'ദുരന്തത്തിന്റെ തലേന്ന് രാത്രി വരെ ഞങ്ങൾ അവിടെ പോയിരുന്നു, നിലവിലെ സ്ഥിതി ദയനീയം'; പി നൗഷാദ് അലി
വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ അപ്രതീക്ഷിതമായിരുന്നുവെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി പി നൗഷാദ് അലി വൺഇന്ത്യ മലയാളത്തോട്. തുടർച്ചയായി പെയ്‌ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആവുമോ എന്നതായിരുന്നു പ്രധാന ആശങ്കയെന്നും അതുമായി ബന്ധപ്പെട്ട് നാല് കുടുംബങ്ങളെ വെള്ളാരിമല സ്‌കൂളിൽ പാർപ്പിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉരുൾപൊട്ടൽ സാധ്യതകളെ കുറിച്ചുള്ള മുന്നറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ലെന്നും നൗഷാദ് അലി പറയുന്നു.
'ഉരുൾപൊട്ടൽ സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ല. യഥാർത്ഥത്തിൽ ഇവിടെ പെയ്‌ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആവുമോ എന്നതായിരുന്നു ആശങ്ക. ഇത് മുന്നിൽ കണ്ടായിരുന്നു പ്രവർത്തനങ്ങൾ. അതിന്റെ ഭാഗമായി തലേന്ന് രാത്രി വരെ ഞങ്ങൾ മേഖലയിൽ ചെന്നിരുന്നു. നാല് കുടുംബങ്ങളെ വെള്ളാരിമല സ്‌കൂളിൽ മാറ്റിപാർപ്പിക്കുകയും ചെയ്‌തു' പഞ്ചായത്ത് സെക്രട്ടറി പറയുന്നു.

ദുരന്തത്തിന്റെ വ്യാപ്‌തി പ്രതീക്ഷകൾക്കും അപ്പുറമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'മുണ്ടക്കൈ മേഖലയിൽ മാത്രം അഞ്ചൂറിലധികം കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്, കടമുറികളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെയാണ് ഇത്. അതിൽ ആൾത്താമസമുള്ള മുന്നൂറ് വീടുകൾ എങ്കിലും ഉണ്ടാവുമെന്നാണ് കരുതുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് മേഖലയിൽ ഇനി ശേഷിക്കുന്നത് അൻപതിൽ താഴെ വീടുകൾ മാത്രമാണെന്നാണ്' അദ്ദേഹം പറഞ്ഞു.
'അതിൽ എത്ര വീടുകളിൽ ആൾത്താമസം ഉണ്ടായിരുന്നു എന്ന് നമുക്ക് വ്യക്തതയില്ല. കാരണം ചിലരൊക്കെ മാറി താമസിച്ചിരുന്നു. കുറഞ്ഞത് നൂറ് വീടുകളിൽ എങ്കിലും ആളുകൾ കഴിഞ്ഞിരുന്നു എന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ മുന്നൂറിൽ അധികം പേരെയെങ്കിലും ദുരന്തം നേരിട്ട് ബാധിച്ചിരിക്കണം. അതുകൊണ്ട് തന്നെ മരണ സംഖ്യ ഉയരാനാണ് സാധ്യത' പി നൗഷാദ് അലി ചൂണ്ടിക്കാട്ടി.
'ഒൻപത് പേരുള്ള ഒരു കുടുംബത്തിലെ ഒരാളെ മാത്രമാണ് കിട്ടിയത്. ശേഷിക്കുന്നവർ എവിടെ ആണെന്നതിൽ യാതൊരു അറിവുമില്ല. ആദ്യഘട്ടത്തിൽ മേൽഭാഗം മാത്രമാണ് തിരച്ചിൽ നടത്തിയത്. ഇപ്പോഴും പലയിടത്തും ഒരാൾ പൊക്കത്തിൽ ചെളി നിറഞ്ഞ അവസ്ഥയാണ്. അതിനിടയിലും മനുഷ്യർ പെട്ടിട്ടുണ്ടാകാം. ഈ പറഞ്ഞ കണക്കുകൾ മുണ്ടക്കൈയിലെ മാത്രമാണ്. ചൂരൽമല, അട്ടമല വാർഡുകളെയും ദുരന്തം ഭാഗികമായി ബാധിച്ചിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.
'ശരിക്കും ഇത് നമ്മളുടെ മാത്രം വിഷയമല്ല. കാലാവസ്ഥാ വ്യതിയാനമാണ് മനസിലാക്കേണ്ട പ്രധാനപ്പെട്ടൊരു കാര്യം. സെക്രട്ടറി എന്ന നിലയിൽ നടത്തിയ പഠനത്തിൽ മനസിലാക്കിയ ചില കാര്യങ്ങളുണ്ട്. അപകടത്തിന്റെ തലേന്ന് ഒക്കെ കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ മഴ പെയ്‌ത മേഖലകളിൽ ഒന്നായിരുന്നു മേപ്പാടി. സാധാരണ ഒരു ദിവസം കൊണ്ട് പെയ്യുന്ന മഴയാണ് പിറ്റേന്ന് വെറും പന്ത്രണ്ട് മണിക്കൂറുകൾ കൊണ്ട് പെയ്‌തത്' പി നൗഷാദ് അലി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications