വയനാട്ടിൽ നിന്നുള്ള വീഡിയോ; വിവാദ ക്യാപ്‌ഷനെതിരായ വിമർശനത്തിൽ മറുപടിയുമായി ശശി തരൂർ
തിരുവനന്തപുരം: പ്രമുഖ കോൺഗ്രസ് നേതാവും എംപിമായുമായ ശശി തരൂർ പങ്കുവച്ച വയനാട്ടിൽ നിന്നുള്ള വീഡിയോ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്ത്. കഴിഞ്ഞ ദിവസം ശശി തരൂർ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ആയിരുന്നു വിവാദത്തിന് ഇടയാക്കിയത്. ഇതിന്റെ ക്യാപ്‌ഷനിൽ അദ്ദേഹം കുറിച്ച വരികൾ ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന്റേയും ദുരിതാശ്വാസ സാമഗ്രികള്‍ ഇറക്കുന്നതിന്റേയും ദൃശ്യങ്ങളായിരുന്നു തരൂര്‍ എക്‌സിൽ പങ്കുവച്ചത്. 'മറക്കാനാവാത്ത ചില ഓര്‍മ്മകളുടെ ദിനം' എന്നാണ് തരൂര്‍ തന്റെ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയത്. ഈ അടിക്കുറിപ്പാണ് വലിയ വിവാദമായി മാറിയത്.

എന്നാൽ വൈകാതെ കോൺഗ്രസ് നേതാവ് തന്നെ ഇതിൽ വിശദീകരണവുമായി രംഗത്ത് വന്നു. ഓർമ്മിക്കാൻ ആഗ്രഹിക്കുന്ന എന്ന അർത്ഥത്തിൽ അല്ല താൻ അത് ഉപയോഗിച്ചതെന്നും ഒരിക്കലും മറക്കാനാവാത്ത ഒന്ന് എന്ന നിലയിൽ ആണെന്നും ശശി തരൂർ വിശദീകരിച്ചു. ട്വീറ്റിൽ പങ്കുവച്ച വീഡിയോ പാട്ട് കൂടി ഉൾപ്പെടുത്തിയായിരുന്നു വന്നത്.
ഒരു വാനില്‍ നിന്ന് നിന്ന് ദുരിതാശ്വാസ സാമഗ്രികൾ ഇറക്കുന്നതിന്റെയും ക്യാമ്പുകളിലും മണ്ണിടിച്ചിൽ ബാധിത പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തുന്നതിന്റേയും ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ടായിരുന്നു. ഒപ്പം കൽപറ്റ എംഎൽഎ ടി സിദ്ദിഖ് ഉൾപ്പെടെയുള്ളവരും ഇതിൽ ഉൾപ്പെട്ടിരുന്നു. തരൂർ ക്യാമ്പുകളിൽ എത്തി ദുരിതം ബന്ധിക്കപ്പെട്ട ആളുകളോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
എന്നാൽ ഈ വീഡിയോ പുറത്തുവന്നതിന് പിന്നെ വ്യാപകമായ വിമർശനമാണ് ബിജെപി ദേശീയ നേതാക്കൾ ഉൾപ്പെടെ നടത്തിയത്. ബിജെപി നേതാവ് അമിത് മാളവ്യ തരൂരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ശശി തരൂരിന് മരണങ്ങളും ദുരന്തങ്ങളും മറക്കാനാവാത്ത ഓര്‍മ്മകള്‍ മാത്രമാണെന്നായിരുന്നു അമിത് മാളവ്യ പ്രതികരിച്ചത്.
കൂടാതെ എക്‌സിൽ നിരവധി ഉപയോക്താക്കൾ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്യുകയുണ്ടായി. അദ്ദേഹത്തെ "എലൈറ്റ് എംപി" എന്നായിരുന്നു ചിലർ വിശേഷിപ്പിച്ചത്. കൂടാതെ ദുരന്തബാധിത മേഖലയായ വയനാട്ടിലേക്ക് "അവിസ്‌മരണീയമായ ഒരു ദിവസം" ആഘോഷിക്കാൻ അദ്ദേഹം പോയെന്നും അവർ ആരോപിച്ചിരുന്നു.
അതിനിടെ വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശശി തരൂർ എംപി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകിയിരുന്നു. അതിതീവ്ര പ്രകൃതി ദുരന്തമായി ഇതിനെ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ദുരിതത്തിൽ തുടരുന്ന ദുരന്തബാധിത പ്രദേശത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications