആരോ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതുവരെ ഐക്യത്തോടെ തന്നെ എല്ലാവരും മുന്നോട്ടുപോകണമെന്നും റിയാസ് പറഞ്ഞു. മേപ്പാടിയില്‍ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് നടത്തിവന്ന ഊട്ടുപുരയാണ് പൂട്ടിച്ചത്.
ഡിഐജി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമാണ് ഇത് പൂട്ടേണ്ടി വന്നതെന്ന് വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകര്‍ ആരോപിച്ചു. അതേസമയം വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകരുടെ ഭക്ഷണ വിതരണം തടഞ്ഞ ഡിഐജിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും ലഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, ഷെരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ് എന്നിവരാണ് പരാതി നല്‍കിയത്.
ഡിഐജി സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചുവെന്നാണ് വൈറ്റ് ഗാര്‍ഡ്‌സ് ആരോപിച്ചത്. ഇനി നിങ്ങളുടെ സേവനം ആവശ്യമില്ലെന്നും, നിങ്ങളുടെ ഭക്ഷണം ഇവിടെ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരു പുല്ലുമില്ല എന്ന തരത്തിലാണ് ഡിഐജി സംസാരിച്ചത്. സന്നദ്ധ സേവനത്തിന് വരുന്നവരൊക്കെ വടിയും കുത്തി നോക്കി നില്‍ക്കാനാണ് വരുന്നതെന്നും ഡിഐജി അധിക്ഷേപിച്ചെന്നും വൈറ്റ് ഗാര്‍ഡ്‌സ് ആരോപിച്ചു.
അതേസമയം സേവനം അവസാനിക്കുകയാണെന്ന് ഊട്ടുപുരയ്ക്ക് മുന്നില്‍ ഫ്‌ളെക്‌സ് വെച്ചിട്ടുണ്ട്. രക്ഷാദൗത്യം കഴിയുന്നത് വരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. നിര്‍ഭാഗ്യവശാല്‍ ഈ സേവനം അവസാനിപ്പിക്കാനും, ഇനി ഞങ്ങളുടെ ഭക്ഷണ വിതരണത്തിന്റെ ആവശ്യമില്ലെന്നും ഡിഐജി അറിയിച്ചത് പ്രകാരം സേവനം അവസാനിപ്പിക്കുകയാണെന്നും ഫ്‌ളെക്‌സില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണ് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു. ഓരോ ദിവസവും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല.
കളക്ഷന്‍ പോയിന്റില്‍ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി തന്നെ വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന് ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണമെന്നും കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications