മുണ്ടക്കൈ ഉരുൾപൊട്ടൽ; പുഴയിൽ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്‌ധരുടെ സഹായം തേടി പോലീസ്
വയനാട്: മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ പുഴകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഇതിന്റെ ഭാഗമായി മുങ്ങൽ വിദഗ്‌ധരുടെ സഹായം അഭ്യർത്ഥിച്ചു പോലീസ് രംഗത്ത് വന്നു. മുണ്ടക്കൈ ഉരുൾപൊട്ടലിൽപെട്ട് ഇരവഴിഞ്ഞി പുഴ, ചാലിയാർ എന്നിവിടങ്ങളിൽ ആരെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനാണ് മുങ്ങൽ വിദഗ്‌ധരുടെ സഹായം തേടിയത്.
വരുന്ന രണ്ട് ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്‌റ്റേഷൻ പരിധികളിൽ പുഴയിൽ പോലീസ് തിരച്ചിൽ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായാണ് കൂടുതൽ മുങ്ങൽ വിദഗ്‌ധരുടെ സഹായം തേടി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. ഈ ദൗത്യത്തിന് തയ്യാറുള്ളവർ മേൽപ്പറഞ്ഞ പോലീസ് സ്‌റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുകയോ താമരശ്ശേരി ഡിവൈഎസ്‌പി പി പ്രമോദുമായി ഫോണിൽ (നമ്പർ - 9497990122) ബന്ധപ്പെടുകയോ ചെയ്യണം.

ഇത്തരത്തിൽ എത്തുന്നവർക്ക് ആവശ്യമായ സഹായങ്ങൾ പോലീസ് നൽകും. അതിനിടെ ചാലിയാറിലെ മൃതദേഹങ്ങൾ കണ്ടെത്താൻ എളമരം കടവിൽ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. വാഴക്കാട് പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് മേഖലയിൽ തിരച്ചിൽ പുരോഗമിക്കുന്നത്. അതിന് സമാനമായി മറ്റ് മേഖലകളിലും തിരച്ചിൽ നടത്താനാണ് തീരുമാനം.
അതേസമയം, ചാലിയാറില്‍ നിന്നും ഇതുവരെ 173 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വിപുലമായ രീതിയിലെ പരിശോധനകൾക്ക് പോലീസ് ഒരുങ്ങുന്നത്. കനത്ത മഴവെള്ളപാച്ചിലിന്റെ ഫലമായാണ് മുണ്ടക്കൈ മേഖലയിൽ അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകളോളം ഒലിച്ചുപോയി ദൂരെ നിന്നും കണ്ടെത്തുന്ന സാഹചര്യം ഉണ്ടായത്.
അതിനിടെ ദുരന്തത്തിൽ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്‌മശാനങ്ങളില്‍ സംസ്‌കരിക്കാനാണ് തീരുമാനം. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് ഇതിനായി സൗകര്യം ഒരുക്കിയത്.
തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കും. ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ദുരന്തത്തിൽ മുന്നൂറിലധികം പേരാണ് മരണപ്പെട്ടത്.
ദുരന്തമുണ്ടായി നാലാമത്തെ ദിവസമായ ഇന്ന് 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. പരിക്കേറ്റ 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഔദ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്.












Click it and Unblock the Notifications